തിരുവനന്തപുരം: എന്‍.എസ്.എസ് മാത്രമല്ല, എസ്.എന്‍.ഡി.പിയും തങ്ങളോടൊപ്പമെന്ന് ചിത്രീകരിക്കപ്പെട്ട ഒരു മുസ്‌ലീം സംഘടനയും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ സാധാരണ മാന്യമായ നിലപാട് സ്വീകരിക്കുന്ന എന്‍.എസ്.എസ് ഇത്തവണ എല്‍.ഡി.എഫിന് എതിരെ ശക്തമായി നീങ്ങുന്നതാണ് കണ്ടത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അത് തുറന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും പിണറായി ചൂണ്ടികാട്ടി. എന്നാല്‍ എന്‍.എസ്.എസിന്റെ നിലപാട് പുറത്ത് വന്നപ്പോള്‍ അവരിത് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് വലിയ തോതില്‍ ജയിക്കുമായിരുന്നുവെന്ന് എസ്.എന്‍.ഡി.പിയുടെ ഒരു നേതാവ് പറഞ്ഞത് കുറ്റബോധം തോന്നി പറഞ്ഞതാണോന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫിന് എതിരെ പലയിടത്തും എസ്.എന്‍.ഡി.പി അവരുടെ ശേഷി ഉപയോഗിക്കാനാണ് ശ്രമിച്ചത്. എന്‍.എസ്.എസിനെ പോലെ പരസ്യമായി പറഞ്ഞില്ലെന്ന് മാത്രം. ഇതിന് മുമ്പത്തെ തെരഞ്ഞെടുപ്പിലും ഇതേ കാപട്യം എസ്.എന്‍.ഡി.പിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.
മുസ്‌ലിം ലീഗ് എല്ലാ മുസ്‌ലിം സംഘടനകളെയും ഒന്നിച്ച് അണിനിരത്താന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. എന്നാല്‍ ഏറെക്കുറെ സംഘടനകളെ ഒപ്പം അണിനിരത്താന്‍ കഴിഞ്ഞു. ലീഗിന് എതിരാണെന്ന് പറയുന്ന സംഘടനകളും അവരെ സഹായിച്ചു. എല്‍. ഡി.എഫിനെ നല്ലത്‌പോലെ സഹായിക്കുന്നുവെന്ന് ചില കൂട്ടരെ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്ത നിലപാടാണ് അവര്‍ എടുത്തത്. എളമരം കരീമിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത് മനസിലാക്കാം. ഒപ്പം ഇത്തരം ചില ശക്തികളും സഹായിച്ചു. ഹരിയാനയിലെ ഒരു പാര്‍ലമെന്റംഗം അവിടെ ക്യാമ്പ് ചെയ്ത് പരാജയപെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്- പിണറായി പറഞ്ഞു.
ജാതി സംഘടനകളുടെ വിചാരം ഇവരുടെ പിന്തുണ കൊണ്ടാണ് എല്‍.ഡി.എഫ് നിലനില്‍ക്കുന്നത് എന്നാണ്. എന്നാല്‍ എന്‍.എസ്.എസ് ആസ്ഥാനമിരിക്കുന്ന ചങ്ങനാശേരിയിലും വാശിയോടെ പ്രവര്‍ത്തിച്ച കൊട്ടാരക്കരയിലും വോട്ടര്‍മാര്‍ എല്‍.ഡി.എഫിനാണ് വോട്ട് ചെയ്തത്. ജാതി സംഘടനകള്‍ ഇത്തരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചില മുന്നണികളെ സഹായിക്കാനും ചില മുന്നണികളെ പരാജയപ്പെടുത്താനും ശ്രമിക്കുന്നത് നല്ലതാണോന്ന് പൊതുസമൂഹം ആലോചിക്കണം.
വോട്ട് വില്‍ക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ശീലം പെട്ടെന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 2474 വോട്ടാണ് കുറഞ്ഞത്. ഇവിടെ എല്‍.ഡി.എഫ് 1376 വോട്ടിനാണ് തോറ്റത്. തൃത്താലയില്‍ 4851 വോട്ടാണ് ബി.ജെ.പിക്ക് കുറഞ്ഞത്. എല്‍.ഡി.എഫ് 3797 വോട്ടുകള്‍ക്കാണ് തോറ്റത്. കഴക്കൂട്ടത്ത് 2562 വോട്ട് ബി.ജെ.പിക്ക് കുറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് 2196 വോട്ടിന് തോറ്റു. പാറശാലയില്‍ ബി.ജെ.പിക്ക് 5425 വോട്ടാണ് കുറഞ്ഞത്. എല്‍.ഡി.എഫ് വിജയിക്കുമെന്ന് കണക്ക്കൂട്ടിയ നെടുമങ്ങാടും പറവൂരും അടക്കമുള്ള ചില സീറ്റുകളിലെ പരാജയം ഗൗരവമായി പരിശോധിക്കും.
മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ഉദാരവല്‍ക്കരണ നയങ്ങള്‍ തിരിച്ച് കൊണ്ടുവരുന്നതിന് പുകമറയിടാനാണ് ധവളപത്രം ഇറക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറയുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 2100 കോടി രൂപയാണ് മിച്ചംവെച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നയങ്ങള്‍ അട്ടിമറിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ് ധവളപത്രം ഇറക്കല്‍.
തദ്ദേശ വകുപ്പിനെ മൂന്നായി വിഭജിച്ചിട്ട് മുഖ്യമന്ത്രി ഏകോപിപ്പിച്ചാല്‍ ഏകോപനമാവില്ല. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ അന്തര്‍നാടകം അരങ്ങേറി. കോടതിയില്‍ പ്രതികളായി നില്‍ക്കുന്ന മൂന്ന് പേരെ മന്ത്രിമാരാക്കിയ യു.ഡി.എഫിന് യാതൊരു ജാള്യതയുമില്ല. യു.ഡി.എഫോ കോണ്‍ഗ്രസോ അല്ല മറ്റു ചില ശക്തികള്‍ ഭരണം നടത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്. ജാതി- മത വിഭാഗങ്ങളുടെ ഫെഡറേഷനായി ഈ സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
madhyamam daily