Published on Fri, 06/10/2011 - 07:36 ( 3 hours 35 min ago)
കണ്ണൂര്‍: മെഡിക്കല്‍ പി.ജി പ്രവേശ കാര്യത്തില്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായാലും അവനവന്റെ മക്കളുടെ കാര്യമേ നോക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മെഡിക്കല്‍ പി.ജി എന്‍ട്രന്‍സില്‍ 399ാം റാങ്കുകാരനായ മന്ത്രിപുത്രന്‍ ഡോ. നിഹാസ് നഹ മെറിറ്റ് ക്വോട്ട അട്ടിമറിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് പി.ജിക്ക് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'വിദ്യാഭ്യാസമന്ത്രിയായാലും ഞാന്‍ അബ്ദുറബ്ബ് തന്നെയാണ്. ഒരു പിതാവാണ്. തൃശൂര്‍ ജൂബിലിയില്‍ ഓപ്ഷന്‍ കൊടുത്താണ് മകന് സീറ്റ് വാങ്ങിയത്. തര്‍ക്കമുണ്ടെങ്കില്‍ കോടതിയോ മാനേജ്‌മെന്‍േറാ തീരുമാനിക്കട്ടെ. അതുപോലെ ചെയ്യും'-അദ്ദേഹം പറഞ്ഞു. മകന്റെ അഡ്മിഷന്‍ വഴി മെറിറ്റ് ലിസ്റ്റിലെ അര്‍ഹതപ്പെട്ടയാള്‍ക്ക് അവസരം നഷ്ടപ്പെട്ടുവോ എന്ന കാര്യം തനിക്കറിയില്ലെന്നും കോളജുകാരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായാലും എന്തായാലും അവനവന്റെ കുട്ടീടെ കാര്യമല്ലേ ആരും നോക്കൂ. ഞാനും അതേ ചെയ്തുള്ളൂ-അബ്ദുറബ്ബ് പറഞ്ഞു.
? പീഡിയാട്രിക്‌സിന് ആകെ രണ്ട് പി.ജി സീറ്റു മാത്രമുള്ള തൃശൂര്‍ ജൂബിലിയില്‍ ഒന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടതാണ്. റാങ്ക് ലിസ്റ്റില്‍ 399ാം റാങ്കുകാരനായ മകന് പ്രവേശം തരപ്പെടുത്തിയപ്പോള്‍ അര്‍ഹതപ്പെട്ട ഒരാള്‍ പുറത്തായിരിക്കുകയാണ്. = എന്റെ കുട്ടി മാത്രമല്ലല്ലോ ഇങ്ങനെ അഡ്മിഷന്‍ നേടിയത്. പത്തറുപത് പേരെങ്കിലും ഇല്ലേ? അവരൊക്കെ ഇങ്ങനെ അഡ്മിഷന്‍ എടുത്തല്ലോ. അതിന് കുഴപ്പമില്ലേ? കോടതിയോ കോളജ് മാനേജ്‌മെന്‍േറാ തീരുമാനിച്ച് ഇവരൊക്കെ പുറത്തുപോയാല്‍ എന്റെ മകനും പോകും. അത്രയേ പറയാനാകൂ.
? ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് മകളുടെ അഡ്മിഷന്‍ ഒഴിവാക്കിയല്ലോ.
= അഡ്മിഷന്‍ നേടിയ 60 പേരുടെ കാര്യത്തില്‍ തീരുമാനമാവട്ടെ. അപ്പോള്‍ മകന്റെ കാര്യവും തീരുമാനിക്കാം.
കൗണ്‍സലിങ്ങിന് ഒന്നാം റാങ്ക് നേടി നിയമാനുസൃതമായാണ് മകന്‍ പ്രവേശം നേടിയതെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മന്ത്രി പറയുന്ന കൗണ്‍സലിങ് കോളജ് മാനേജ്‌മെന്റ് നടത്തുന്നതാണെന്നും ആവശ്യപ്പെടുന്ന തലവരി നല്‍കിയാല്‍ കൗണ്‍സലിങ്ങില്‍ ആരെയും ഒന്നാം റാങ്കുകാരാക്കുന്ന 'ചൊട്ടുവിദ്യ'യുണ്ടെന്നും അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ പറയുന്നു.
അനസ്‌തേഷ്യ, ജനറല്‍മെഡിസിന്‍, പീഡിയാട്രിക്‌സ്, മൈക്രോ ബയോളജി, റേഡിയോ ഡയഗ്‌നോസിസ് എന്നീ അഞ്ച് കോഴ്‌സുകള്‍ക്ക് രണ്ടു വീതവും പാത്തോളജിക്ക് ഒരു സീറ്റുമാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലുള്ളത്.
തൃശൂര്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ഈ കോളജില്‍ കോടികള്‍ക്കാണത്രെ പാത്തോളജി ഒഴികെയുള്ള സീറ്റുകള്‍ വിറ്റഴിച്ചത്.