2011, ഫെബ്രുവരി 9, ബുധനാഴ്‌ച

കേസ് അട്ടിമറിച്ചതിന് പിന്നില്‍ യു.ഡി.എഫ് നേതാവുമെന്ന് മൊഴി
ഒളികാമറ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി

മലപ്പുറം: കോതമംഗലം പെണ്‍വാണിഭ കേസ് ഒതുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു പ്രമുഖ യു.ഡി.എഫ് നേതാവാണെന്ന ഒളികാമറ വെളിപ്പെടുത്തലുകളടങ്ങുന്ന ഇന്ത്യാ വിഷന്‍ രേഖകള്‍, പ്രത്യേക അന്വേഷണ സംഘം തലവന്‍ എ.ഡി.ജി.പി വിന്‍സന്റ് എം. പോളിനും അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും കൈമാറി. ഫെബ്രുവരി നഅാലിന് ഈ രേഖകള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ത്യവിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി ബഷീര്‍, ന്യൂസ് എഡിറ്റര്‍ ആര്‍. ശ്രീജിത് എന്നിവര്‍ കൈമാറിയിരുന്നു. ഈ രേഖകളുടെ കോപ്പികള്‍ ഐസ്ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും അഭ്യന്തര മന്ത്രി ക്കും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കൈമാറിയത്.
ഇന്ത്യവിഷന്‍ നേരത്തെ സംപ്രേഷണം ചെയ്ത കെ.സി പീറ്ററുടെ വെളിപ്പെടുത്തലുകളടക്കം മൊത്തം 12 പേരുടെ മൊഴികളുടെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന മൂന്ന് സീഡികളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇരകളായ പെണ്‍കുട്ടികളുടെ മൊഴിമാറ്റിയതെങ്ങിനെയെന്നും, ജഡ്ജിമാര്‍ക്ക് പണം കൈമാറിയതെങ്ങിനെ എന്നും വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങ്ങുകളും ഇതിലുണ്ട്. കേസൊതുക്കുവാന്‍ ചിലര്‍ ഒരുപെണ്‍കുട്ടിയെ മതംമാറ്റിയതും ഗള്‍ഫിലേക്കയച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍, എം.കെ ബീരാന്റെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിംഗ്, അഡ്വ.ജനറലായിരുന്ന എം.കെ ദാമോദരനെ കുറിച്ച്ലുള്ള പരാമര്‍ശങ്ങളടങ്ങിയ വീഡിയൊ, തുടങ്ങിയവയും ഈ രേഖകളിലുണ്ട്. കോതമംഗലം പെണ്‍വാണിഭ കേസില്‍ പെട്ട ഒരു പെണ്‍കുട്ടിയുടെ മൊഴിമാറ്റാന്‍ എല്ലാവിധ സഹായവും ചെയ്ത മറ്റൊരു യു.ഡി.എഫ് നേതാവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങുന്ന ഏറെ വിവാദമാകാനിടയിുള്ള ഒളികാമറ റിപ്പോര്‍ട്ടുകളും ഇതിലുണ്ട്. മുസ്ലിം ലീഗ് നേതാവ് പുരോഹിതന്റെ മുമ്പില്‍ ബൈബിള്‍ തൊട്ട് സത്യം ചെയ്തതായ വെളിപ്പെടുത്തലും ഇതില്‍പെടും. കേസുമായി ബന്ധപ്പെട്ട നാല് വിധികള്‍ കൊച്ചിയിലെ ഒരു പ്രമുഖ ലോഡ്ജില്‍ വെച്ചാണ് തയാറാക്കിയതെന്ന വെളിപ്പെടുത്തലുകളും ഇതിലുണ്ട്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായാണ് വിവരം.