നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടില്‍നിന്ന് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉഗ്ര സ്‌ഫോടനശേഷിയുള്ള ആര്‍.ഡി.എക്‌സ് കണ്ടെടുത്തെന്ന ്രപചാരണം സംശയം ജനിപ്പിക്കുന്നതാണെന്ന് ജില്ലാ പൊലീസ് അധികൃതര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരു മാസം മുമ്പ് നടന്നുവെന്ന് പറയുന്ന ഓപറേഷന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടില്ല.
അത്യാധുനിക ആയുധങ്ങളുമായി നിലമ്പൂര്‍ വനത്തില്‍ പ്രവേശിച്ച് രണ്ട് മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി മടങ്ങിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും പൊലീസ് വ്യക്തമാക്കി.
എടക്കര വനമേഖലയില്‍ നിന്ന് 24 കിലോഗ്രാമും കുളത്തുപ്പുഴ വനത്തിലെ അച്ചന്‍കോവിലില്‍ നിന്ന് 21 കിലോഗ്രാം ആര്‍.ഡി.എക്‌സും പിടിച്ചെടുത്തു എന്നാണ് മധ്യപ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അവകാശവാദം.
വനം വകുപ്പുപോലും അറിയാതെയുള്ള ഈ ഓപറേഷന്‍ നടന്നുവെന്ന് വിശ്വസിക്കാവുന്നതല്ല. സംഭവത്തിന്റെ സത്യാവസ്ഥ തെളിയേണ്ടതുണ്ട്.
ഇതിനായി മധ്യപ്രദേശ് പൊലീസുമായി ബന്ധപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ കേരള രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ ഇന്റലിജന്റ്‌സ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗങ്ങളാണ് വനം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഉള്‍ക്കാട്ടിലെ ആദിവാസി കോളനികളിലും അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച രാത്രിവരെ ഇത്തരമൊരു ഓപറേഷന്‍ നടന്നതായുള്ള തെളിവ് കേരള പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
2010 ജൂലൈ എട്ടിന് നിലമ്പൂരിലുണ്ടായ ട്രെയിന്‍ അട്ടിമറി സംഭവത്തിന് ശേഷം ജൂലൈ അവസാനവാരം രണ്ട് മാവോവാദികള്‍ നിലമ്പൂരില്‍ പിടിയിലായിരുന്നു.
ഇവര്‍ മാവോ ആശയ പ്രചാരകര്‍ മാത്രമാണെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പുസ്തകങ്ങളും മാവോയിസ്സം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മാത്രമാണ് ഇവരുടെ താവളത്തില്‍ നിന്ന് പൊലീസിന് കണ്ടെത്താനായത്.
നിലമ്പൂര്‍ കാട്ടില്‍ മാവോവാദികള്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് കേരള, തമിഴ്‌നാട് സംയുക്ത സംഘം നിലമ്പൂര്‍ കാട് മുഴുവനായും അരിച്ചുപെറുക്കിയിരുന്നെങ്കിലും സംശയിക്കത്തക്ക തരത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
നിലമ്പൂര്‍ വനത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് തന്നെയാണ് കേരള രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത്.
ആര്‍.ഡി.എക്‌സ് പിടിച്ചെടുത്തെന്ന് വാര്‍ത്ത അതീവ ഗൗരവമായാണ് കാണുന്നതെന്നും ഇങ്ങനെയൊരു ശ്രമം നടന്നിട്ടില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതെന്നും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സേതുരാമന്‍ പറഞ്ഞു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും.