2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വാണിമേലെ കാക്കകള്‍




  • വാണിമേലെ കാക്കകള്‍




വാണിമേലെ കാക്കകള്‍ ഉറങ്ങാറില്ല. പാതിരാവിലും അവ കാറിക്കരഞ്ഞുകൊണ്ടേയിരിക്കും.
നേരം കെട്ട നേരങ്ങളില്‍ നാട്ടിലാകെ പാറിപ്പറന്ന് ഒച്ചവെക്കുന്ന കാക്കകള്‍ പരേതാത്മാക്കളാണെന്നാണ് രാമന്‍വൈദ്യരുടെ മതം.
കാക്കയുടെ ഓരോ ചലനത്തിനും വൈദ്യര്‍ അര്‍ഥം കണ്ടെത്തിയിരുന്നു. വാലിളക്കാതെ രണ്ടോമൂന്നോ കരഞ്ഞാല്‍ വിരുന്നുകാരുടെ വരവായി. കരയുമ്പോള്‍ വാല്‍ ഏത് ദിശയിലാണോ ആ ദിശയിലെ ആദ്യത്തെ വീട്ടില്‍ വിരുന്നുകാരെത്തും. വിരുന്നുകാര്‍ അര്‍ഥവും ഐശ്വര്യവുമായി വരുമെന്നും തന്റെ പഴകിയ കഷായക്കൂട്ടുകള്‍ വില്‍പന നടക്കുമെന്നും അദ്ദേഹം കരുതി.
കാക്ക, മരക്കൊമ്പിന്റെ തൂഞ്ചാനിക്കൊമ്പിലിരുന്ന് വാലിട്ടടിച്ച് നിര്‍ത്താതെ കരഞ്ഞാല്‍ കാലന്‍ കയര്‍ എറിയും. കാക്കയുടെ കണ്ണുകള്‍ ഏത് ദിശയിലാണോ അതിനെതിര്‍വശത്തെ കുടുംബത്തിലാരെങ്കിലും മരിക്കും. തെക്കേലെ കണാരന്റെ മരണവും ഇമ്പിച്ചാലി മരക്കാന്റെ മരണവും വൈദ്യര്‍ പ്രവചിച്ചിരുന്നു.
കഷായക്കൂട്ടുകള്‍ക്ക് ചെലവില്ലാതായപ്പോള്‍ വൈദ്യര്‍ പ്രവചനങ്ങളുടെ വൈദ്യരായി. വരുന്നത് കാലനോ വിരുന്നുകാരോ എന്ന് വേര്‍തിരിച്ചു. നാട്ടുകാര്‍ക്ക് വൈദ്യരും കാക്കകളും മരണത്തിന്റെ പ്രവാചകരായി.
വൈദ്യര്‍ കാലത്തുണര്‍ന്ന് കുളിജപാദികള്‍ കഴിഞ്ഞാല്‍ സിമന്റുതിണ്ണയില്‍ നുറുക്കിയ അപ്പക്കഷണവുമായി പരേതാത്മാക്കളെ കാത്തിരിക്കും. രണ്ടോ മൂന്നോ കൈമുട്ടിയാല്‍ മതി. അവ എവിടുന്നെല്ലാമോ വിരുത്തിയ ചിറകുമായി മുറ്റത്ത് പറന്നെത്തും. ഒറ്റക്കാലിലും ഇരട്ടക്കാലിലും ചാടി നടക്കും.
വൈദ്യര്‍ അപ്പക്കഷണങ്ങള്‍ ഓരോന്നായി മുറ്റത്തേക്കെറിയുന്നു. അപ്പക്കഷണം കൊക്കിലാക്കാനുള്ള മത്സരത്തിനിടയില്‍ അവ പരസ്പരം ശണ്ഠ കൂടുകയും കൊത്തിപ്പറിക്കുകയും ചെയ്യും. കുഞ്ഞുങ്ങളോടെന്നപോലെ വൈദ്യര്‍ അപ്പോള്‍ ശാസിക്കും. ഓരോ കാക്കയേയും മരിച്ചുപോയ ബന്ധുക്കളുടെ പേരു നല്‍കിയാണ് വൈദ്യര്‍ വിളിച്ചത്.
പിന്നെപ്പിന്നെ ആര്‍ത്തിപൂണ്ട കാക്കകള്‍ മേലോട്ട് പറന്നുയരുകയും നിലത്തുവീഴുംമുമ്പെ അപ്പക്കഷണം കൊക്കിലാക്കുകയും ചെയ്യും. കാക്കപ്പടയുടെ തേര്‍വാഴ്ചയാണ് പിന്നീടവിടെ. അവ മുറ്റത്താകെ പറന്നും ചാടിയും കൂട്ടക്കരച്ചിലാകും. പരേതാത്മാക്കളുടെ അത്യാര്‍ത്തിയും അസൂയയും വൈദ്യര്‍ക്കിഷ്ടമായിരുന്നു.
അപ്പക്കഷണങ്ങള്‍ തീര്‍ന്നാല്‍ വൈദ്യര്‍ പരേതാത്മാക്കളുടെ വാലും തലയും നോക്കി നില്‍ക്കും. ഓരോന്നിന്റേയും പ്രവചനങ്ങള്‍ മനസ്സില്‍ രേഖപ്പെടുത്തി അയല്‍വീട്ടുകാരെ പേടിപ്പിക്കും.
ഇതാ വിരുന്നുകാര്‍ കിഴക്ക്ന്ന് പുറപ്പെട്ടിരിക്കുന്നു.
-തെക്കേപ്പറമ്പത്ത് കാലന്റെ കയറുവീഴും.
-അവ്വക്കറിന്റെ കുട്ടിക്ക് ദീനം വരാന്‍ പോകുന്നു.
പ്രവചനങ്ങളുടെ പൊള്ള വളയങ്ങള്‍ തീര്‍ത്ത് വൈദ്യര്‍ ഏകനായി അവയ്ക്കുള്ളില്‍ സമാധിയിരുന്നു. എങ്കിലും അയല്‍ക്കാര്‍ക്ക് വൈദ്യരേയും പ്രവചനങ്ങളേയും പേടിയായിരുന്നു.
പ്രവചനത്തെത്തുടര്‍ന്ന് അവ്വക്കറിന്റെ ഇളയകുട്ടി തൂറലുപിടിച്ച് മരിച്ചതും കുഞ്ഞിപ്പാറുവിന് അരപ്പിരിലൂസായതുമെല്ലാം അവരുടെ മനസ്സില്‍ ദൃഷ്ടാന്തങ്ങളാണ്.
ദുഃശകുനങ്ങളുടെ പ്രവാചകനായ വൈദ്യരോട് അവരെന്നും പകവെച്ചുകൂടി.
-'മരണം ആരടതായാലും മുന്‍കൂട്ടി പറയരുത്' അവ്വക്കര്‍ പറഞ്ഞു.
''വൈദ്യന് കരിനാക്കാ. കരിനാക്കന്‍ പറഞ്ഞാലൊക്കും'' കുഞ്ഞുട്ടിയമ്മ ശകാരിച്ചു.
ഒരു നാള്‍ വൈദ്യരു കൊടുത്ത അപ്പക്കഷണങ്ങള്‍ ആകെയും തിന്ന് ഒരു കാക്കസുന്ദരന്‍ വൈദ്യരുടെ വരിക്കപ്ലാവിന്റെ തൂഞ്ചാനിക്കൊമ്പത്തിരുന്ന് വാലിട്ടടിച്ച് നിര്‍ത്തലില്ലാതെ കരഞ്ഞു.
വൈദ്യര്‍ ഏറെ നേരം നോക്കിനിന്നു. കാക്കയുടെ കണ്ണുകളുടെയും വാലിന്റെയും ഗതി കാലന്റെ വരവ് സ്വന്തം വീട്ടിലേക്കു തന്നെ എന്ന് വൈദ്യരെ ബോധ്യപ്പെടുത്തി. സംശയം തീര്‍ക്കാന്‍ വൈദ്യര്‍ അവ്വക്കറെയും ദെച്ചുട്ടയെയും വിളിച്ചു കാണിച്ചു.
അവരും അതുതന്നെ പറഞ്ഞു.
- കാലന്റെ കയറ് വൈദ്യര്ടെ വീട്ടിലേക്കന്നെ. സംശല്യ.
അവ്വക്കര് കല്ലെടുത്തെറിഞ്ഞപ്പോള്‍ കാക്ക മറ്റൊരു മരത്തിന്റെ തൂഞ്ചാനക്കൊമ്പത്തിരുന്ന് വൈദ്യരുടെ വീട്ടിലേക്ക് കാലനെ വിളിച്ചുകൊണ്ടിരുന്നു.
നായക്കുരുണ പാറിയ കുട്ടിയുടെ അവസ്ഥയിലായി വൈദ്യര്‍. വൈദ്യര്‍ കുറേനേരം വീടിനു ചുറ്റും മണ്ടിനടന്നു. ഇടയ്ക്ക് തലയ്ക്കു കൈകൊടുത്ത് മണ്ണിലിരുന്നു. ഭാര്യയേയും കുട്ടികളേയും തെറിവിളിച്ചു.
കാലന്‍ കാക്കയ്ക്ക് സഹായമായി ഒരു കാക്കക്കൂട്ടം തന്നെ പറന്നുവന്നു. പരേതാത്മാക്കളൊന്നായി വൈദ്യരുടെ വീടിനുചുറ്റും പറന്ന് കാലനെ കാറിവിളിച്ചു.
കാക്കക്കൂറ്റ് അയല്‍ക്കാരുടെ തലച്ചോറില്‍ മരണവിളിയായി. വൈദ്യരോടുള്ള പക പൊട്ടിയൊലിച്ചപ്പോള്‍ വൈദ്യരുടെ വെപ്രാളം അവര്‍ക്ക് തമാശയായി. അതവര്‍ക്കൊരു ഹരമായി. സ്വന്തം വീടുകളിലൊളിഞ്ഞിരുന്ന് ചിരിക്കുകയും ശകുനം നോക്കി വൈദ്യരുടെ ദുരവസ്ഥയില്‍ ആഹ്ലാദിക്കുകയും ചെയ്തു. നഖം ഉരച്ചു ശാപത്തിന് ശക്തികൂട്ടി.
കാലന്റെ കയറേറില്‍നിന്ന് രക്ഷപ്പെട്ടോടാനുള്ള വ്യഗ്രതയായിരുന്നു വൈദ്യര്‍ക്ക്. ഭാര്യയേയും കുട്ടികളേയും തുണിമാറാന്‍പോലും അനുവദിക്കാതെ വൈദ്യര്‍ വീടുപൂട്ടിയിറങ്ങി. പിന്‍ഭാഗത്തെ മൈലാഞ്ചിവേലിചാടിക്കടന്ന്, പുതുക്കയം പുഴയും മരതാലമലയും താണ്ടി കുന്നായകുന്നുകളെല്ലാം കയറി മറിഞ്ഞ് വൈദ്യരും കുടുംബവും നെട്ടോട്ടമോടി.
വൈദ്യരുപോയിട്ടും കാക്കക്കൂറ്റ് നിലച്ചില്ല. അവ വീടിനുചുറ്റും പാറിനടന്ന് മത്സരിച്ച് നിലവിളികൂട്ടി. അതിലൊരു തടിയന്‍, കഴുത്തില്‍ വെള്ള വട്ടവും നെറ്റിയില്‍ ചാരപ്പൊട്ടുമുള്ളവന്‍, അടയ്ക്കാന്‍ മറന്നുപോയ ജാലക കമ്പിയില്‍ വന്നിരുന്ന് വൈദ്യരെ വിളിച്ചു. വൈദ്യരെ കാണാതായപ്പോള്‍ ജാലകക്കമ്പി നൂണു കടന്ന് തറവാടിന്റെ ഇരുളകങ്ങളാകെയും പരതി, എന്തോ കണ്ട് ഭയന്നിട്ടെന്നപോലെ അത് തറവാടിനുള്ളില്‍ കിടന്ന് നിലവിളി തുടര്‍ന്നു.
ഒരു ജീവനെങ്കിലുമില്ലാതെ കാലന്‍ കയറ് തിരിച്ചെടുക്കില്ല. വൈദ്യരുടെ അഭാവത്തില്‍ കുരുക്ക് സ്വന്തം കഴുത്തിലേക്കുവീഴുമോ എന്നായിരുന്നു അയല്‍ക്കാരുടെ പേടി. അവര്‍ സ്വന്തം പറമ്പുകളിലെത്തുന്ന കാക്കകളെ കല്ലെറിഞ്ഞോടിച്ചു. ചിലര്‍ കണ്ണാടിയില്‍ സൂര്യനെ വാങ്ങി കാക്കക്കണ്ണുകളിലേക്ക് വെളിച്ചമടിച്ച് അവറ്റയെ പേടിപ്പെടുത്തി.
കാക്കകള്‍ വൈദ്യരുടെ പറമ്പിലാകെ ചിതറിപ്പറന്ന് നിലവിളിച്ചു. കരഞ്ഞുതളരുമ്പോള്‍ അവ എന്തോ പരതി തറവാടിന്റെ ഇരുളകങ്ങളിലേക്ക് പറന്നിറങ്ങി.
അതികാലത്ത് അപ്പക്കഷണത്തിനാണെന്ന നിലയില്‍ മുറ്റത്ത് പറന്നെത്തി അവ വൈദ്യരെ വിളിച്ചു. വൈദ്യരെ കണ്ടതുമില്ല.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ കാക്കകള്‍ തറവാടുപേക്ഷിച്ചു. മറുകണ്ടങ്ങളില്‍ പാറിനടന്ന് അന്യരുടെ മരക്കൊമ്പുകളിലും തെങ്ങിന്‍കുരലിലും ചേക്കേറി. രാത്ര ികാലങ്ങളില്‍ അവ ഒന്നായി കാലനേയും വൈദ്യരേയും മാറിമാറി വിളിച്ചു.
അയല്‍ക്കാരുടെ രാത്രികള്‍ ഉല്‍കണ്ഠയുടെയും പരിഭ്രാന്തിയുടെയും കാളരാത്രികളായി. അവര്‍, ഏതു നിമിഷവും തങ്ങളുടെ നേര്‍ക്ക് നീണ്ടുവരുന്ന കാലന്റെ കയറിനെപ്പേടിച്ച് കണ്ണടയ്ക്കാതെ കഴിച്ചുകൂട്ടി.
കാലന്റെ കുരുക്കില്‍ ആരെങ്കിലും കഴുത്തിട്ട് കൊടുക്കാതെ രക്ഷയില്ല. മനുഷ്യന്‍ തോറ്റാലും കാലന്‍ തോല്‍ക്കില്ല.
രാത്രികാലങ്ങളില്‍ ശക്തിയുള്ള ഞെക്കുവിളക്കുകള്‍ ഞെക്കി അവര്‍ സ്വന്തം പറമ്പില്‍നിന്ന് കാക്കകളെ ആട്ടിയകറ്റി. പറന്നിരിക്കാന്‍ കൊമ്പുകളില്ലാതായതോടെ അവ കലപില മുറവിളിയായി.
നാട്ടിലാര്‍ക്കും ഉറങ്ങാന്‍ ധൈര്യം വന്നില്ല. കണ്ണടച്ചാല്‍ അവരറിയാതെ സ്വന്തം കഴുത്തില്‍ കുരുക്ക് വീഴും.
രണ്ടുനാള്‍കൂടി കഴിഞ്ഞപ്പോള്‍ രക്ഷിതാക്കളുടെ എല്ലാ ഭീഷണിയും മറന്ന് കുട്ടികള്‍ അവിടെയും ഇവിടെയും വീണുറങ്ങി. അവര്‍ ഉടനെ കുട്ടികളുടെ തലയിലൂടെ തണുത്ത വെള്ളമൊഴിച്ച് അവരെ ഉറക്കത്തില്‍നിന്നും പിടിച്ചെണീപ്പിച്ചു. ഉറക്കമില്ലാതായകുഞ്ഞുങ്ങള്‍ കാക്കകളോടൊപ്പം നിലവിളിയായി. നാട്ടിലാകെ കുഞ്ഞുങ്ങളും കാക്കകളും നിലവിളിച്ച് അവിടം ഒരു നരകമാക്കി.
കുട്ടികള്‍ പകലുറക്കമായപ്പോള്‍ രക്ഷിതാക്കള്‍ അവരെ പാഠശാലയിലേക്കോടിച്ചു. മടികാണിച്ചവരെ വള്ളിത്തണ്ടെടുത്തടിച്ചോടിച്ചു. കുഞ്ഞുങ്ങളാകട്ടെ ക്ലാസുമുറികളിലും കളിക്കളത്തിലും മരച്ചുവടുകളിലും മതിമറന്നുറങ്ങി. രാത്രിയായിട്ടും ഉണര്‍ന്ന് വീട്ടിലെത്താത്ത കുട്ടികളെത്തേടി അമ്മമാര്‍ രാത്രിയില്‍ നിലവിളിച്ചോട്ടമായി. എവിടെയെങ്കിലും വീണുറങ്ങുന്ന കുട്ടികളുടെ കഴുത്തിലേക്ക് കാലന്‍ കുരുക്കെറിയുമോ എന്നായിരുന്നു രക്ഷിതാക്കളുടെ ആധി.
തന്റെ അയല്‍ക്കാരന്‍ മരിച്ചു കിട്ടണേയെന്ന് ഓരോ രക്ഷിതാവും രാപ്പകല്‍ പ്രാര്‍ത്ഥിച്ചു.
വാണിമേലിലാകെ മരണവെപ്രാളവും നിലവിളിയുമുണ്ടായി. നാട്ടുകാര്‍ ജീവിതത്തിനും കാലനുമിടയില്‍ ശ്വാസംമുട്ടി നില്‍ക്കെ ഒരുനാള്‍ വൈദ്യര്‍ തറവാട്ടില്‍ ആഗതനായി. അയല്‍പക്കത്തെവിടെനിന്നെങ്കിലും ഒരു ജീവനും കൊത്തി കാലന്‍ പറന്നുപോയിട്ടുണ്ടാകുമെന്നായിരുന്നു വൈദ്യരുടെ നിഗമനം.
തറവാട്ടുവാതില്‍ തുറന്നകത്തു കടന്നപ്പോള്‍ വൈദ്യര്‍ വിറച്ചുപോയി. പൂജാമുറിയിലെ വിഗ്രഹം ആരോ തട്ടിമറിച്ചിട്ടിരിക്കുന്നു. ദേവചിത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു. കണ്ണാടികള്‍ പൊട്ടിച്ചിതറി വീണിരിക്കുന്നു. കണ്ണാടിക്കഷണങ്ങളില്‍ അനേകം വൈദ്യമുഖം കണ്ട് അദ്ദേഹം നടുങ്ങി.
വീണ്ടും ദുഃശകുനങ്ങളുടെ ഘോഷയാത്ര. കണ്ണാടിക്കഷണങ്ങളില്‍നിന്ന് കാക്കത്തൂവലുകള്‍ ഒന്നൊന്നായി വൈദ്യര്‍ പെറുക്കിയെടുത്തു.
ഒരാഴ്ചയിലേറെ പരേതാത്മാക്കളെ പട്ടിണിക്കിട്ടതില്‍ വൈദ്യന് പേടിയായി. അവരുടെ ശാപം തറവാട്ടില്‍ ഇടിത്തീ വീഴ്ത്തുമെന്ന് വൈദ്യര്‍ക്കറിയാമായിരുന്നു. വിശന്ന് പൊരിഞ്ഞപ്പോള്‍ അവര്‍ ചെയ്ത വേലയായിരിക്കുമിതെന്ന് വൈദ്യര്‍ക്ക് മനസ്സിലായി.
സിമന്റുതിണ്ണയില്‍ പിടയുന്ന മനസ്സുമായി വൈദ്യര്‍ വന്നിരുന്നു. അദ്ദേഹം മുതുമുത്തച്ഛന്മാരെ കൈകൊട്ടി വിളിച്ചു.
ഒന്ന്....രണ്ട്.... മൂന്ന്
ബലിവിളിയുടെ കൈകൊട്ടു ശബ്ദം ഒരിടിമുഴക്കം പോലെ അയല്‍ക്കാര്‍ ശ്രവിച്ചു. അവരത് മരണവിളിയായി ഉള്‍ക്കൊണ്ടു. മരണ വെപ്രാളത്തിനും ഉറക്കച്ചടവിനുമിടയില്‍നിന്ന് ചാടിയെണീറ്റ് അവര്‍ വീടിനു പുറത്തിറങ്ങി. നിര്‍ത്തലില്ലാതെ കൈകൊട്ടി ബലിവിളിക്കുന്ന വൈദ്യരെയാണവര്‍ കണ്ടത്.
പുറം പറമ്പുകളില്‍ ചേക്കേറാന്‍ പോയ കാക്കകള്‍ ഒന്നൊന്നായി മുറ്റത്തു പറന്നിറങ്ങി. അവ മുറ്റത്താകെ പാറി നടന്ന് ലഹളകൂട്ടി. വൈദ്യരെ അരിശത്തോടെ ചെരിഞ്ഞും മറിഞ്ഞും നോക്കി. അപ്പക്കഷ്ണങ്ങള്‍ വീഴാതായപ്പോള്‍ അവ ഒന്നായി കാറിക്കരഞ്ഞു.
പരേതാത്മാക്കള്‍ക്കു കൊടുക്കാന്‍ തന്റെ കയ്യില്‍ അപ്പക്കഷണമില്ലല്ലോ എന്ന അറിവില്‍ വൈദ്യര്‍ ശരിക്കും നടുങ്ങി.
അപ്പക്കഷണം കിട്ടാതായതോടെ കാക്കകള്‍ ബഹളമായി. അവ പറന്നും ചാടിയും മുറ്റത്ത് യുദ്ധക്കളം തീര്‍ത്തും കൂരമ്പുപോലെ വൈദ്യരുടെ തലയ്ക്കു ചുറ്റും കാറിക്കരഞ്ഞ് പറക്കാന്‍ തുടങ്ങി.
അതിലൊരു തടിയന്‍, കഴുത്തില്‍ വെള്ള വട്ടവും നെറ്റിയില്‍ ചാരപ്പൊട്ടുമുള്ളവന്‍ ഒരമ്പുപോലെ പറന്ന് വൈദ്യരുടെ നെറ്റിയില്‍ കൊത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ അന്തം വിട്ടുപോയ വൈദ്യര്‍ നിലവിളിച്ചു. നെറ്റിയില്‍നിന്ന് ചോര ഒലിച്ചിറങ്ങുന്നത് വൈദ്യരറിഞ്ഞു.
എഴുന്നേറ്റോടാന്‍ തുനിഞ്ഞപ്പോള്‍ കാലുവെക്കാനിടം ഇല്ലാതെ കാക്കകള്‍ നിലത്ത് പറന്നിരുന്ന് നിലവിളിയായി.
പിന്നെ കാക്കക്കൂറ്റുകളില്‍ നിലതെറ്റിയ വൈദ്യര്‍ക്ക് നേരെ അവ ഒന്നൊന്നായി കല്ലേറുപോലെ പറന്നു കൊത്തി. അവ കൂട്ടമായി വൈദ്യരെ ആക്രമിച്ചു. കാക്കകള്‍ തീര്‍ത്ത യുദ്ധക്കളത്തില്‍ വൈദ്യരുടെ മരണനിലവിളി മുങ്ങിപ്പോയി.
കൊടുങ്കാറ്റിന്റെ വേഗതയായിരുന്നു കാക്കകള്‍ക്ക്. കടലിരമ്പത്തിന്റെ മുഴക്കമായിരുന്നു. കല്ലേറിന്റെ ഊക്കും കയ്യൂക്കിന്റെ കരുത്തുമായിരുന്നു.
വെടിയുണ്ടയേക്കാള്‍ വേഗത്തിലും ആഴത്തിലും അവ കൊക്കുകള്‍ കൊത്തിയാഴ്ത്തി. ചോര തെറിക്കുന്ന കൊക്കുമായി അവ വൈദ്യരെ ആക്രമിച്ചുകൊണ്ടിരുന്നു.
നെറ്റിയില്‍ ചാരപ്പൊട്ടുള്ള കാക്ക കല്ലേറുപോലെവന്ന് വൈദ്യരുടെ വലംകണ്ണില്‍ കൊത്തി. മറ്റൊരുവന്‍ ഇടംകണ്ണില്‍ കൊത്തി. അവ വൈദ്യരുടെ കണ്ണുകളും കൊക്കിലാക്കി ഒരമ്പുപോലെ ആകാശത്തിലേക്ക് പറന്നു.
മറ്റ് കാക്കകള്‍ ഏതോ കുടിപ്പക തീര്‍ക്കുംപോലെ കൂട്ടമായി വൈദ്യരെ ആക്രമിച്ചു. കൊക്കിനുള്ളില്‍ ചോര നിറച്ച് അവ കാക്കക്കുളി നടത്തി. കറുത്ത മേനിയില്‍ ചോര തെറിപ്പിച്ച് അവ ഉത്സവമാടി.

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

പുള്ളിമാന്‍റെ ശലഭജന്മങ്ങള്‍



ഇരുള്‍ വിഴുങ്ങിയ മരത്തില്‍ നക്ഷത്രങ്ങളായി പാറിനടക്കുന്നത് മിന്നാമ്മിന്നികളുടെ ആണ്‍വര്‍ഗം.

പെണ്‍വര്‍ഗം ഞങ്ങളെപ്പോലെ മണ്ണിലും വേലിപ്പടര്‍പ്പിലും പുഴുക്കളായി ഇഴഞ്ഞിഴഞ്ഞ്... ഇണയെ വിളിക്കാന്‍ മിന്നിമിന്നി...

അറിയ്വോ? പെണ്ണുങ്ങള്‍ക്ക് ചിറകുമുളക്കില്ല^ പാറിപ്പറക്കാന്‍. അവക്കെന്നും പുഴുജന്മം. ആര്‍ക്കും ചവുട്ടിയരക്കാം.

കൊടുങ്കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ഗസ്റ്റ്ഹൌസിന്റെ ടെറസില്‍ നിലാവും മഞ്ഞുകാറ്റും സഹിച്ച്, തണുത്തുവിറച്ച്, അവള്‍ 'ഴ' എന്ന എന്റെ കൂട്ടുകാരി, പറഞ്ഞുകൊണ്ടിരുന്നു. (അവള്‍ക്ക് 'പ' എന്നോ 'മ' എന്നോ എന്തു പേരുമിടാം. പക്ഷേ, അവള്‍ 'ഴ'യാണ്. എന്റെ നാവിന് ഒരിക്കലും വഴങ്ങാത്തവള്‍).

വീണുകിട്ടുന്ന സൌഹൃദയാത്രകളാണ് ഞങ്ങളുടെ ജീവിതം. അതുകഴിഞ്ഞാല്‍ അവരവരുടെ ജീവിതം.

നഗരത്തിന്റെ ആര്‍ത്തിവേഗങ്ങളില്‍നിന്ന് വീണ്ടും വീണ്ടും അഭയാര്‍ഥിയെപ്പോലെ എന്റെ പലായനം. രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രം. വീണ്ടും ദിവസങ്ങളുടെ നഗരബലി.^നഗരം തരുന്ന തീരാമുറിവുകളാണ് എന്നെ വീണ്ടും വീണ്ടും ഏതെങ്കിലും കാട്ടിലേക്കോ ഗ്രാമത്തിലേക്കോ ഓടിക്കുന്നത്.

എന്റെ ഉള്ളിന്റെ നോവുകളുടെ ശരി, പക്ഷേ, 'ഴ' അംഗീകരിച്ചില്ല.

നഗരമോ പുറംലോകമോ തരുന്നതല്ല, ആത്മാവില്‍ സ്വയം ഏറ്റുവാങ്ങുന്ന മുറിവുകളാണത്. എത്ര ഓടിയാലും അതില്‍നിന്ന് രക്ഷയില്ല.

വെറുമൊരു വയല്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഇന്നും അതിനകത്തുതന്നെ ജീവിക്കുന്നവള്‍ക്ക് നഗരത്തിന്റെ മുറിവുകളേറ്റുവാങ്ങേണ്ടിവരില്ല.എന്നിട്ടും എന്നെപ്പോലെ അഭയാര്‍ഥിയായി ഇടക്കിടെ അവളും ഒളിച്ചോടുന്നു.

ഈ യാത്രയും അങ്ങനെത്തന്നെ.

ഓരോ യാത്രയും ഞങ്ങള്‍ക്ക് വീണുകിട്ടുന്ന ശലഭജന്മങ്ങള്‍.

ഞങ്ങളുടെ സൌഹൃദ നിമിഷങ്ങള്‍ മാത്രമല്ല ഭാഷയും ഇപ്പോള്‍ ശലഭമയം^ശലഭ ജീവിതം, ശലഭരാത്രി, ശലഭ പൌര്‍ണമി...

ഇതുപോലൊരു കാട്ടുരാത്രിയില്‍ 'ഴ'യാണ് ശലഭങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.

മനുഷ്യായുസ്സ് വെച്ചുനോക്കുമ്പോള്‍ ശലഭങ്ങളുടെ ജീവിതം എത്രനിസ്സാരം! പച്ചിലകളരച്ച് വെറുമൊരു പുഴുവായി ജന്മം. ഒരു നാള്‍ ബോധത്തിന്റെ വല്മീകം തീര്‍ത്ത് അത് തപസ്സു തുടങ്ങുന്നു. പിന്നെ പ്യൂപ്പ.

ആത്മാവിന്റെ പശക്കൂട് പൊട്ടിച്ച് പുറത്തുവരുന്നത് പുഴുവല്ല. ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യങ്ങളുമാവാഹിച്ച് ഒരു പൂമ്പാറ്റ. അപൂര്‍വ നിറങ്ങളില്‍ വലിയ ചിറകുകള്‍. നിറയെ കണ്ണുകള്‍.നേരിയ രണ്ട് തേന്‍കുഴലുകള്‍.

അവക്ക് പറക്കാന്‍ പൂക്കളും പൂങ്കാവനങ്ങളും. കുടിക്കാന്‍ പൂന്തേന്‍. ഭാഗ്യം ചെയ്ത ജന്മം.

മിന്നാമ്മിന്നികളെപ്പോലെ അവയെ ആണും പെണ്ണുമായി വേര്‍തിരിച്ചറിയില്ല. നിയന്ത്രണങ്ങളില്ലാതെ പാറിപ്പറക്കാം. കാണാത്ത ലോകങ്ങള്‍ കാണാം.

പറഞ്ഞ് പറഞ്ഞ് കാടുകയറുന്നതിനിടെ അവള്‍ ചോദിച്ചു:

പൂമ്പാറ്റകളുടെ ദേശാടനം നീ കണ്ടിട്ടുണ്ടോ?എനിക്ക് ആ അറിവും പുതിയൊരു ശലഭവിസ്മയം.

പക്ഷികളുടെ ദേശാടനം പക്ഷെ അറിയാം. കണ്ടിട്ടുമുണ്ട്.

പക്ഷെ , ശലഭങ്ങള്‍...

.ഒരു കുഴപ്പോണ്ട്.... ഒന്നോ രണ്ടോ ആഴ്ച മാത്രമാണ് പരമാവധി ശലഭായുസ്സ്. എന്നാലെന്താ? എത്ര ധന്യമായിരിക്കും ശലഭ ജീവിതം!

പൊതുവെ, മൌനിയായവള്‍ കാട്ടില്‍ വാചാലയാകുന്നു. വാചാലത നഗരത്തിന്റെ രീതിയാണ്. കാട്ടില്‍ എന്റെ ശരി മൌനവും.

പക്ഷേ, 'ഴ' അത് അംഗീകരിച്ചു തരില്ല.

ആത്മാവിന്റെ ഭാഷ പരസ്പരം കേള്‍ക്കാനാണ് ശലഭയാത്രകളെന്ന് അവളുടെ ന്യായം.

അവള്‍ തുടര്‍ന്നു: സൈലന്റ്വാലിയുടെ ഉള്‍ക്കാട്ടില്‍വെച്ചാണ് ഞാന്‍ ശലഭദേശാടനം കണ്ടത്. കാട്ടിനുള്ളില്‍ അധികം ഉയരമില്ലാത്ത ഒരു മരത്തിന് ചുറ്റും ആയിരക്കണക്കിന് മഞ്ഞപ്പൂമ്പാറ്റകള്‍.

വാന്‍ഗോഗ് ചിത്രങ്ങളില്‍ മഞ്ഞപോലെ.

കാട്ടുപച്ചക്കും ഇരുളിനുമിടയില്‍ തിളങ്ങുന്ന മഞ്ഞയുടെ ശലഭലോകം. ചിറകില്‍ കണ്ണുകളില്ലാത്ത മഞ്ഞപ്പൂമ്പാറ്റകള്‍.

ഞാനൊരു ശലഭമരമായിനിന്ന് അവയെല്ലാം എന്നെ പൊതിയുന്നത് സങ്കല്‍പിച്ചുനോക്കി.

പിങ്ക്സാരിയില്‍ മഞ്ഞപ്പൂമ്പാറ്റകളുടെ കാട്. തലമുടിയിലും കഴുത്തിലും കണ്ണുകളിലും...

നാളെ ഇവിടെ വന്നാല്‍ നിറയെ മഞ്ഞച്ചിറക് പെറുക്കാമെന്ന് ഗൈഡ് പറഞ്ഞു.

മരിച്ചശേഷം എന്റെ ചിറകുകള്‍ ആരെടുത്താല്‍ എനിക്കെന്താ?

കുറച്ചു നേരത്തെ ശലഭമൌനത്തിനുശേഷം 'ഴ' വീണ്ടും^

^ഞാനും നീയുമൊക്കെ ഒരു നൂറുവയസ്സുവരെ ജീവിക്കുന്നു എന്ന് കരുതുക. അതെത്ര അസഹനീയം! മടുത്തു മടുത്ത് ഛര്‍ദിക്കാനേ നേരണ്ടാവൂ. സ്വയം നിന്ദിച്ച്, സ്വയം വെറുത്ത്, അരുതായ്കകളുടെ ചിലന്തിവലയില്‍ കുടുങ്ങി...

ആത്മാവിന്റെ ഇഷ്ടങ്ങളാണ് ആര്‍ക്കും വേണ്ടാത്തത്.

പൂമ്പാറ്റകള്‍ക്ക് ശൈശവവും ബാല്യവുമില്ല. പ്യൂപ്പപൊട്ടിച്ച് പുറത്തുകടന്നാല്‍ കിട്ടുന്നത് ഒരു പൂര്‍ണ ജന്മം.

പഠിക്കാന്‍ പോകണ്ട. ജോലി നോക്കണ്ട. കല്യാണം കഴിക്കണ്ട. കുട്ടികളെ പോറ്റണ്ട. ഭാര്യയായി, അമ്മയായി, വീട്ടമ്മയും അമ്മൂമ്മയുമായി എത്ര കൊല്ലാണ് മിന്നാമ്മിന്നി പുഴുവെ പോലെ ഇഴയുക?

പത്തെഴുപതുകൊല്ലം നീളുന്ന നമ്മുടെയൊക്കെ പുഴുജീവിതത്തെക്കാള്‍ എത്ര മനോഹരമായിരിക്കും ശലഭജന്മം!

നമുക്കും ചെറിയ ചെറിയ ശലഭജന്മങ്ങള്‍ മതിയായിരുന്നു.

ഒന്നോ രണ്ടോ ദിവസം ജീവിക്കുക. പിന്നെ മരിക്കുക. പിന്നെയും പിന്നെയും ശലഭജന്മങ്ങള്‍. വീണ്ടും വീണ്ടും കാത്തിരിപ്പ്. അങ്ങനെ കുറെ ശലഭജന്മങ്ങളുടെ തുടര്‍ച്ചയായിരുന്നു ജീവിതമെങ്കില്‍!



'ഴ' തണുത്തു വിറക്കുന്നുണ്ട്. കരിമ്പടമെടുത്ത് മൂടിയിട്ടും മഞ്ഞു കാറ്റില്‍ പുളയുന്നുണ്ട്.

'ഴ' എന്നെ ചേര്‍ന്നിരുന്നു. അവള്‍ പുതച്ച കരിമ്പടം തുറന്ന് എന്നെക്കൂടി അകത്താക്കി.

ഏതു തണുപ്പിലും നിനക്കു നല്ല ചൂട്!

ഇന്ന് ശലഭപൌര്‍ണമി.

കാട്ടിലെ നിലാവെളിച്ചത്തില്‍ മാന്‍കൂട്ടം മേയുന്നതും നോക്കിയിരിപ്പാണ് ഞാന്‍. മാന്‍കൂട്ടം അടുത്തടുത്തുവരുന്നത് ബൈനോക്കുലറിലൂടെ നോക്കിയിരിപ്പാണവള്‍.

കൂട്ടത്തില്‍ തലവനായി വലിയൊരു കൊമ്പന്‍.

അതെന്നെത്തന്നെ നോക്കിനില്‍പാണെന്ന് പറഞ്ഞിട്ടും 'ഴ' ചിരിച്ചില്ല.

സത്യമായും അതെന്റെ കണ്ണുകളില്‍ തന്നെ നോക്കിനില്‍പാണ്^ കരുണയോടെ. ഇടക്കത് തലതിരിച്ച് ചുറ്റും ചെവി വട്ടംപിടിക്കും. മണം പിടിക്കും. ആപത്തൊന്നുമില്ലെന്നുറപ്പിച്ച് വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കിനില്‍ക്കും. മഞ്ഞുകാറ്റിന് പിന്നെയും ശക്തികൂടുന്നു. എന്റെ നെഞ്ഞില്‍ തലചായ്ച്ച് 'ഴ' ചാരിയിരുന്നു.

നിന്റെ ഹൃദയമെന്താ ഇങ്ങനെ പടപടാന്ന്... കുഴപ്പം വല്ലതുംണ്ടോ?

ഞാന്‍ പുള്ളിമാന്റെ കണ്ണുകളിലൂടെ എന്റെ ബാല്യത്തിന്റെ പുളപ്പുകളിലേക്ക് യാത്രതുടങ്ങിയിരുന്നു.

ഉമ്മാമ്മയോടൊപ്പം കടവത്തൂരിലേക്ക് നടന്നുപോകുമ്പോള്‍ നാദാപുരത്തങ്ങാടിയില്‍ റോഡിലൂടെ അലഞ്ഞുനടന്ന ആ വലിയ പുള്ളിമാന്‍. മരങ്ങളുടെ ഉയരത്തില്‍ കൊമ്പുകള്‍.

ഞാന്‍ കാര്യായിട്ടു ചോദിച്ചതാ... എന്നെങ്കിലും ചെക്കപ്പ് നടത്തീട്ടുണ്ടോ?

ഇല്ല.

ഒന്ന് നടത്തണം. മനുഷ്യ ഹൃദയം ഇങ്ങനെയല്ല മിടിക്കേണ്ടത്.

അത് പുതിയൊരറിവാണ്.
തമാശയാക്കണ്ട.
ചെക്കപ്പ് നടത്തി വല്ല കുഴപ്പോം കണ്ടെത്തിയാല്‍ പിന്നെ ജീവിതം എന്തിന് കൊള്ളും?
അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. നെഞ്ഞിലെ ചൂട് സഹിക്കാഞ്ഞിട്ടാവണം കരിമ്പടം എന്നെ പുതപ്പിച്ച് 'ഴ' പുറത്തുകടന്ന് മാറി ഇരുന്നു. ഞാന്‍ പുള്ളിമാന്‍ കണ്ണുകളിലൂടെ എന്റെ ഉള്ളിലേക്ക് പടവുകളിറങ്ങി. നാദാപുരത്തങ്ങാടിയില്‍ ഉമ്മാമ്മയുടെ കോന്തലയും പിടിച്ച് നടന്ന എട്ടു വയസ്സുകാരനായി ഞാന്‍.
കടയില്‍നിന്ന് വാങ്ങിയ ചെറുപഴങ്ങള്‍ നീട്ടുമ്പോള്‍ തലതാഴ്ത്തി, കൊമ്പുകള്‍കൊണ്ട് ഉമ്മാമ്മയെ തൊട്ടുരുമ്മി പുള്ളിമാന്‍ അത് ചവച്ചരച്ചു തിന്നുന്നത് ദൂരെ ഞാന്‍ നോക്കിനിന്നു. അതിന്റെ കൊമ്പില്‍ ഒന്ന് തൊടണമെന്ന് വല്യ പൂതിയുണ്ടായിരുന്നു.
നാദാപുരം പള്ളിയിലെ വിശുദ്ധനായ തങ്ങളുപ്പാപ്പയുടെ ഖബറു കാണാനാണ് പുള്ളിമാന്‍ ഒരു നാള്‍ കാടിറങ്ങിവന്നത്. പിന്നെ തിരിച്ചുപോയില്ല. അങ്ങാടിയാടിനെപ്പോലെ, നേര്‍ച്ചക്കൊറ്റനെപ്പോലെ, അതും അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞ് ജീവിച്ചു. പള്ളിക്കുള്ളിലെ പട്ടുകൊണ്ടു മൂടിയ വിശുദ്ധ ഖബറുകാണാന്‍ അതിനൊരിക്കലും ഭാഗ്യമുണ്ടായില്ല.
ആരും അതിനെ ഉപദ്രവിച്ചില്ല. സ്നേഹത്തോടെ പഴങ്ങളും പുല്ലും, കുടിക്കാന്‍ കല്‍ത്തൊട്ടിയില്‍ വെള്ളവും നല്‍കി അങ്ങാടി അതിനെ പോറ്റി.
നാടിറങ്ങിയ പുള്ളിമാന്റെ ശലഭജന്മം.
ഇന്നാണെങ്കില്‍ നാട്ടിലൊരിടത്തും ഒരു പുള്ളിമാനും അലഞ്ഞുനടക്കില്ല. പൊരിച്ച മാനിറച്ചിയുടെ മണം ആരൊക്കെ എത്രനാള്‍ സഹിച്ചിരിക്കും!
ഇപ്പോള്‍ നിലാവില്‍ മേയുന്ന മാന്‍കൂട്ടമില്ല. അവര്‍ക്ക് കാവല്‍നിന്ന് എന്റെ കണ്ണുകളിലേക്ക് കരുണയോടെ നോക്കിനിന്ന കൊമ്പനുമില്ല.
നിലാവെളിച്ചത്തില്‍ ഇരുട്ട് പടര്‍ത്തി ഒരു വലിയ മേഘക്കൂട്ടം നീങ്ങിപ്പോകുന്നു.
'ഴ'യെ ടെറസിലെങ്ങും കാണാനില്ല. മഞ്ഞുകാറ്റ് സഹിക്കാനാകാതെ മുറിയിലേക്ക് തിരിച്ചുകാണും. മേഘങ്ങളില്‍നിന്ന് വിടുതി നേടുന്ന നിലാവിനെ കാത്ത് ഞാനവിടെത്തന്നെയിരുന്നു.
ഓര്‍മയില്‍ മായാതെ, മറയാതെ പുള്ളിമാന്റെ കരുണയുള്ള കണ്ണുകള്‍.
അന്ന് ലൈലത്തുല്‍ ഖദ്ര്‍. ആയിരം രാവുകളെക്കാള്‍ പുണ്യം നിറഞ്ഞ ദിനം. ഇബ്ലീസിനെയും ജിന്നുകളെയും ചങ്ങലക്കിടുന്ന ദിവസം. നോമ്പുതുറന്ന ക്ഷീണവുമായി ഉറങ്ങുകയായിരുന്നു ഞാന്‍. ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്ത് കാന്തവിളക്കും നാട്ടുകാരും. ഒച്ചയും ബഹളവും.
ഉറക്കച്ചടവുമായി എഴുന്നേറ്റുചെന്നപ്പോള്‍ വരാന്തയിലുണ്ട് ആ വലിയ പുള്ളിമാന്‍!
അതിന്റെ വലിയ കൊമ്പുകള്‍ മോന്തായത്തില്‍ തട്ടി ഓടുകള്‍ നുറുങ്ങി വീണിരുന്നു. കൊമ്പുകള്‍ കഴുക്കോലുകള്‍ക്കിടയില്‍ കുരുങ്ങി ഇളകാനാകാതെ നില്‍പാണവന്‍.
കണ്ണുകളില്‍ കരുണക്കു പകരം പേടിയുടെ ഇരുള്.
അതിന്റെ തലയറുത്തില്ലെങ്കില്‍ മോന്തായം പൊളിഞ്ഞുവീഴുമെന്ന് ഒണക്കച്ചന്‍ ഉറപ്പുപറഞ്ഞു.
ഇബ്ലീസും ജിന്നുകളുമില്ലാത്ത രാവില്‍ ഇതേതോ പുണ്യാത്മാവെന്ന് കുഞ്ഞാലി മുസ്ലിയാര്‍.നാദാപുരത്തങ്ങാടിയില്‍ ഖബറുകാണാന്‍ വന്നവന്‍ തന്നെ ഇവനെന്ന് ഉമ്മാമ്മ.
ഒന്നും ചെയ്യാതിരുന്നാല്‍ താനേ കൊമ്പുകളൂരി ഇറങ്ങിപ്പോകുമെന്ന് കുഞ്ഞ്യേറ്റിക്കാക്ക.
ചിരുത എവിടന്നോ ഒരു പടല മൈസൂര്‍പഴവുമായി മാനിനടുത്തെത്തി. പഴം വായിലേക്കു നീട്ടിയെങ്കിലും വായ തുറക്കാനാകാത്ത വെപ്രാളത്തിലായിരുന്നു മാന്‍.
പിറ്റെന്നാള്‍ ഉണര്‍ന്നെണീറ്റുവന്ന് വീടും തൊടിയും മുഴുവന്‍ തെരഞ്ഞിട്ടും പുള്ളിമാനിനെ കണ്ടില്ല. അതിന്റെ കൊമ്പു തട്ടി വീണുടഞ്ഞ ഓടുകള്‍ മുറ്റമടിക്കുമ്പോള്‍ ഉമ്മ പെറുക്കിക്കൂട്ടിയത് കാണാനുണ്ട്. ഓടിളകിയ മോന്തായത്തിലൂടെ ആകാശക്കഷണങ്ങളും കാണാം.
ഉമ്മയോടും ഉപ്പയോടും മാറിമാറി ചോദിച്ചിട്ടും അവരൊന്നും പറഞ്ഞില്ല. എന്തുമാന്‍? ഏതു മാന്‍ എന്ന് ഇത്താത്ത.
ഇപ്പോള്‍ ടെറസിലും പുറത്തും നിലാവെളിച്ചം. മഞ്ഞുകാറ്റ് ശമിച്ചിട്ടുണ്ട്. പുകമഞ്ഞുമാത്രം കാടുകള്‍ക്ക് മേലെ...
തണുപ്പ് ഒട്ടും സഹിക്കാനാവാത്തവളാണ് 'ഴ'. തണുത്തുവിറച്ച് 'ഭ' എന്നെഴുതിയപോലെ അവള്‍ ചുരുണ്ടുകിടന്നുറങ്ങിക്കാണും.ചാരിവെച്ച വാതില്‍ തുറന്ന് മുറിയിലെത്തിയിട്ടും, പക്ഷേ, അവളെ കണ്ടില്ല. ബാത്ത്റൂമില്‍നിന്ന് ഷവറിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്.ദൈവമേ, കാലത്ത് ചൂടുവെള്ളത്തില്‍ പോലും കുളിക്കാന്‍ ധൈര്യമില്ലാത്തവള്‍ അര്‍ധരാത്രി, തണുത്തു വിറക്കുമ്പോള്‍, ഐസുവെള്ളത്തില്‍ കുളിക്കുന്നതെങ്ങനെ?
എന്താണവള്‍ക്ക് സംഭവിച്ചിരിക്കുക?
ബാത്ത്റൂമിന്റെ വാതിലില്‍ കുറേനേരം മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തള്ളിയപ്പോള്‍ വാതില്‍ വെറുതെ തുറന്നുപോയി.
സാരിയഴിക്കാതെ ഷവറില്‍നിന്ന് വീഴുന്ന ഐസ് വെള്ളത്തിന് കീഴെ അവള്‍ നില്‍ക്കുന്നു. ഇരു കൈകള്‍ കുരിശുപോലെ ചുമലുകളില്‍ ചാരി, കിടുകിടാ വിറച്ച്, കണ്ണുകളടച്ച്...
ഷവര്‍ ഓഫ് ചെയ്തപ്പോള്‍ അവള്‍ നനഞ്ഞ കണ്ണുകള്‍ തുറന്നു. എന്തോ പറയാനോങ്ങിയെങ്കിലും പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു. വലിച്ചു മുറിയിലെത്തിച്ച് തല അമര്‍ത്തി തുവര്‍ത്തിയിട്ടും മുടിയില്‍നിന്ന് ഐസ്വെള്ളം ചോര്‍ന്ന് തീരുന്നില്ല. നനഞ്ഞൊട്ടിയ സാരി മാറ്റാന്‍ പറഞ്ഞിട്ടും അവള്‍ നിന്നുവിറച്ചുകൊണ്ടിരുന്നു.
അവള്‍ ശരിക്കും മരവിച്ചു നില്‍പാണെന്നുറപ്പ്. തണുത്ത് മരവിച്ച് അവളുടെ ഹൃദയം തന്നെ നിലച്ചുപോയേക്കുമെന്ന് എനിക്കുതോന്നി. ഈ അവസ്ഥയില്‍നിന്ന് അവളെ രക്ഷിക്കാന്‍ നനഞ്ഞ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ദേഹം തുവര്‍ത്തിയാറ്റി, കരിമ്പടത്തില്‍ പൊതിഞ്ഞ് കിടക്കയില്‍ കിടത്തുകയാണ് സത്യത്തില്‍ ഞാന്‍ ചെയ്യേണ്ടത്. രാത്രിയുടെ ഈ ഏകാന്തതയില്‍ ഞാനെങ്ങനെ... ഒരന്യ സ്ത്രീയെ വിവസ്ത്രയാക്കും?
അവള്‍ ഒരു മരക്കുറ്റിപോലെ നിന്നു വിറച്ചുകൊണ്ടിരുന്നു.
ഇനിയും കാത്തുനിന്നാല്‍ മരവിച്ച് ബോധം നശിച്ച് അവള്‍ വീണുപോകും. നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ മാറ്റാതെ അതിന് മേലെ കരിമ്പടം പൊതിഞ്ഞ് ഞാനവളെ കിടക്കയില്‍ കിടത്തി. ഒരു കുഞ്ഞിനെപ്പോലെ അവളെന്നെ അനുസരിച്ചു.
 കിടക്കയില്‍ കിടന്ന് 'ഴ' വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ചില വാക്കുകള്‍ മാത്രം പുറത്തുവീണു.
ഇങ്ങനെയല്ല... ഇങ്ങനെയല്ല, മിടിക്കേണ്ടത്...
 എന്റെ കരിമ്പടം കൂടി അവള്‍ക്കുമേലെ പൊതിഞ്ഞ് വിറയല്‍ മാറുന്നതും കാത്ത് ഞാനിരുന്നു. അവള്‍ മരിച്ചതുപോലെ മരവിച്ച്, ചുണ്ടുകളിലെ വിറയല്‍പോലും നിലച്ച്, കണ്ണുകളടച്ച്....
അവള്‍ 'ഴ'. എന്റെ ആത്മമിത്രം.
ഇപ്പോള്‍ നഷ്ടപ്പെട്ട തുമ്പപ്പൂക്കള്‍ അന്വേഷിച്ച് പൊടിമണ്ണില്‍ ഇഴയുകയാവും.

Posted by മൊയ്തു വാണിമേല്‍ at 5:02 AM

7 comments:

ഉഷാകുമാരി.ജി. said...

സര്‍, ബ്ലോഗ് വായിച്ചു... എല്ലാ പോസ്റ്റുകളും നല്ല റീഡബിള്‍ ആയതു തന്നെ, ആശംസകള്‍!



February 19, 2010 8:05 PM

asmo said...

oru sarriyalistic katha.

ashmsakal.



February 20, 2010 3:01 AM

റോസാപ്പൂക്കള്‍ said...

ഈ നല്ല കഥക്ക് നന്ദി



February 20, 2010 4:26 AM

Sureshkumar Punjhayil said...

Niravum manavumulla Pulliman...!

Manoharam, Ashamsakal...!!!



February 21, 2010 1:28 AM

മുരളി I Murali Nair said...

വളരെയധികം ആസ്വദിച്ചു വായിച്ചു ഈ കഥ..

മനസ്സിനും നാവിനും പിടിതരാത്ത 'ഴ' യുടെ കൂടെ ഒരു യാത്ര..

വെല്‍ ഡണ്‍ സര്‍...



February 22, 2010 1:47 AM

kozhikkodan said...

എഴുപത് കൊല്ലം ശലഭങ്ങളെപ്പോലെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍....



February 24, 2010 2:29 AM

സലാഹ് said...

കഥയില് ഫാന്റസിയും റിയാലിറ്റിയും പിണഞ്ഞുകിടക്കുകയാണോ. നന്നായിവായിച്ചു



April 19, 2010 6:16 AM

ഭൂമിവാതുക്കലെ കുതിരകള്‍



ഭൂമിവാതുക്കല്‍ ആദ്യമായി ഒരു കുതിരയെ വാങ്ങിയത് കുഞ്ഞ്യേറ്റിഹാജി.ഗള്‍ഫ് പണത്തിന്റെ ഹുങ്ക് ഫോര്‍ഡും ടയോട്ടയും മറ്റുമായി നാട്ടിലാകെ പറന്നു നടക്കുമ്പോള്‍ അയാള്‍ മാത്രമെന്തിന് ഒരു വെള്ളക്കുതിരയുമായി പറന്നുവന്നു? എന്തിന്?
ഒരു വൈകുന്നേരമാണ് അങ്ങാടിയിലെ ആള്‍ത്തിരക്കിലേക്ക് കുഞ്ഞാമന്‍ എന്ന വെള്ളക്കുതിരപ്പുറത്ത് അയാള്‍ പറന്നുവന്നത്.കൊളപ്പറമ്പിന്റെ ഇറക്കത്തിലാണ് ഭൂമിവാതുക്കലങ്ങാടി തുടങ്ങുന്നത്. മറ്റൊരിറക്കത്തില്‍ അങ്ങാടി അവസാനിക്കുന്നു. രണ്ടിറക്കത്തിനിടയില്‍ ഇരുവശങ്ങളിലും ഞെങ്ങിഞെരുങ്ങി കടകള്‍. നടുമധ്യത്തില്‍ മീന്‍ചാപ്പ.
വലിയൊരു ഷെഡാണ് മീന്‍ ചാപ്പ. പലതരം മീനുകളുടെ ചുവന്ന നീരൊലിച്ച് നനഞ്ഞ തറയിലൂടെ വേണം നടക്കാന്‍. നിരനിരയായി വെച്ച മീന്‍കൊട്ടകളില്‍ തടിച്ച ഈച്ചകള്‍ മൂളിപ്പറക്കുന്നുണ്ടാകും. പലതരം മീനുകളുടെ പലതരം നാറ്റങ്ങള്‍ ഒന്നുചേര്‍ന്ന് ഛര്‍ദിക്കാന്‍ തോന്നുംവിധം അസഹനീയമായ ഒരുതരം നാറ്റം^ അവിടെ നിറഞ്ഞുനില്‍ക്കും. ഇത്രയും നാറ്റമുള്ള ശവങ്ങളാണ് പൊരിച്ചും മുളകിട്ടും തേങ്ങയരച്ച് കറിവെച്ചും രുചിയോടെ തിന്നുന്നതെന്ന്, തിന്നുമ്പോള്‍ ആരും ഓര്‍ക്കാറില്ല. ഓക്കാനിക്കാറുമില്ല.കുന്നും മലയും കയറി, പണികഴിഞ്ഞ് വിയര്‍ത്തൊലിച്ചുവരുന്ന ആണും പെണ്ണും നിറഞ്ഞ്, നിന്നുതിരിയാനിടമില്ലാത്ത ഒരങ്ങാടി. അങ്ങാടിയുടെ കേന്ദ്രമായി മീന്‍ ചാപ്പയും. ഇസ്തിരിയിട്ടു മീന്‍ വാങ്ങാനെത്തിയാല്‍ കുപ്പായത്തിലും മുണ്ടിലും മീന്‍കറ പറ്റാതെ രക്ഷപ്പെടുക അസാധ്യം. തറയിലാകെ ഒലിച്ചുപരന്ന നീര് ചെരിപ്പില്‍ നനവും നാറ്റവുമായി ഏറെനേരം കൂടെയുണ്ടാകും. വീട്ടിലെത്തി കിണറ്റുകരയില്‍ കഴുകിയാലും കഴുകിയാലും തീരാത്ത ഒരുതരം മീന്‍നാറ്റം.മീന്‍ചാപ്പത്തിരക്കിലേക്ക് മാപ്പിള സ്കൂളിലെ കുട്ടികളും ഹിന്ദു സ്കൂളിലെ കുട്ടികളും കൂടിവന്നു നിറയുന്നതോടെ അങ്ങാടി ജില്ലാസമ്മേളനത്തിന്റെ പരുവത്തിലാകും.
 മനുഷ്യര്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഭൂമിവാതുക്കലങ്ങാടി. അതിന്റെ ചങ്കിലേക്കാണ് കുത്തനെയുള്ള ഇറക്കമിറങ്ങി കുഞ്ഞാമന്‍ എന്ന വെള്ളക്കുതിരയും കുഞ്ഞ്യേറ്റിഹാജിയും....
അടച്ചിട്ട പീടിക വരാന്തയില്‍, ചാരുകസേരയില്‍, അര്‍ധമയക്കത്തില്‍, മൊയ്തീനാജി കുളമ്പടി കേട്ടു.സിംഹക്കൂടുകളും കരടിയും ഒട്ടകങ്ങളും കുരങ്ങന്മാരുമായി സര്‍ക്കസുകാരെത്തുമ്പോഴാണ് നാട്ടില്‍ കുളമ്പടി കേള്‍ക്കുക. മുഖത്ത് വെള്ളവട്ടം വരണ്ട് കൂര്‍മ്പന്‍ തൊപ്പിയുമായി കോമാളിമാരാകും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും എഴുന്നള്ളുക. കാപ്പിരി മുടിയുള്ള രണ്ടുപേര്‍ ചെണ്ടകൊട്ടി മുന്നില്‍ നടക്കും. അവര്‍ക്കു മുന്നില്‍ വലിയൊരു പരസ്യബോര്‍ഡും പിടിച്ച് സുന്ദരിമാര്‍ സര്‍ക്കസ് വേഷത്തിലിറങ്ങും.ആള്‍ത്തിരക്കേറിയ ഭൂമിവാതുക്കലങ്ങാടിയിലേക്ക് കൊളപ്പറമ്പിന്റെ ഇറക്കമിറങ്ങി തല ഉയര്‍ത്തിപ്പിടിച്ച ഒട്ടകവുമായി സര്‍ക്കസ് സംഘം ഇറങ്ങിവരുന്നത് ഒരു മായക്കാഴ്ചപോലെ തോന്നും.
ഘോഷയാത്ര കണ്ടവരിലാര്‍ക്കും സര്‍ക്കസ് കാണാതിരിക്കാനാവില്ല. എന്തു തിരക്കായാലും രാത്രി അവരുടെ ഉള്ളില്‍ സര്‍ക്കസ് സുന്ദരിമാര്‍ ഊഞ്ഞാലാടിത്തിമിര്‍ക്കും.സര്‍ക്കസുകാരെത്തിയാല്‍ കൊളപ്പറമ്പില്‍ സന്ധ്യയും മോന്തിയും ഉല്‍സവലഹരിയിലാകും. പ്രവേശന കവാടത്തിലെ ചെറിയ സ്റ്റേജില്‍ വൈകുന്നേരം തൊട്ട് സുന്ദരിമാരും സുന്ദരന്മാരും നൃത്തമാടും. പഴയ ഹിന്ദി, തമിഴ് സിനിമാപ്പാട്ടുകള്‍ക്ക് ഒപ്പമായിരിക്കും നൃത്തം. ടിക്കറ്റെടുക്കാന്‍ വകയില്ലാത്ത കുട്ടികള്‍ രാവിലെ മുതല്‍ അണ്ടി പെറുക്കിയും അടക്ക പെറുക്കിയും ടിക്കറ്റിനുള്ള വകയൊപ്പിക്കും. അതിനും കഴിയാത്തവര്‍ക്കുള്ളതാണ് സൌജന്യമായി കാണാവുന്ന റിക്കാര്‍ഡ് ഡാന്‍സ്.
ഇത് ആ സര്‍ക്കസ് കാലമല്ല. മൊയ്തീനാജി ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല. വെള്ളിയോട്ടെ തങ്ങളും പരിവാരങ്ങളും ഏഴു കുതിരകളുമായി സവാരിക്കിറങ്ങുന്നത് പാതിരാക്കുശേഷം. അവ പുറകോട്ടാണ് പായുക. പറഞ്ഞുകേട്ടതല്ലാതെ അവയെ ആരും കണ്ടിട്ടില്ല. കണ്ടവരാരും ജീവിച്ചിരുന്നിട്ടുമില്ല.
പിന്നെ ഇതെവിടന്ന്? അങ്ങാടിയുടെ കുപ്പിക്കഴുത്തുപോലുള്ള ചങ്കിലേക്ക് ഒരു കുതിരക്കുളമ്പടി!മീഞ്ചാപ്പക്കു മുന്നില്‍ കുഞ്ഞ്യേറ്റിഹാജി കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി. അതൃപ്പം കാണാന്‍ ആളുകള്‍ ഓടിക്കൂടി. കൊളപ്പറമ്പിന്റെ ഇറക്കമിറങ്ങി കുട്ടികള്‍ നിരനിരയായി ഓടിവന്നു. അങ്ങാടിക്കു നടുവിലെ ആള്‍ത്തിരക്കിനു പിറകില്‍ വിലങ്ങാട് ബസ് ഏറെ നേരം ഹോണടിച്ചിട്ടും ആളുകള്‍ മാറിയില്ല. കുതിര തല ഉയര്‍ത്തി സുജാത ബസിനെ നോക്കി. ബോര്‍ഡ് വായിച്ചെടുത്തു. കണ്ണൂര്‍-തലശേãരി-നാദാപുരം-വിലങ്ങാട്.
ചിലര്‍ കുതിരയെ തൊട്ടു. ചിലര്‍ തൊട്ടുഴിഞ്ഞു. കഴുത്തിലെ കുടമണി കിലുക്കിക്കളിച്ചു. തിക്കിത്തിരക്കിനിടയില്‍ ആരോ കുതിരവാലിലെ രോമം പിടിച്ചുവലിച്ചിരിക്കണം. ഒരമറലും കുടയലും. കുഞ്ഞാമന്റെ പിന്‍കാല്‍ തൊഴിയേറ്റ് രണ്ടു പേര്‍ മലര്‍ന്നു. ആളുകള്‍ ചിതറിയോടി.കുട്ടികള്‍ നിലവിളിച്ചു. ഓടുന്നതിനിടയില്‍ ചിലര്‍ തടഞ്ഞുവീണു.മീന്‍ചാപ്പയില്‍നിന്ന് ജാതിച്ചപ്പില്‍ പൊതിഞ്ഞ അയക്കൂറയുമായി കുഞ്ഞ്യേറ്റിഹാജി റോഡിലിറങ്ങുമ്പോള്‍ മുട്ടുപൊട്ടി ചോരയൊലിച്ച് കുഞ്ഞിക്കണാരന്‍ പിടയ്ക്കുന്നു.ആരോ പറഞ്ഞു^
 ''ഓനെ കുതിര ചബ്ട്ടി''.
ഹാജിയാര്‍ കുതിരപ്പുറത്തു തൂക്കിയ ചാക്കുകീശയില്‍ അയക്കൂറ നിക്ഷേപിച്ച് കുഞ്ഞിക്കണാരനെ വാരിയെടുത്ത് കുതിരപ്പുറത്ത് കിടത്തി. കുതിരപ്പുറത്തു ചാടിക്കയറി. മുന്നിലുള്ളവര്‍ പേടിച്ച് പിറകോട്ടു മാറിയപ്പോള്‍ തുറന്നുവന്ന വഴിയിലൂടെ കുതിരയും കുഞ്ഞിക്കണാരനും ഹാജിയാരും പറന്നു. പിറകെ കുട്ടികളും
.കുഞ്ഞ്യേറ്റിഹാജി എപ്പോഴും ഇങ്ങനെയാണ്. എല്ലാരും ചിന്തിക്കുന്നതിനുമപ്പുറത്താകും ഹാജിയാരുടെ ചിന്ത. ആരും വിചാരിക്കാത്തതാകും ചെയ്യുക.എല്ലാരും രണ്ടു കണ്ണാലെ കാണുമ്പോള്‍ ഹാജിയാര്‍ മൂന്നു കണ്ണാലെ കാണുന്നു. മൂന്നാമത്തെ കണ്ണെവിടെയെന്ന് ആര്‍ക്കുമറിയില്ല. ഹാജിയാര്‍ ഉറങ്ങുമ്പോള്‍ രഹസ്യമായി പലരും പിറകിലെ മുടി പതുക്കെ നീക്കി മൂന്നാംകണ്ണു തിരയും. പുരികംപോലും കാണുകയുമില്ല. ഹാജിയാരുറങ്ങുമ്പോള്‍ മൂന്നാംകണ്ണും ഉറക്കത്തിലാകും. അതാണ് കാണാത്തത്. ഉണര്‍ന്നിരിക്കുന്ന ഹാജിയാരുടെ തല പരതാന്‍ അവരാരും ധൈര്യപ്പെട്ടില്ല. ആരും കാണാത്ത ഒരു കണ്ണ് ഹാജിയാര്‍ക്കുണ്ടെന്ന് എങ്കിലും അവര്‍ വിശ്വസിച്ചു.
വിസക്കും പാസ്പോര്‍ട്ടിനുമായി നാട്ടുകാര്‍ ഓടിനടക്കുമ്പോള്‍ കുഞ്ഞ്യേറ്റിഹാജി പരിഹസിച്ചു:
''^അറബീന്റടുക്കളപ്പണിക്ക് ഇന്നെക്കിട്ടൂല്ല''.
എല്ലാവരും ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ഹാജിയാര്‍ അങ്ങാടിയിലെ പീടികമുറികള്‍ പൊളിച്ചുമാറ്റി മരക്കച്ചവടം തുടങ്ങി. ഈര്‍ച്ചയും ചിപ്പിയിടലും വെട്ടലും മുറിക്കലും. ദിവസങ്ങള്‍ക്കകം കൊല്ലത്തുകാരായ ആശാരിമാരെത്തി. തെങ്ങിന്‍ തടിയില്‍ നിന്ന് സുന്ദരമായ കസേരയും മേശയും മാത്രമല്ല, വാതില്‍പാളിയുമുണ്ടാക്കാമെന്ന് നാട്ടുകാരറിഞ്ഞു.നാട്ടുമൂപ്പന്മാരെല്ലാം പെണ്‍മക്കളെ കെട്ടിക്കാന്‍ ഗള്‍ഫുപണക്കാരെ തിരഞ്ഞു വിയര്‍ക്കുമ്പോള്‍ ഹാജിയാര്‍ ഏകമകള്‍ക്ക് കണ്ടെത്തിയത് ഒരു എല്‍.പി സ്കൂള്‍ മാഷിനെ.ആളുകള്‍ മൂക്കത്തു വിരല്‍വെച്ചു. മൊയ്തീനാജി ചാരുകസേരയിലെ മയക്കം ഞെട്ടി അനുയായികളോട് പറഞ്ഞു:'
'കുഞ്ഞ്യേറ്റ്യാജീന്റെ മോള്‍ടെ കെട്ട്യോന്‍ ആരാ?... അല്ല.... ആരാ....?''
ആരും മറുപടി പറയാതായപ്പോള്‍ മൊയ്തീനാജിതന്നെ മറുപടിയും പറഞ്ഞു:
''^പൂസ്ലാന്റെ മോന്‍!''
അനുയായികള്‍ മൂക്കത്തു വിരല്‍വെച്ചു. മൊയ്തീനാജി വായ നിറയെ ചിരിച്ചു^ ചിരട്ടകള്‍ കൂട്ടിയുരയ്ക്കുന്ന ശബ്ദത്തില്‍.
മതം മാറിവന്ന ഏതോ തിയ്യന്റെ മോനാണ് പുതിയാപ്ല എന്നത് പുതിയ അറിവാണ്. അയ്യാള്‍ക്കെന്താ? പണമില്ലേ.... തറവാടില്ലേ..... എന്നിട്ടും ഒരു പുസ്ലാന്‍കുട്ടി.....ഇതറിഞ്ഞ് കുഞ്ഞ്യേറ്റിഹാജി പരസ്യമായി വെല്ലുവിളിച്ചു
^''മൊയ്തീനാജിന്റെ മോളെ കെട്ട്യോനെന്താ പണി? അറബിക്കുട്ട്യോള്‍ടെ തീട്ടം കോരല്!''
ഫോറിന്‍ കാറുമായി വന്ന ഇസ്മാലൂട്ടിയും കുഞ്ഞിക്കാദറും ബാവഹാജിയുമെല്ലാം കുഞ്ഞ്യേറ്റിഹാജിക്കു മുന്നില്‍ നെയ്യുറുമ്പിനോളം ചെറുതായി.
അങ്ങാടിയില്‍ നിറുത്തിയിട്ട മായിനാജിയുടെ ഷെവര്‍ലെ കാറിന്റെ കറുത്ത ചില്ലില്‍ പുഴു തിന്നു തീര്‍ത്ത പല്ലിന്റെ ചന്തം നോക്കി രസിക്കുകയാണ് കുട്ടികള്‍. ചായപ്പീടികയിലിരുന്നു മായിനാജി അതുകണ്ട് കോരിത്തരിച്ചു. ആരും നോക്കിപ്പോകുന്ന ചോരനിറമാണ് കാറിന്. കൂളിംഗ് ഗ്ലാസ് വെച്ച് കാറിലിരുന്ന് സ്റ്റിയറിംഗില്‍ പിടിക്കുമ്പോള്‍ ആനപ്പുറത്തിരിക്കുന്ന രാജാവിനോളം മായിനാജി പൊങ്ങും. നാട്ടുകാര്‍ അതൃപ്പത്തോടെ തന്നെയും തന്റെ ഷെവര്‍ലെയെയും നോക്കിനില്‍ക്കുന്നത് കണ്ടാല്‍ ഒന്നുകൂടി പൊങ്ങും. പൊങ്ങിപ്പൊങ്ങി സ്റ്റിയറിംഗില്‍ പിടിച്ച് കണ്ണാടിയില്‍ സ്വന്തം മുഖത്തിന്റെ ചന്തം നോക്കുമ്പോഴാണ് കുഞ്ഞ്യേറ്റിഹാജിയും കുതിരയും പറന്നുവന്നത്.
കുട്ടികള്‍ കുതിരയെ കണ്ടപ്പോള്‍ ഷെവര്‍ലെ മറന്നു. അവര്‍ കുതിരയെ നോക്കി വാപിളര്‍ന്നു. മായിനാജിക്ക് അരിശം അടക്കാനായില്ല. കാറ് തൊട്ട് അഴുക്കാക്കിയതിന് കുട്ടികളെ നോക്കി അയാള്‍ കയര്‍ത്തു:'
'^പോയിനെടാ പന്നികളേ....''
മീഞ്ചാപ്പക്കു മുന്നില്‍ കുതിരയിറങ്ങി കുഞ്ഞ്യേറ്റിഹാജി കുഞ്ഞാമന്റെ കുഞ്ചി മൂന്നു തവണ തലോടി. കുതിരച്ചന്തം നോക്കി വട്ടം കൂടിയ നാട്ടുകാരോട് പറഞ്ഞു:'
^ഓന്റോരി കാറ്! ഒരു യുദ്ധം ബരട്ടെ, ഒരുതുള്ളി പെട്രോള്‍ കിട്ടൂല്ല. അപ്പോ കാണാം, ഇബനെല്ലാം കുമ്പേം കുലുക്കി നടക്കും.''
ഏതു കാടും മലയും കയറി പറക്കുന്നവന്‍ കുതിര. മായിനാജിയും മൊയ്തീനാജിയും സ്വന്തം കാറുകളിലാണ് മരുതാല മലയിലേക്ക് പോവുക. കുന്നു കയറുംമുമ്പ് റോഡ് തീരും. പിന്നെ സ്വന്തം പറമ്പിലെത്താന്‍ കുന്ന് നടന്നുകയറി കിതയ്ക്കണം. വിയര്‍ത്തും കിതച്ചും കുന്നു കയറുമ്പോഴാകും കുഞ്ഞ്യേറ്റിഹാജിയും കുഞ്ഞാമനും പറന്നുപോവുക. അപ്പോള്‍ അസൂയയുടെയും വെറുപ്പിന്റെയും ഇരുട്ടുവന്നു മൂടി അവര്‍ അന്ധരാകും.
ഭൂമിവാതുക്കല്‍ രണ്ടാമതൊരു കുതിരയുമായി രംഗത്തിറങ്ങാന്‍ കുഞ്ഞിക്കോരനെ നിര്‍ബന്ധിച്ചത് മലകയറ്റമാണ്. പകുതി കയറും മുമ്പ് അയാള്‍ ശ്വാസംമുട്ടി ഇരുന്നുപോകും. ഭാരിച്ച തടിയും പേറി പറമ്പിലെത്താനാകാതെ എത്രയോ തവണ തിരിച്ചുപോരേണ്ടിവന്നിട്ടുണ്ട്.
മൈസൂരില്‍പോയി കുഞ്ഞിക്കോരന് ചെമ്പന്‍ കുതിരയെ വാങ്ങിക്കൊടുത്തത് ഹാജിയാര്‍. അതും രാജരക്തം. വൊടയാര്‍ രാജാവിന്റെ കുതിരകളുടെ ചെറുമക്കളുടെ മകള്‍. കുതിരക്ക് 'കുഞ്ഞുലച്മി' എന്നു പേരുവിളിച്ചതും കുഞ്ഞിക്കോരനെ കുതിരപ്പുറത്തു പറക്കാന്‍ പരിശീലിപ്പിച്ചതും ഹാജിയാര്‍.
കുഞ്ഞുലച്മി ഇണചേരാന്‍ ഇടക്കിടെ ഹാജിയാരുടെ ബംഗ്ലാവിലെത്തും. കുതിരകളുടെ ഇണചേരല്‍ കണ്ടുനില്‍ക്കുന്നതില്‍ കുഞ്ഞിക്കോരനാണ് ഏറെ ആവേശം. താന്‍ തന്നെ ഇണചേരുന്നതുപോലെയാകും അപ്പോള്‍ അയാളുടെ മുഖഭാവം. ഒരു പുതിയാപ്ലയുടെ നെഞ്ഞുരുക്കത്തോടെ കുഞ്ഞാമന്‍ ചിനച്ചുതുടങ്ങും. ഹാജിയാരും കുഞ്ഞിക്കോരനും മട്ടുപ്പാവിലിരുന്ന് കുഞ്ഞുലച്മിയുടെയും കുഞ്ഞാമന്റെയും കാമാസക്തികള്‍ കണ്ടുരസിക്കും. ബീബിയോടും മക്കളോടും വേലക്കാരോടും നേരത്തേ കിടന്നുറങ്ങിക്കോളാന്‍ കല്‍പന നല്‍കിയ ശേഷമാണ് പാതിരാക്ക് ഈ നീലക്കാഴ്ചകള്‍.
അത് പെണ്ണുങ്ങള്‍ കാണരുതെന്നാണ് നിയമം. അത് ഹറാമാണ്.
കുതിരകളുടെ ലോഹം മുറിക്കുന്ന കരച്ചിലും മണത്തുനടപ്പും കണ്ട് ഇരുവരും ഞരമ്പു വലിഞ്ഞുമുറുകി..... ജീവിതത്തിലന്നോളം കേട്ട അശ്ലീലകഥകളുടെ കെട്ടഴിക്കുന്നത് അന്നേരമാകും.
ലഹള തുടങ്ങിയതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. ആളുകള്‍ പലേടത്തും കൂട്ടംകൂടി നില്‍ക്കുന്നതല്ലാതെ പഴയ ഒഴുക്കില്ല. കുളിച്ച് കുറിതൊട്ട്, കണ്ണെഴുതി പൂചൂടി, മീന്‍ വാങ്ങാനെത്തുന്ന പെണ്ണുങ്ങളാരും അങ്ങാടിയിലെത്തിയില്ല. അവര്‍ക്കു പിറകേ കുറുകി നടന്ന് ചായപ്പീടികകളുടെ പിന്നാമ്പുറങ്ങളില്‍ നേരം പോക്കിയ വാല്യേക്കാരും എത്തിയില്ല.
ലഹള തുടങ്ങിയതിന്റെ മൂന്നാം നാള്‍ കുഞ്ഞ്യേറ്റിഹാജിയുടെ മരപ്പീടികക്ക് ആരോ പെട്രോള്‍ ഒഴിച്ച് തീകൊടുത്തു. നാട്ടുകാര്‍ പാഞ്ഞെത്തി രാവും പകലും അധ്വാനിച്ചാണ് അങ്ങാടിയിലെ മറ്റു കടകള്‍ രക്ഷിച്ചെടുത്തത്.
മട്ടുപ്പാവിലിരുന്ന് കുതിരകളുടെ കാമലീലകള്‍ കണ്ട് ആസ്വദിച്ച കുഞ്ഞ്യേറ്റിഹാജിയും കുഞ്ഞിക്കോരനും ഇന്നു ശത്രുക്കള്‍. കുഞ്ഞിക്കോരന്‍ പെട്ടെന്നാണ് എതിര്‍ സൈന്യത്തിന്റെ കമാന്ററായത്. സജീവനെ കൊന്നതിന് ഇബ്രാഹിമിനെ കൊന്ന് അവര്‍ പകരംവീട്ടി. ഇപ്പോള്‍ സമാസമം.
ലഹളക്കാലം പാപങ്ങളുടെയും പകയുടേതുമാണ്. അതിന് സാമാന്യയുക്തികളോ നീതികളോ ഇല്ല. മൂന്നു കണ്ണാലെ ലോകത്തെ കണ്ട കുഞ്ഞ്യേറ്റിഹാജി ഇന്നു വെറും ഒറ്റക്കണ്ണന്‍.
പൊലീസുകാര്‍ നോക്കിനില്‍ക്കെ എവിടുന്നെല്ലാമോ ബോംബുകള്‍ വന്നുവീഴുന്നു. പൊട്ടിത്തെറിക്കുന്നു. പൊലീസുകാര്‍ ജീവന്‍ ലാത്തിയില്‍ തൂക്കി ഓടിരക്ഷപ്പെടുന്നു.
കുഞ്ഞിക്കോരന്‍ മലയോരത്താണ് തമ്പടിച്ചത്. ഹാജിയാരുടെ തോട്ടത്തില്‍ ഒറ്റത്തെങ്ങിനും തല ബാക്കിവെച്ചില്ല. വാഴകള്‍ വെട്ടിനുറുക്കി അവര്‍ രാത്രികാലങ്ങളില്‍ തീകാഞ്ഞു.
വൃശ്ചികത്തിലെ തണുത്ത കാറ്റിലും ഹാജിയാര്‍ വിയര്‍ത്തു. ദൂരെ എവിടുന്നോ കേട്ട സ്ഫോടനം ഉള്‍ക്കിടലമുണ്ടാക്കി. നിലാവത്തിറങ്ങിയ കുറുക്കന്മാര്‍ നിറുത്താതെ ഓരിയിട്ടുകൊണ്ടിരുന്നു. ദൂരെ എവിടെയോ ഒരു പട്ടി ദീനമായി നീട്ടിക്കരയുന്നു.
 തന്റെ സൈനികരെല്ലാം സായുധരായി നിലയുറപ്പിച്ചിരിക്കുകയാണ്. ഓരോ വീടിനും അവരുടെ അദൃശ്യമായ കാവലുണ്ട്. എങ്കിലും സ്വന്തം വീടിന് ഇന്ന് ഒരാളും കാവലില്ലെന്ന സത്യം അയാളെ നടുക്കി. അരയില്‍ തിരുകിയ കൈത്തോക്ക് അവിടെത്തന്നെയുണ്ടെന്ന് ഇടക്കിടെ ഉറപ്പുവരുത്തി.
ശത്രുവിനെ ആദ്യം വെടിവെക്കുന്നവനാണ് ജേതാവ്. അല്ലെങ്കില്‍ അവന്‍ തന്നെ കൊല്ലും.
കാര്‍ഷെഡില്‍ തന്റെ ഇണയുടെ ചൂരിനായി കുഞ്ഞാമന്‍ ദിവസങ്ങളായി ചിനയ്ക്കുന്നു. അതിന്റെ അമറലും അനുസരണക്കേടും കാലിട്ടടിയുമെല്ലാം അറിയുന്നുണ്ട്. ഈ ലഹളക്കാലത്ത് പക്ഷെ, എന്തുചെയ്യാന്‍? ലഹള ഒടുങ്ങിയാല്‍ മൈസൂരില്‍ പോയി കുഞ്ഞുലച്മിയേക്കാള്‍ മൊഞ്ചുള്ള ഒരുത്തിയെ കാഴ്ചവെക്കാമെന്ന് പലതവണ പറഞ്ഞെങ്കിലും കുഞ്ഞാമനത് തലയില്‍ കേറിയ മട്ടില്ല. കുഞ്ഞാമന്‍ നിലാവുള്ള ആ രാത്രിയില്‍ ഏറെനേരം ചിനച്ചു. ലോഹം കീറുന്ന ഒച്ചയില്‍ കരഞ്ഞു. കാര്‍ഷെഡിന്റെ വാതില്‍ കരകരാ ഞെരങ്ങുന്നത് കേട്ട് ഹാജിയാര്‍ പാഞ്ഞെണീറ്റു. ഗ്രില്‍സിനെ മറച്ച തൂക്കുവിരിയുടെ മറവില്‍ പതുങ്ങിനോക്കുമ്പോള്‍ കുഞ്ഞാമനതാ തല ഉയര്‍ത്തി ഗേറ്റിലേക്കു നടന്നുപോകുന്നു. ഗേറ്റ് അടച്ചുപൂട്ടിയതാണല്ലോ എന്നു സമാധാനിച്ച് ഹാജിയാര്‍ ബീബിയുടെ അടുത്തേക്കു മടങ്ങി.
കാലത്ത് ആരോ ഗേറ്റ് തുറക്കുന്ന ഒച്ചകേട്ടാണ് ഞെട്ടിയുണര്‍ന്നത്. നേരം വെളുത്ത് വെയില്‍ ഉദിച്ചിട്ടും ഉണരാത്തതില്‍ ഹാജിയാര്‍ ആശ്ചര്യപ്പെട്ടു.രാത്രി കാവല്‍ കഴിഞ്ഞെത്തിയ മമ്മൂട്ടിയും ഹമീദുമാണ്. അവര്‍ ഗേറ്റ് കൊളുത്തിട്ട് വീട്ടിലേക്ക് നടന്നുവരുന്നു.
ഇന്നെന്തായിരിക്കും വാര്‍ത്തകള്‍!വരാന്തയിലേക്ക് കോണിയിറങ്ങുമ്പോഴാണ് ഹാജിയാര്‍ കുഞ്ഞാമനെ ഓര്‍ത്തത്. കാര്‍ഷെഡിന്റെ വാതില്‍ തുറന്നുകിടക്കുന്നു. മുറ്റത്തും തൊടിയിലും കുഞ്ഞാമനില്ല.
''എവിടെ? കുഞ്ഞാമനെവിടെ?''
മമ്മൂട്ടിയാണ് ഹാജിയാരെ വിവരമറിയിച്ചത്. കൊളപ്പറമ്പത്തെ മൈതാനത്ത് കുഞ്ഞാമനും കുഞ്ഞുലച്മിയും ചിനച്ചും മണത്തും....സ്വന്തം നെഞ്ഞിലേക്ക് ആരോ കാസായിക്കത്തി എറിഞ്ഞപോലെ ഹാജിയാര്‍ ഞെട്ടിപ്പോയി. കുഞ്ഞാമന്‍ മതില്‍ചാടിപ്പോയതിലല്ല, ഒരിസ്ലാമായ കുഞ്ഞാമന്‍, കുഞ്ഞുലച്മിയുമൊത്ത്... അതും പരസ്പരം കൊന്നൊടുക്കുന്ന ലഹളക്കാലത്ത്.....കാലിന്റെ പെരുവിരലില്‍നിന്ന് ചോര തലച്ചോറിലേക്ക് ഇരച്ചുകയറുന്നു. പല്ലുകള്‍ കൂട്ടിയുരഞ്ഞ് കരകര ഞെരുങ്ങുന്നു. ഹാജിയാര്‍ മുകളിലേക്ക് പാഞ്ഞുകയറി.... തലയിണക്കടിയില്‍നിന്ന് കൈത്തോക്ക് വലിച്ചെടുത്ത് അതിലും വേഗത്തില്‍ പാഞ്ഞിറങ്ങി.
''^ആയ്യാറെന്താ കാട്ട്ന്ന്?''
മമ്മൂട്ടിയുടെ ചോദ്യം ഹാജിയാര്‍ കേട്ടില്ല. കള്ളിമുണ്ട് മടക്കിക്കുത്തി മുറ്റത്തേക്ക് ചാടിയിറങ്ങുമ്പോള്‍ ഹാജിയാര്‍ നിലവിളിച്ചു.
''^ഓന്‍ ഇസ്ലാമല്ല. ഓനെ ഞാന്‍ കൊല്ലും.''l

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

കാവേരി


കാവേരിയിലൊരു കടലാസു തോണി താനെ ഒഴുകാന്‍ വിട്ട് കുന്നു കയറിയെത്തിയതാണു ഞാന്‍. കാവേരിക്കുന്നില്‍ നിന്നു നോക്കിയാല്‍ എങ്ങും നീല കുന്നുകളാണ്. കിഴക്കന്‍ കുന്നുകളില്‍ പുകമഞ്ഞു വീണ് ആകാശവും ഭൂമിയും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരുന്നു. സൂര്യനു ചുറ്റും തീക്ഷ്ണമാകുന്ന സന്ധ്യാനിറങ്ങള്‍. എല്ലാ യാത്രകളും പോലെ ഇതും അപ്രതീക്ഷിതമായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്തിരുന്നവന്‍ ഒടുവില്‍ ഉരുക്കു ചക്രങ്ങളില്‍ ചിതറിത്തെറിച്ച ചോരപ്പാടുകളായി മാറിയപ്പോള്‍, അതെ, കൂട്ടുകാരന്റെ ശവദാഹവും കഴിഞ്ഞാണ് ഞാനിറങ്ങിയത്. ഒപ്പം കരഞ്ഞുകലങ്ങിയ മനസ്സുമായി അവന്റെ കാമുകിയുമുണ്ടായിരുന്നു. അവളെ ഹോസ്റലില്‍ കൊണ്ടിറക്കി തിരിച്ചുവരികയായിരുന്നു. സ്റാന്റിലേക്കു നടക്കുമ്പോള്‍ മനസ്സുനിറയെ ചിതയില്‍ നിന്നുയരുന്ന കട്ടിപ്പുകച്ചുരുളായിരുന്നു. ചുരമിറങ്ങുന്ന സൈക്കിള്‍പോലെ മനസ്സ് എങ്ങോട്ടോ കുതിക്കുകയാണ്........മൂകാംബികയ്ക്ക് നിര്‍ത്തിയിട്ട ബസ്സു കണ്ടപ്പോള്‍ ആദ്യം പോക്കറ്റ് തപ്പി. പാരലല്‍ കോളേജില്‍നിന്നു കിട്ടിയ ശമ്പളം അങ്ങനെത്തന്നെ ബാക്കി. പിന്നെ ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. മൂകാംബികയില്‍ നിന്ന് എങ്ങനെ കാവേരി മാതാക്കുന്നിലെത്തി എന്നത് അവിശ്വസനീയം.........ആരോ, എവിടേയോ എന്നെ കാത്തിരിപ്പുണ്ട്. ഏതോ സൌഹൃദം, ഏതോ ദുരന്തം.... യാത്രയിലുടനീളം മനസ്സ് നിറഞ്ഞുനിന്നത് ഈ ബോധമായിരുന്നു. കാവേരിക്കുന്നിലേക്ക് മഞ്ഞുകാറ്റു വീശുന്നു. അസ്തമനത്തിന്റെ ധന്യനിമിഷങ്ങള്‍ പിന്നിട്ടതോടെ യാത്രികരെല്ലാം കുന്നിറങ്ങിത്തുടങ്ങി.കാവേരി മാതാക്കുന്നില്‍ പുറകിലാരോ തന്നെ നിരീക്ഷിച്ചു നില്‍ക്കുന്നുണ്ടെന്ന് പെട്ടെന്നാണറിഞ്ഞത്. അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ അടുത്തുവന്നു. അനുവാദം ചോദിക്കാതെ അഭിമുഖമായിട്ടിരുന്നു.^മലയാളിയാണല്ലേ? ^എങ്ങനെ മനസ്സിലായി!^ഈ വേഷം ..... ഈ നട്ടപ്രാന്ത്അവള്‍ നിഗൂഢമായൊന്നു ചിരിച്ചു. അമളി പറ്റിയ കുട്ടിയെ പോലെ ഞാന്‍ പരുങ്ങി.^എന്താ അങ്ങിനെ പറഞ്ഞത്?^നട്ടപ്രാന്തന്മാരല്ലാതെ ഇന്നേരത്ത് ഒറ്റയ്ക്കിവിടെ വന്നിരിക്ക്വോ? അതും ഇത്തണുപ്പത്ത്!അപ്പോ പ്രാന്തില്ലാത്ത നിങ്ങളെങ്ങനെ ഇവിടെ എത്തി?അവളെനിക്ക് ഒരു പൊട്ടിച്ചിരി മറുപടിയായിത്തന്നു.ഒറ്റയ്ക്കൊരു മലമോളിലിരുന്ന് അന്യപുരുഷനെ പരിഹസിക്കുക. എന്താണിവള്‍ടെ ഭാവം!അവള്‍ സംശയത്തിനിട തന്നില്ല. സ്വയം പരിചയപ്പെടുത്തി.^അതേ കൂട്ടത്തിലാണെന്ന് കൂട്ടിക്കോ.....^പോകാം. ഇനീവ്ടെ ഇരുന്നാ ഇരുട്ടാവും. താന്‍ വെറച്ചു വെറച്ചു ചാവും. അതും പറഞ്ഞ് അവളെണീറ്റു. പാറ മുകളില്‍നിന്ന് ഒരഭ്യാസിയുടെ പാടവത്തോടെ താഴേക്കു ചാടി. താഴെ അവളെനിക്കായി കാത്തുനിന്നു. അവള്‍ക്കൊപ്പമെത്തി ഇറങ്ങിയാലുമിറങ്ങിയാലും തീരാത്ത കാവേരിപ്പടവിറങ്ങുമ്പോള്‍ അവള്‍ പരിചയപ്പെടുത്തി.^ഞാന്‍ കാവേരി.ഞാനെന്റെ പേരു പറഞ്ഞു. ഓരോ പടിയിറങ്ങുമ്പോഴും അവളാപ്പേര് ഓരോ തവണ ഉച്ചരിച്ചു രസിച്ചു.റസ്റ്ഹൌസിലെത്തിയപ്പോഴാണ് അവിചാരിതമായി വീണുകിട്ടിയ ഈ സൌഹൃദം മുറിയണമല്ലോ എന്നോര്‍മ്മ വന്നത്. അവള്‍ മുറി തുറന്ന് അകത്തു കയറിയപ്പോള്‍ ഞാന്‍ ഗുഡ്നൈറ്റ് പറഞ്ഞു. ^എന്തേ, തനിക്ക് ബോറടിച്ചോ?അവളുടെ ചോദ്യം എന്നെ ചെറുതാക്കി^പെണ്ണേ, നിനക്കറിയോ, വിചാരിച്ചിരിക്കാതെ വഴിയിലെങ്ങോ നഷ്ടപ്പെട്ട ഒരാശ്രയം മുന്നില്‍ പൊട്ടി വീണതാണ് നീ. നോക്ക്, എനിക്കിപ്പോള്‍ സ്നേഹവും നന്മയുമുള്ള മനസ്സുകളെ പേടിയാണ്. കേട്ടുകേട്ടറിയുമ്പോള്‍ മറ്റെല്ലാ സൌഹൃദങ്ങളെയും പോലെ ഒരു മഹാദുരന്തമായിരിക്കുമോ നീയും എന്ന വേവലാതി.... അതിനാലാണീ രക്ഷപ്പെടല്‍.... പറയാന്‍ കരുതിയതൊന്നും പറയാനായില്ല. കാവേരി വാതില്‍പ്പടിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഏതോ അനുഭവം കാത്തിരിക്കുന്നു എന്ന തോന്നലാണല്ലോ എന്നെ ഇവിടെ എത്തിച്ചത്, എന്നിട്ടും.^എടോ, എനിക്ക് തന്നെയറിയാം. തനിക്കു തെറ്റുപറ്റില്ലാന്നും.അതുംപറഞ്ഞ് കാവേരി അകത്തേക്കു കയറിപ്പോയി. ഒരു കുഞ്ഞിന്റെ അനുസരണയോടെ ഞാന്‍ അകത്തുചെല്ലുമെന്നവള്‍ക്കുറപ്പായിരുന്നു.ഞാനകത്തു കയറി. അവള്‍ ഹീറ്റര്‍ ഓണ്‍ ചെയ്ത് കൈ ചൂടാക്കുകയായിരുന്നു. ചൂടുപിടിച്ച കൈ മുഖത്ത് അമര്‍ത്തി കണ്ണടച്ച് കുറേ നേരമവളിരുന്നു.^എടോ, ഇനീപ്പം നാം വേറെ വേറെ മുറികളില്‍ തനിച്ചായാല്‍ വരട്ടു ചൊറിമാന്തുംപോലെ സ്വന്തം മനസ്സ് മാന്തിപ്പൊളിക്കും. ചോരയൊലിപ്പിക്കും. വേണ്ടാത്തത് എന്തെല്ലാമോ ആലോചിച്ച് നെടുവീര്‍പ്പിട്ടു കഴിച്ചുകൂട്ടും. അതിലും നല്ലതല്ലേ എന്തെങ്കിലും പറഞ്ഞ് ഒന്നിച്ച് ഇരിക്കണത്?അവള്‍ വീണ്ടും കൈ ചൂടു പിടിപ്പിച്ചു. അവള്‍ പറഞ്ഞതെല്ലാം ഞാനെന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്ന വാക്കുകള്‍. വള്ളിപുള്ളി വ്യത്യാസമില്ലാതെ......എവിടെപ്പോയാലും ഇത്തരക്കാരുടെ ഇടയില്‍ത്തന്നെ ചെന്നെത്തുന്നു.ഏത് ആള്‍ക്കൂട്ടത്തിലും ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയുന്നു. ഒന്നാകുന്നു. ഒരൊപ്പു കടലാസുപോലെ എല്ലാം ഒപ്പിയെടുക്കുന്നു. പിന്നെ സ്നേഹമായി, ഒഴുക്കായി, പരസ്പരം ഒഴുകി നിറഞ്ഞുകൊണ്ടേയിരിക്കും.മനുഷ്യന്‍ ഇന്നും എനിക്ക് ഒരത്ഭുതമായവശേഷിക്കുന്നു. അടുത്തറിയുമ്പോള്‍ ഓരോ മനുഷ്യനും എത്ര നല്ലവനാണ്!ഞാനവള്‍ക്കടുത്തിരുന്ന് കൈ ചൂടുപിടിപ്പിച്ചു. മുഖവും കഴുത്തും നെഞ്ഞും ചൂടുപിടിപ്പിച്ചു.കാവേരി മുറിയുടെ വാതില്‍ ചാരി തിരിച്ചു വന്നു.^വാതിലു തൊറന്നിട്ടാ തണുപ്പു കൂടും. താനിരുന്ന് വെറച്ചുകൊണ്ടിരിക്കും. മുറിയില്‍ ഹീറ്ററിന്റെ നേരിയ ചൂട് നിറഞ്ഞുവന്നു. അവളേറെ നേരം എന്തോ ആലോചിച്ചു. പിന്നെ കനത്തൊരു നിശ്വാസമുതിര്‍ത്ത് മുഖത്തൊരു ചിരി വരുത്തി.^തികച്ചും അന്യരെങ്കിലും ഈ രാത്രി നമുക്കിടയില്‍ ഒന്നും മറച്ചുവെക്കാനില്ല.നമുക്കിന്നുറങ്ങാതെ സംസാരിച്ചിരിക്കാം. ആദ്യം ഞാനെന്നെക്കുറിച്ച് നിങ്ങളോട് പറയാം. പിന്നെ നിങ്ങളെക്കുറിച്ച് എന്നോടും. ആദ്യം ഉറങ്ങുന്നതാരോ അവന്‍ മണ്ടന്‍. അവള്‍ മണ്ടി. എന്താ സമ്മതിച്ചോ?ഞാന്‍ തലയാട്ടി. പിന്നെ അല്പനേരം കണ്ണടച്ചിരുന്ന് എല്ലാം കേള്‍ക്കാനുള്ള ഏകാഗ്രതവരുത്തി. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ മുഖത്തെന്നപോലെ കൌതുകത്തോടെ അവള്‍ നോക്കിയിരിക്കയായിരുന്നു. കണ്ണു രണ്ടും നിറഞ്ഞു വിതുമ്പുന്ന ഭാവത്തില്‍. ആ ഭാവം എന്നെ തളര്‍ത്തി.വീണ്ടും ഒരു രക്ഷക വേഷമണിഞ്ഞ് സാന്ത്വനത്തിന്റെ തണുത്ത കൈകളാല്‍ തലോടി അവളെ ആശ്വസിപ്പിക്കണമെന്നും വാത്സല്യത്തിന്റെ ഉമ്മകളാല്‍ താരാട്ടു പാടി ഉറക്കണമെന്നും എനിക്കു തോന്നി.അവള്‍ എനി ക്കു കാണാപ്പാഠമായ കവിതപോലെ അടുത്തുണ്ട്. ഒന്നു തൊട്ടാല്‍ വിതുമ്പിപ്പൊട്ടുമെന്ന അവസ്ഥയിലായിരുന്നു കാവേരി.ഞാനവള്‍ക്കടുത്തുചെന്നു. നെറുകയില്‍ കൈവച്ചു. പെട്ടെന്ന് മുഖം പൊത്തി അവള്‍ ഏങ്ങിക്കരയാന്‍ തുടങ്ങി. കണ്ണുകള്‍ കാവേരിയായി.ഞാനടുത്ത കസേരയില്‍ ചാഞ്ഞിരുന്ന് കാലുകള്‍ ഉയര്‍ത്തി കട്ടിലില്‍ വെച്ചു. ദുരനുഭവങ്ങളില്‍ തകര്‍ന്നുപോയ കുറെ സുഹൃത്തുക്കളുടെ മുഖം മനസ്സില്‍ മിന്നിത്തെളിഞ്ഞു. മൂടിക്കെട്ടിയ ആകാശംപോലെ ഇരുണ്ട മുഖവുമായി അവര്‍ ഉള്ളില്‍ തിക്കിത്തിരക്കി. എത്രയെത്ര നന്മനിറഞ്ഞ മനസ്സുകളാണുടഞ്ഞു പോയത്! എത്രയെത്ര കണ്ണുകളാണ് അഭയത്തിനായി കൈ നീട്ടുന്നത്! ആശ്രമത്തിന്റെ തടവിലേക്ക് സ്വയം നടന്നുപോയ മീര. ഗണപതി വിഗ്രഹങ്ങള്‍ സ്വപ്നം കാണുന്ന ചിത്രകാരിയായ സരിജ. ഭ്രാന്തിനും സ്വപ്നത്തിനുമിടയില്‍ നിഴലായിത്തീര്‍ന്ന ശാന്തി, മിനി, വല്‍സ, സുജാത,........എന്റെ മുഖത്തെ മാറ്റം കാവേരിയെ അത്ഭുതപ്പെടുത്തി. അവള്‍ പെട്ടെന്നു കണ്ണു തുടച്ചു.^എന്തേ, വെഷമമായോ.....ദുരനുഭവങ്ങളില്‍ തളര്‍ന്നുപോയവരുടെ പേടിപ്പിക്കുന്ന നിസ്സഹായത കണ്ട് ഒളിച്ചോടിയവനാണ് ഞാന്‍. എത്തിപ്പെട്ടതോ മഹാദുരന്തത്തിനു മുന്നിലും. ഇവളുടെ കഥയറിഞ്ഞാല്‍ ഞാന്‍ നിലവിളിച്ചുപോകും....വാതില്‍ വലിച്ചു തുറന്ന് പുറത്തു കടന്നതും സ്വന്തം മുറി തുറന്ന് അകത്തു കയറി കട്ടിലില്‍ വീണതും ഒരു നിമിഷംകൊണ്ടു കഴിഞ്ഞു.സന്ധ്യയേക്കാള്‍ തീക്ഷ്ണമായിരുന്നു പ്രഭാതം. ആദ്യവെളിച്ചത്തില്‍ നിറയെ പുകമഞ്ഞ്. വെള്ളത്തിന് നല്ല ചൂടും. ആകെ പരന്നു കത്തുന്ന വെളിച്ചം.മുറി തുറന്ന് കാവേരിയെത്തേടി ചെന്നപ്പോള്‍ ആമപ്പൂട്ടിനു പിറകില്‍ വെള്ളവാതില്‍ അടഞ്ഞുകിടക്കുന്നു. ഇത്രകാലത്തേ കാവേരി സ്ഥലം വിട്ടോ? ഒരു സാന്ത്വനം അവളുടെ കത്തുന്ന മനസ്സില്‍ തീര്‍ത്ഥജലമാകുമായിരുന്നു.കൌണ്ടറില്‍ കുടവയറും തെളിഞ്ഞ ചിരിയുമുള്ള വൃദ്ധനുണ്ടായിരുന്നു. തലയ്ക്കു മുകളിലെ ചില്ലിട്ട ദേവചിത്രങ്ങളില്‍ ചന്ദനത്തിരി കൂട്ടമായി പുകയുന്നു. രജിസ്റര്‍ പുസ്തകം മുഴുവന്‍ പരതിയിട്ടും കാവേരിയുടെ പേരു മാത്രം കണ്ടില്ല.


വൃദ്ധന്‍ സംശയത്തോടെ എന്നെ തുറിച്ചു നോക്കി.^എന്താ നോക്കണേ.....?^ആ മുറിയിലെ പെണ്‍കുട്ടി പോയോ? വൃദ്ധന്റെ കണ്ണുകളില്‍ പെട്ടെന്നൊരു തിരിമിന്നി.^ആ മുറി ആര്‍ക്കും കൊടുക്കാറില്ലല്ലോ. തുറക്കാറുമില്ല.^അപ്പോള്‍ കാവേരി ഏതു മുറിയിലായിരുന്നു?വൃദ്ധന്‍ ദേവചിത്രങ്ങളില്‍ നോക്കി. ചിത്രത്തിനു മുമ്പിലെ കൊച്ചുതിരി ഒന്നുകൂടി നീട്ടി. കാവേരി മാതാവിന്റെ ചിത്രത്തിനുമുമ്പില്‍ കൈകൂപ്പി കുമ്പിട്ടു.വൃദ്ധന്‍ പെട്ടെന്ന് പുസ്തകമടച്ച് പൂജാമുറിയിലേക്കു പാഞ്ഞുപോയി. പൂജാമുറിയില്‍ മണികള്‍ കിലുങ്ങുന്നു. മന്ത്രങ്ങള്‍ ഉയരുന്നു.ഒരു തരം ഉന്മാദത്തോടെ ഞാന്‍ കാവേരിപ്പടികള്‍ ഒന്നൊന്നായി പാഞ്ഞിറങ്ങി. കാവേരിയിലെ കൊടുംതണുപ്പുള്ള വെള്ളത്തില്‍ ഉടുതുണിയഴിക്കാതെ മുങ്ങിക്കിടന്നു.


8 comments:

മൊയ്തു വാണിമേല്‍ said...

കാവേരിക്കുന്നില്‍ നിന്നു നോക്കിയാല്‍ എങ്ങും നീല കുന്നുകളാണ്. കിഴക്കന്‍ കുന്നുകളില്‍ പുകമഞ്ഞു വീണ് ആകാശവും ഭൂമിയും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരുന്നു. സൂര്യനു ചുറ്റും തീക്ഷ്ണമാകുന്ന സന്ധ്യാനിറങ്ങള്‍.



May 18, 2009 5:21 AM

sree said...

ikakaa



May 20, 2009 5:07 AM

Abdul Hameed said...

okey see u



May 20, 2009 7:31 AM

G.manu said...

തൂവല്‍‌സ്പര്‍ശം പോലൊരു കുറിപ്പ്..



June 3, 2009 4:30 AM

സുല്‍
Sul said...

ഇഷ്ടമായി ഈ കഥ.

-സുല്‍



June 14, 2009 9:21 PM

abc said...

its a nice story.....thank u....



July 12, 2009 11:01 AM

rashid said...

dear moiduka...

it feels really innocent words. and reflects pure art of writing



may allah bless u again and again



rashid nizamy koolivayal(wayanad)

9846242212

rashidkoolivayal@gmail.com


July 30, 2009 1:20 AM