2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

കാവേരി


കാവേരിയിലൊരു കടലാസു തോണി താനെ ഒഴുകാന്‍ വിട്ട് കുന്നു കയറിയെത്തിയതാണു ഞാന്‍. കാവേരിക്കുന്നില്‍ നിന്നു നോക്കിയാല്‍ എങ്ങും നീല കുന്നുകളാണ്. കിഴക്കന്‍ കുന്നുകളില്‍ പുകമഞ്ഞു വീണ് ആകാശവും ഭൂമിയും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരുന്നു. സൂര്യനു ചുറ്റും തീക്ഷ്ണമാകുന്ന സന്ധ്യാനിറങ്ങള്‍. എല്ലാ യാത്രകളും പോലെ ഇതും അപ്രതീക്ഷിതമായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്തിരുന്നവന്‍ ഒടുവില്‍ ഉരുക്കു ചക്രങ്ങളില്‍ ചിതറിത്തെറിച്ച ചോരപ്പാടുകളായി മാറിയപ്പോള്‍, അതെ, കൂട്ടുകാരന്റെ ശവദാഹവും കഴിഞ്ഞാണ് ഞാനിറങ്ങിയത്. ഒപ്പം കരഞ്ഞുകലങ്ങിയ മനസ്സുമായി അവന്റെ കാമുകിയുമുണ്ടായിരുന്നു. അവളെ ഹോസ്റലില്‍ കൊണ്ടിറക്കി തിരിച്ചുവരികയായിരുന്നു. സ്റാന്റിലേക്കു നടക്കുമ്പോള്‍ മനസ്സുനിറയെ ചിതയില്‍ നിന്നുയരുന്ന കട്ടിപ്പുകച്ചുരുളായിരുന്നു. ചുരമിറങ്ങുന്ന സൈക്കിള്‍പോലെ മനസ്സ് എങ്ങോട്ടോ കുതിക്കുകയാണ്........മൂകാംബികയ്ക്ക് നിര്‍ത്തിയിട്ട ബസ്സു കണ്ടപ്പോള്‍ ആദ്യം പോക്കറ്റ് തപ്പി. പാരലല്‍ കോളേജില്‍നിന്നു കിട്ടിയ ശമ്പളം അങ്ങനെത്തന്നെ ബാക്കി. പിന്നെ ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. മൂകാംബികയില്‍ നിന്ന് എങ്ങനെ കാവേരി മാതാക്കുന്നിലെത്തി എന്നത് അവിശ്വസനീയം.........ആരോ, എവിടേയോ എന്നെ കാത്തിരിപ്പുണ്ട്. ഏതോ സൌഹൃദം, ഏതോ ദുരന്തം.... യാത്രയിലുടനീളം മനസ്സ് നിറഞ്ഞുനിന്നത് ഈ ബോധമായിരുന്നു. കാവേരിക്കുന്നിലേക്ക് മഞ്ഞുകാറ്റു വീശുന്നു. അസ്തമനത്തിന്റെ ധന്യനിമിഷങ്ങള്‍ പിന്നിട്ടതോടെ യാത്രികരെല്ലാം കുന്നിറങ്ങിത്തുടങ്ങി.കാവേരി മാതാക്കുന്നില്‍ പുറകിലാരോ തന്നെ നിരീക്ഷിച്ചു നില്‍ക്കുന്നുണ്ടെന്ന് പെട്ടെന്നാണറിഞ്ഞത്. അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ അടുത്തുവന്നു. അനുവാദം ചോദിക്കാതെ അഭിമുഖമായിട്ടിരുന്നു.^മലയാളിയാണല്ലേ? ^എങ്ങനെ മനസ്സിലായി!^ഈ വേഷം ..... ഈ നട്ടപ്രാന്ത്അവള്‍ നിഗൂഢമായൊന്നു ചിരിച്ചു. അമളി പറ്റിയ കുട്ടിയെ പോലെ ഞാന്‍ പരുങ്ങി.^എന്താ അങ്ങിനെ പറഞ്ഞത്?^നട്ടപ്രാന്തന്മാരല്ലാതെ ഇന്നേരത്ത് ഒറ്റയ്ക്കിവിടെ വന്നിരിക്ക്വോ? അതും ഇത്തണുപ്പത്ത്!അപ്പോ പ്രാന്തില്ലാത്ത നിങ്ങളെങ്ങനെ ഇവിടെ എത്തി?അവളെനിക്ക് ഒരു പൊട്ടിച്ചിരി മറുപടിയായിത്തന്നു.ഒറ്റയ്ക്കൊരു മലമോളിലിരുന്ന് അന്യപുരുഷനെ പരിഹസിക്കുക. എന്താണിവള്‍ടെ ഭാവം!അവള്‍ സംശയത്തിനിട തന്നില്ല. സ്വയം പരിചയപ്പെടുത്തി.^അതേ കൂട്ടത്തിലാണെന്ന് കൂട്ടിക്കോ.....^പോകാം. ഇനീവ്ടെ ഇരുന്നാ ഇരുട്ടാവും. താന്‍ വെറച്ചു വെറച്ചു ചാവും. അതും പറഞ്ഞ് അവളെണീറ്റു. പാറ മുകളില്‍നിന്ന് ഒരഭ്യാസിയുടെ പാടവത്തോടെ താഴേക്കു ചാടി. താഴെ അവളെനിക്കായി കാത്തുനിന്നു. അവള്‍ക്കൊപ്പമെത്തി ഇറങ്ങിയാലുമിറങ്ങിയാലും തീരാത്ത കാവേരിപ്പടവിറങ്ങുമ്പോള്‍ അവള്‍ പരിചയപ്പെടുത്തി.^ഞാന്‍ കാവേരി.ഞാനെന്റെ പേരു പറഞ്ഞു. ഓരോ പടിയിറങ്ങുമ്പോഴും അവളാപ്പേര് ഓരോ തവണ ഉച്ചരിച്ചു രസിച്ചു.റസ്റ്ഹൌസിലെത്തിയപ്പോഴാണ് അവിചാരിതമായി വീണുകിട്ടിയ ഈ സൌഹൃദം മുറിയണമല്ലോ എന്നോര്‍മ്മ വന്നത്. അവള്‍ മുറി തുറന്ന് അകത്തു കയറിയപ്പോള്‍ ഞാന്‍ ഗുഡ്നൈറ്റ് പറഞ്ഞു. ^എന്തേ, തനിക്ക് ബോറടിച്ചോ?അവളുടെ ചോദ്യം എന്നെ ചെറുതാക്കി^പെണ്ണേ, നിനക്കറിയോ, വിചാരിച്ചിരിക്കാതെ വഴിയിലെങ്ങോ നഷ്ടപ്പെട്ട ഒരാശ്രയം മുന്നില്‍ പൊട്ടി വീണതാണ് നീ. നോക്ക്, എനിക്കിപ്പോള്‍ സ്നേഹവും നന്മയുമുള്ള മനസ്സുകളെ പേടിയാണ്. കേട്ടുകേട്ടറിയുമ്പോള്‍ മറ്റെല്ലാ സൌഹൃദങ്ങളെയും പോലെ ഒരു മഹാദുരന്തമായിരിക്കുമോ നീയും എന്ന വേവലാതി.... അതിനാലാണീ രക്ഷപ്പെടല്‍.... പറയാന്‍ കരുതിയതൊന്നും പറയാനായില്ല. കാവേരി വാതില്‍പ്പടിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഏതോ അനുഭവം കാത്തിരിക്കുന്നു എന്ന തോന്നലാണല്ലോ എന്നെ ഇവിടെ എത്തിച്ചത്, എന്നിട്ടും.^എടോ, എനിക്ക് തന്നെയറിയാം. തനിക്കു തെറ്റുപറ്റില്ലാന്നും.അതുംപറഞ്ഞ് കാവേരി അകത്തേക്കു കയറിപ്പോയി. ഒരു കുഞ്ഞിന്റെ അനുസരണയോടെ ഞാന്‍ അകത്തുചെല്ലുമെന്നവള്‍ക്കുറപ്പായിരുന്നു.ഞാനകത്തു കയറി. അവള്‍ ഹീറ്റര്‍ ഓണ്‍ ചെയ്ത് കൈ ചൂടാക്കുകയായിരുന്നു. ചൂടുപിടിച്ച കൈ മുഖത്ത് അമര്‍ത്തി കണ്ണടച്ച് കുറേ നേരമവളിരുന്നു.^എടോ, ഇനീപ്പം നാം വേറെ വേറെ മുറികളില്‍ തനിച്ചായാല്‍ വരട്ടു ചൊറിമാന്തുംപോലെ സ്വന്തം മനസ്സ് മാന്തിപ്പൊളിക്കും. ചോരയൊലിപ്പിക്കും. വേണ്ടാത്തത് എന്തെല്ലാമോ ആലോചിച്ച് നെടുവീര്‍പ്പിട്ടു കഴിച്ചുകൂട്ടും. അതിലും നല്ലതല്ലേ എന്തെങ്കിലും പറഞ്ഞ് ഒന്നിച്ച് ഇരിക്കണത്?അവള്‍ വീണ്ടും കൈ ചൂടു പിടിപ്പിച്ചു. അവള്‍ പറഞ്ഞതെല്ലാം ഞാനെന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്ന വാക്കുകള്‍. വള്ളിപുള്ളി വ്യത്യാസമില്ലാതെ......എവിടെപ്പോയാലും ഇത്തരക്കാരുടെ ഇടയില്‍ത്തന്നെ ചെന്നെത്തുന്നു.ഏത് ആള്‍ക്കൂട്ടത്തിലും ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയുന്നു. ഒന്നാകുന്നു. ഒരൊപ്പു കടലാസുപോലെ എല്ലാം ഒപ്പിയെടുക്കുന്നു. പിന്നെ സ്നേഹമായി, ഒഴുക്കായി, പരസ്പരം ഒഴുകി നിറഞ്ഞുകൊണ്ടേയിരിക്കും.മനുഷ്യന്‍ ഇന്നും എനിക്ക് ഒരത്ഭുതമായവശേഷിക്കുന്നു. അടുത്തറിയുമ്പോള്‍ ഓരോ മനുഷ്യനും എത്ര നല്ലവനാണ്!ഞാനവള്‍ക്കടുത്തിരുന്ന് കൈ ചൂടുപിടിപ്പിച്ചു. മുഖവും കഴുത്തും നെഞ്ഞും ചൂടുപിടിപ്പിച്ചു.കാവേരി മുറിയുടെ വാതില്‍ ചാരി തിരിച്ചു വന്നു.^വാതിലു തൊറന്നിട്ടാ തണുപ്പു കൂടും. താനിരുന്ന് വെറച്ചുകൊണ്ടിരിക്കും. മുറിയില്‍ ഹീറ്ററിന്റെ നേരിയ ചൂട് നിറഞ്ഞുവന്നു. അവളേറെ നേരം എന്തോ ആലോചിച്ചു. പിന്നെ കനത്തൊരു നിശ്വാസമുതിര്‍ത്ത് മുഖത്തൊരു ചിരി വരുത്തി.^തികച്ചും അന്യരെങ്കിലും ഈ രാത്രി നമുക്കിടയില്‍ ഒന്നും മറച്ചുവെക്കാനില്ല.നമുക്കിന്നുറങ്ങാതെ സംസാരിച്ചിരിക്കാം. ആദ്യം ഞാനെന്നെക്കുറിച്ച് നിങ്ങളോട് പറയാം. പിന്നെ നിങ്ങളെക്കുറിച്ച് എന്നോടും. ആദ്യം ഉറങ്ങുന്നതാരോ അവന്‍ മണ്ടന്‍. അവള്‍ മണ്ടി. എന്താ സമ്മതിച്ചോ?ഞാന്‍ തലയാട്ടി. പിന്നെ അല്പനേരം കണ്ണടച്ചിരുന്ന് എല്ലാം കേള്‍ക്കാനുള്ള ഏകാഗ്രതവരുത്തി. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ മുഖത്തെന്നപോലെ കൌതുകത്തോടെ അവള്‍ നോക്കിയിരിക്കയായിരുന്നു. കണ്ണു രണ്ടും നിറഞ്ഞു വിതുമ്പുന്ന ഭാവത്തില്‍. ആ ഭാവം എന്നെ തളര്‍ത്തി.വീണ്ടും ഒരു രക്ഷക വേഷമണിഞ്ഞ് സാന്ത്വനത്തിന്റെ തണുത്ത കൈകളാല്‍ തലോടി അവളെ ആശ്വസിപ്പിക്കണമെന്നും വാത്സല്യത്തിന്റെ ഉമ്മകളാല്‍ താരാട്ടു പാടി ഉറക്കണമെന്നും എനിക്കു തോന്നി.അവള്‍ എനി ക്കു കാണാപ്പാഠമായ കവിതപോലെ അടുത്തുണ്ട്. ഒന്നു തൊട്ടാല്‍ വിതുമ്പിപ്പൊട്ടുമെന്ന അവസ്ഥയിലായിരുന്നു കാവേരി.ഞാനവള്‍ക്കടുത്തുചെന്നു. നെറുകയില്‍ കൈവച്ചു. പെട്ടെന്ന് മുഖം പൊത്തി അവള്‍ ഏങ്ങിക്കരയാന്‍ തുടങ്ങി. കണ്ണുകള്‍ കാവേരിയായി.ഞാനടുത്ത കസേരയില്‍ ചാഞ്ഞിരുന്ന് കാലുകള്‍ ഉയര്‍ത്തി കട്ടിലില്‍ വെച്ചു. ദുരനുഭവങ്ങളില്‍ തകര്‍ന്നുപോയ കുറെ സുഹൃത്തുക്കളുടെ മുഖം മനസ്സില്‍ മിന്നിത്തെളിഞ്ഞു. മൂടിക്കെട്ടിയ ആകാശംപോലെ ഇരുണ്ട മുഖവുമായി അവര്‍ ഉള്ളില്‍ തിക്കിത്തിരക്കി. എത്രയെത്ര നന്മനിറഞ്ഞ മനസ്സുകളാണുടഞ്ഞു പോയത്! എത്രയെത്ര കണ്ണുകളാണ് അഭയത്തിനായി കൈ നീട്ടുന്നത്! ആശ്രമത്തിന്റെ തടവിലേക്ക് സ്വയം നടന്നുപോയ മീര. ഗണപതി വിഗ്രഹങ്ങള്‍ സ്വപ്നം കാണുന്ന ചിത്രകാരിയായ സരിജ. ഭ്രാന്തിനും സ്വപ്നത്തിനുമിടയില്‍ നിഴലായിത്തീര്‍ന്ന ശാന്തി, മിനി, വല്‍സ, സുജാത,........എന്റെ മുഖത്തെ മാറ്റം കാവേരിയെ അത്ഭുതപ്പെടുത്തി. അവള്‍ പെട്ടെന്നു കണ്ണു തുടച്ചു.^എന്തേ, വെഷമമായോ.....ദുരനുഭവങ്ങളില്‍ തളര്‍ന്നുപോയവരുടെ പേടിപ്പിക്കുന്ന നിസ്സഹായത കണ്ട് ഒളിച്ചോടിയവനാണ് ഞാന്‍. എത്തിപ്പെട്ടതോ മഹാദുരന്തത്തിനു മുന്നിലും. ഇവളുടെ കഥയറിഞ്ഞാല്‍ ഞാന്‍ നിലവിളിച്ചുപോകും....വാതില്‍ വലിച്ചു തുറന്ന് പുറത്തു കടന്നതും സ്വന്തം മുറി തുറന്ന് അകത്തു കയറി കട്ടിലില്‍ വീണതും ഒരു നിമിഷംകൊണ്ടു കഴിഞ്ഞു.സന്ധ്യയേക്കാള്‍ തീക്ഷ്ണമായിരുന്നു പ്രഭാതം. ആദ്യവെളിച്ചത്തില്‍ നിറയെ പുകമഞ്ഞ്. വെള്ളത്തിന് നല്ല ചൂടും. ആകെ പരന്നു കത്തുന്ന വെളിച്ചം.മുറി തുറന്ന് കാവേരിയെത്തേടി ചെന്നപ്പോള്‍ ആമപ്പൂട്ടിനു പിറകില്‍ വെള്ളവാതില്‍ അടഞ്ഞുകിടക്കുന്നു. ഇത്രകാലത്തേ കാവേരി സ്ഥലം വിട്ടോ? ഒരു സാന്ത്വനം അവളുടെ കത്തുന്ന മനസ്സില്‍ തീര്‍ത്ഥജലമാകുമായിരുന്നു.കൌണ്ടറില്‍ കുടവയറും തെളിഞ്ഞ ചിരിയുമുള്ള വൃദ്ധനുണ്ടായിരുന്നു. തലയ്ക്കു മുകളിലെ ചില്ലിട്ട ദേവചിത്രങ്ങളില്‍ ചന്ദനത്തിരി കൂട്ടമായി പുകയുന്നു. രജിസ്റര്‍ പുസ്തകം മുഴുവന്‍ പരതിയിട്ടും കാവേരിയുടെ പേരു മാത്രം കണ്ടില്ല.


വൃദ്ധന്‍ സംശയത്തോടെ എന്നെ തുറിച്ചു നോക്കി.^എന്താ നോക്കണേ.....?^ആ മുറിയിലെ പെണ്‍കുട്ടി പോയോ? വൃദ്ധന്റെ കണ്ണുകളില്‍ പെട്ടെന്നൊരു തിരിമിന്നി.^ആ മുറി ആര്‍ക്കും കൊടുക്കാറില്ലല്ലോ. തുറക്കാറുമില്ല.^അപ്പോള്‍ കാവേരി ഏതു മുറിയിലായിരുന്നു?വൃദ്ധന്‍ ദേവചിത്രങ്ങളില്‍ നോക്കി. ചിത്രത്തിനു മുമ്പിലെ കൊച്ചുതിരി ഒന്നുകൂടി നീട്ടി. കാവേരി മാതാവിന്റെ ചിത്രത്തിനുമുമ്പില്‍ കൈകൂപ്പി കുമ്പിട്ടു.വൃദ്ധന്‍ പെട്ടെന്ന് പുസ്തകമടച്ച് പൂജാമുറിയിലേക്കു പാഞ്ഞുപോയി. പൂജാമുറിയില്‍ മണികള്‍ കിലുങ്ങുന്നു. മന്ത്രങ്ങള്‍ ഉയരുന്നു.ഒരു തരം ഉന്മാദത്തോടെ ഞാന്‍ കാവേരിപ്പടികള്‍ ഒന്നൊന്നായി പാഞ്ഞിറങ്ങി. കാവേരിയിലെ കൊടുംതണുപ്പുള്ള വെള്ളത്തില്‍ ഉടുതുണിയഴിക്കാതെ മുങ്ങിക്കിടന്നു.


8 comments:

മൊയ്തു വാണിമേല്‍ said...

കാവേരിക്കുന്നില്‍ നിന്നു നോക്കിയാല്‍ എങ്ങും നീല കുന്നുകളാണ്. കിഴക്കന്‍ കുന്നുകളില്‍ പുകമഞ്ഞു വീണ് ആകാശവും ഭൂമിയും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരുന്നു. സൂര്യനു ചുറ്റും തീക്ഷ്ണമാകുന്ന സന്ധ്യാനിറങ്ങള്‍.



May 18, 2009 5:21 AM

sree said...

ikakaa



May 20, 2009 5:07 AM

Abdul Hameed said...

okey see u



May 20, 2009 7:31 AM

G.manu said...

തൂവല്‍‌സ്പര്‍ശം പോലൊരു കുറിപ്പ്..



June 3, 2009 4:30 AM

സുല്‍
Sul said...

ഇഷ്ടമായി ഈ കഥ.

-സുല്‍



June 14, 2009 9:21 PM

abc said...

its a nice story.....thank u....



July 12, 2009 11:01 AM

rashid said...

dear moiduka...

it feels really innocent words. and reflects pure art of writing



may allah bless u again and again



rashid nizamy koolivayal(wayanad)

9846242212

rashidkoolivayal@gmail.com


July 30, 2009 1:20 AM



അഭിപ്രായങ്ങളൊന്നുമില്ല: