2011, ജനുവരി 24, തിങ്കളാഴ്‌ച

മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണത്തില്‍ മാറ്റം വരുന്നു















തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രകടമായ മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനിടയില്ല. ഐക്യമുന്നണിക്കനുകൂലമായ മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണത്തില്‍ മാറ്റമുണ്ടാകുമെന്നാണ് മുസ്‌ലിം മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയിലുണ്ടായ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വികസന മുന്നണിയുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ഇതര മുസ്‌ലിം രാഷ്ട്രീയ-മത സംഘടനകള്‍ ഒറ്റക്കെട്ടാവുകയായിരുന്നു. ഇതിന്റെ ഫലമായി കേളത്തില്‍ ഐക്യമുന്നണിക്കനുകൂലമായ തരംഗം പ്രകടമായി. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗിന്റെ മുന്‍കൈയില്‍ കോട്ടക്കലില്‍ ചേര്‍ന്ന മുസ്‌ലിം മത സംഘടനകളുടെ യോഗത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി, എസ്.ഡി.പി.ഐയുമായി പലയിടത്തും യു.ഡി.എഫ്് രഹസ്യ ധാരണകളുണ്ടാക്കുന്നതാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ടത്. അതോടൊപ്പം എ.പി സുന്നി വിഭാഗവും മുജാഹിദിലെ ഇരുവിഭാഗങ്ങളും വികസന മുന്നണിയെ തോല്‍പിക്കാന്‍ ഒന്നിച്ചു. ഇതിന്റെ ഫലമായി മുന്‍തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത വിധം ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് അനുകൂലമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മുസ്‌ലിംലീഗിനോടൊപ്പം നിന്നു. തെരഞ്ഞെടുപ്പിന് ശേഷം ഐ.എന്‍.എല്‍ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നു. ഐ.എന്‍.എല്‍ മുസ്‌ലിംലീഗില്‍ ലയിക്കണമെന്ന വാദമുയര്‍ത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ കഴിഞ്ഞ ദിവസം അഖിലേന്ത്യാ അധ്യക്ഷന്റെ തീരുമാനപ്രകാരം സംസ്ഥാന പ്രസിഡന്റ് നേതൃസ്ഥാനത്തുനിന്ന് നീക്കിയിരിക്കയാണ്. സലാമിനോടൊപ്പം നില്‍ക്കുന്നവര്‍ പാര്‍ട്ടി വിട്ട് മുസ്‌ലിംലീഗില്‍ ലയിക്കുകയോ, ഐ.എന്‍.എല്ലിനെ പിളര്‍ത്തി മറ്റൊരു പാര്‍ട്ടിയായി മുസ്‌ലിംലീഗിനെ പിന്തുണക്കുകയോ ചെയ്യാനാണ് സാധ്യത. ഫലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ വിജയിപ്പിക്കാന്‍ നിലപാടെടുത്ത ഐ.എന്‍.എല്ലിലെ വലിയൊരു വിഭാഗം ഇക്കുറി ഇടത് മുന്നണിയെ പിന്തുണക്കുന്ന നിലപാടിലെത്തും. കൊടുവള്ളിയിലെ പി.ടി.എ റഹീമും കൂട്ടരും രൂപവത്കരിച്ച പുതിയ സംഘടന ഇടതിനൊപ്പം നില്‍ക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്കൊപ്പം നിന്ന എ.പി വിഭാഗം സുന്നികളും നിയമസഭ തെരഞ്ഞെടുപ്പില്‍ അതേ നിലപാട് തുടരാനിടയില്ല. മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണത്തിന് ഇടയാക്കിയ ജമാഅത്തെ ഇസ്‌ലാമി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എസ്.ഡി.പി.ഐ ചില സീറ്റുകളില്‍ മാത്രം മത്സരിക്കാനും മറ്റ് സീറ്റുകളിലേക്ക് യു.ഡി.എഫിനെ രഹസ്യമായി പിന്തുണക്കാനുമാണ് സാധ്യത. ജമാഅത്തെ ഇസ്‌ലാമി ഇക്കുറി മത്സരരംഗത്തില്ലെങ്കില്‍ ഇതര മുസ്‌ലിം മത സംഘടനകളുടെ വാശി കുറയുകയും ഒന്നിച്ചെതിര്‍ക്കുന്ന രീതി മാറുകയും ചെയ്യും. വര്‍ഷങ്ങളായി സുന്നി വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വൈരം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അലിഞ്ഞില്ലാതായത് മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണമായ പ്രധാന ഘടകമാണ്. മുസ്‌ലിം സംഘടനകളുടെ കോട്ടക്കല്‍ സമ്മേളനം ഇതിന് അടിത്തറയൊരുക്കുകയായിരുന്നു. എ.പി വിഭാഗത്തിന്റെ വേദികളില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ പ്രത്യക്ഷപ്പെടുകയും സജീവമാകുകയും ചെയ്തു. എന്നാല്‍ ഇ. കെ. വിഭാഗം നേതാക്കള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതോടെ ലീഗ് നേതൃത്വത്തിന് മാറി ചിന്തിക്കേണ്ടി വന്നിരിക്കയാണ്. സുന്നി ഐക്യ ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിന്റെയും നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു. സുന്നി ഐക്യചര്‍ച്ച മുസ്‌ലിംലീഗിന്റെ അജണ്ടയിലില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സമസ്തയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും സുന്നി ഐക്യ പ്രശ്‌നത്തില്‍ സമസ്തയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയെ പട്ടിക്കാട് ജാമിഅ നൂരിയയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞത് താനാണെന്ന ആരോപണം സത്യമല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുസ്‌ലിംലീഗ് അധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആരോപണം ആവര്‍ത്തിച്ചിരിക്കയാണ്. ഇരു മുജാഹിദ് വിഭാഗങ്ങളും തമ്മിലുള്ള മത്സരം ശക്തമായി തുടരുകയാണെങ്കിലും തെരഞ്ഞെടുപ്പില്‍ ഇവര്‍ ഒരേ നിലപാട് സ്വീകരിക്കാന്‍ സാധ്യത കുറവല്ല. എങ്കിലും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന പ്രവണത കുറയാനാണ് സാധ്യത.



6 comments:

zainpvp said...

This post has been removed by the author.

January 14, 2011 12:52 AM


Samad Karadan said...


താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിയുമല്ല. ഇന്‍ശാ അള്ളാഹ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും കിട്ടുമെന്ന കാര്യത്തില്‍ യു.ഡി.എഫിന് സംശയം അശേഷമില്ല.

January 14, 2011 12:57 AM


zainpvp said...


സര്‍ എല്ലാ ആദരവും ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ സത്യവുമായി യാതൊരു പുലബന്ധം പോലും ഇല്ലാത്ത വിലയിരുത്തല്‍ .

January 14, 2011 1:14 AM


niyas kaniyath said...


it is obvious that udf will not get the same amountof votes that they got in panchayat elections but udf will win in the assembly elections...but they cannot expect the same support from muslim community as in panchayath elections..

January 14, 2011 1:58 AM


HARIJAN TO DALIT said...


----------------------------------------------വികസന മുന്നണി മത്സരികാത്ത seettukalillum യു ഡി എഫ് ജയിച്ചത്‌ എന്ത് കൊണ്ടന്നു ........

January 14, 2011 2:18 AM


ഒരു നുറുങ്ങ് said...


2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡീഎഫ് മലര്‍ന്നടിച്ച് വീണത് മറന്ന്പോവുന്നിടത്താണ്‍ കുഴപ്പം..പിന്നേ,കേരളത്തില്‍ ഭരണപ്രതിപക്ഷ കക്ഷികളെ ജയാപചയങ്ങള്‍ മാറിമാറി രസിപ്പിക്കുന്നു.ആ വിജയലഹരിയില്‍ മയക്കം ബാധിച്ചവരെ വിളിച്ചുണര്‍ത്താന്‍ ഒരു മൂന്നാം കക്ഷി അനിവാര്യം.

January 14, 2011 7:00 PM

4 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

സി.പി.എമ്മിനും ഇടതുപക്ഷത്തിനും നേട്ടം ഉണ്ടാകും അടുത്ത തെരഞ്ഞെടുപ്പില്‍ എന്നാണോ ഉദ്ധേശിക്കുന്നത്, അതോ ജനകീയ വികസന മൂന്നാം മുന്നണിക്ക് പ്രതീക്ഷയുണ്ടോ??

The News Express പറഞ്ഞു...

സ്വപ്നം കാണാന്‍ കാശ് വേണ്ടല്ലോ വാണിമേല്‍ നിങ്ങളുടെ നിരീക്ഷണം ഒരു ദിവാ സ്വോപ്നം മാത്രം അതിനു മാത്രം കേരളത്തില്‍ എന്ത് സംഭവ വികാഷമാണ് ഉണ്ടായത്

അജ്ഞാതന്‍ പറഞ്ഞു...

വികസന മുന്നണി മിക്കവാറും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഐ.എന്‍.എല്ലിലെ ഒരു വിഭാഗം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന അവസ്ഥയുണ്ടാകില്ല. ഇതിനര്‍ഥം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ ഏകപക്ഷീയമായ ഒരു മുന്നേറ്റം അസാധ്യമാകും. എന്നുതന്നെയാണ് നിലവിലുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതിനര്‍ഥം യു.ഡി.എഫ് ഭരണത്തിലെത്തില്ല എന്നല്ല.

moiduvanimel പറഞ്ഞു...

വികസന മുന്നണി മിക്കവാറും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഐ.എന്‍.എല്ലിലെ ഒരു വിഭാഗം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന അവസ്ഥയുണ്ടാകില്ല. ഇതിനര്‍ഥം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ ഏകപക്ഷീയമായ ഒരു മുന്നേറ്റം അസാധ്യമാകും. എന്നുതന്നെയാണ് നിലവിലുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതിനര്‍ഥം യു.ഡി.എഫ് ഭരണത്തിലെത്തില്ല എന്നല്ല.