2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

ഭൂമിവാതുക്കലെ കുതിരകള്‍ഭൂമിവാതുക്കല്‍ ആദ്യമായി ഒരു കുതിരയെ വാങ്ങിയത് കുഞ്ഞ്യേറ്റിഹാജി.ഗള്‍ഫ് പണത്തിന്റെ ഹുങ്ക് ഫോര്‍ഡും ടയോട്ടയും മറ്റുമായി നാട്ടിലാകെ പറന്നു നടക്കുമ്പോള്‍ അയാള്‍ മാത്രമെന്തിന് ഒരു വെള്ളക്കുതിരയുമായി പറന്നുവന്നു? എന്തിന്?
ഒരു വൈകുന്നേരമാണ് അങ്ങാടിയിലെ ആള്‍ത്തിരക്കിലേക്ക് കുഞ്ഞാമന്‍ എന്ന വെള്ളക്കുതിരപ്പുറത്ത് അയാള്‍ പറന്നുവന്നത്.കൊളപ്പറമ്പിന്റെ ഇറക്കത്തിലാണ് ഭൂമിവാതുക്കലങ്ങാടി തുടങ്ങുന്നത്. മറ്റൊരിറക്കത്തില്‍ അങ്ങാടി അവസാനിക്കുന്നു. രണ്ടിറക്കത്തിനിടയില്‍ ഇരുവശങ്ങളിലും ഞെങ്ങിഞെരുങ്ങി കടകള്‍. നടുമധ്യത്തില്‍ മീന്‍ചാപ്പ.
വലിയൊരു ഷെഡാണ് മീന്‍ ചാപ്പ. പലതരം മീനുകളുടെ ചുവന്ന നീരൊലിച്ച് നനഞ്ഞ തറയിലൂടെ വേണം നടക്കാന്‍. നിരനിരയായി വെച്ച മീന്‍കൊട്ടകളില്‍ തടിച്ച ഈച്ചകള്‍ മൂളിപ്പറക്കുന്നുണ്ടാകും. പലതരം മീനുകളുടെ പലതരം നാറ്റങ്ങള്‍ ഒന്നുചേര്‍ന്ന് ഛര്‍ദിക്കാന്‍ തോന്നുംവിധം അസഹനീയമായ ഒരുതരം നാറ്റം^ അവിടെ നിറഞ്ഞുനില്‍ക്കും. ഇത്രയും നാറ്റമുള്ള ശവങ്ങളാണ് പൊരിച്ചും മുളകിട്ടും തേങ്ങയരച്ച് കറിവെച്ചും രുചിയോടെ തിന്നുന്നതെന്ന്, തിന്നുമ്പോള്‍ ആരും ഓര്‍ക്കാറില്ല. ഓക്കാനിക്കാറുമില്ല.കുന്നും മലയും കയറി, പണികഴിഞ്ഞ് വിയര്‍ത്തൊലിച്ചുവരുന്ന ആണും പെണ്ണും നിറഞ്ഞ്, നിന്നുതിരിയാനിടമില്ലാത്ത ഒരങ്ങാടി. അങ്ങാടിയുടെ കേന്ദ്രമായി മീന്‍ ചാപ്പയും. ഇസ്തിരിയിട്ടു മീന്‍ വാങ്ങാനെത്തിയാല്‍ കുപ്പായത്തിലും മുണ്ടിലും മീന്‍കറ പറ്റാതെ രക്ഷപ്പെടുക അസാധ്യം. തറയിലാകെ ഒലിച്ചുപരന്ന നീര് ചെരിപ്പില്‍ നനവും നാറ്റവുമായി ഏറെനേരം കൂടെയുണ്ടാകും. വീട്ടിലെത്തി കിണറ്റുകരയില്‍ കഴുകിയാലും കഴുകിയാലും തീരാത്ത ഒരുതരം മീന്‍നാറ്റം.മീന്‍ചാപ്പത്തിരക്കിലേക്ക് മാപ്പിള സ്കൂളിലെ കുട്ടികളും ഹിന്ദു സ്കൂളിലെ കുട്ടികളും കൂടിവന്നു നിറയുന്നതോടെ അങ്ങാടി ജില്ലാസമ്മേളനത്തിന്റെ പരുവത്തിലാകും.
 മനുഷ്യര്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഭൂമിവാതുക്കലങ്ങാടി. അതിന്റെ ചങ്കിലേക്കാണ് കുത്തനെയുള്ള ഇറക്കമിറങ്ങി കുഞ്ഞാമന്‍ എന്ന വെള്ളക്കുതിരയും കുഞ്ഞ്യേറ്റിഹാജിയും....
അടച്ചിട്ട പീടിക വരാന്തയില്‍, ചാരുകസേരയില്‍, അര്‍ധമയക്കത്തില്‍, മൊയ്തീനാജി കുളമ്പടി കേട്ടു.സിംഹക്കൂടുകളും കരടിയും ഒട്ടകങ്ങളും കുരങ്ങന്മാരുമായി സര്‍ക്കസുകാരെത്തുമ്പോഴാണ് നാട്ടില്‍ കുളമ്പടി കേള്‍ക്കുക. മുഖത്ത് വെള്ളവട്ടം വരണ്ട് കൂര്‍മ്പന്‍ തൊപ്പിയുമായി കോമാളിമാരാകും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും എഴുന്നള്ളുക. കാപ്പിരി മുടിയുള്ള രണ്ടുപേര്‍ ചെണ്ടകൊട്ടി മുന്നില്‍ നടക്കും. അവര്‍ക്കു മുന്നില്‍ വലിയൊരു പരസ്യബോര്‍ഡും പിടിച്ച് സുന്ദരിമാര്‍ സര്‍ക്കസ് വേഷത്തിലിറങ്ങും.ആള്‍ത്തിരക്കേറിയ ഭൂമിവാതുക്കലങ്ങാടിയിലേക്ക് കൊളപ്പറമ്പിന്റെ ഇറക്കമിറങ്ങി തല ഉയര്‍ത്തിപ്പിടിച്ച ഒട്ടകവുമായി സര്‍ക്കസ് സംഘം ഇറങ്ങിവരുന്നത് ഒരു മായക്കാഴ്ചപോലെ തോന്നും.
ഘോഷയാത്ര കണ്ടവരിലാര്‍ക്കും സര്‍ക്കസ് കാണാതിരിക്കാനാവില്ല. എന്തു തിരക്കായാലും രാത്രി അവരുടെ ഉള്ളില്‍ സര്‍ക്കസ് സുന്ദരിമാര്‍ ഊഞ്ഞാലാടിത്തിമിര്‍ക്കും.സര്‍ക്കസുകാരെത്തിയാല്‍ കൊളപ്പറമ്പില്‍ സന്ധ്യയും മോന്തിയും ഉല്‍സവലഹരിയിലാകും. പ്രവേശന കവാടത്തിലെ ചെറിയ സ്റ്റേജില്‍ വൈകുന്നേരം തൊട്ട് സുന്ദരിമാരും സുന്ദരന്മാരും നൃത്തമാടും. പഴയ ഹിന്ദി, തമിഴ് സിനിമാപ്പാട്ടുകള്‍ക്ക് ഒപ്പമായിരിക്കും നൃത്തം. ടിക്കറ്റെടുക്കാന്‍ വകയില്ലാത്ത കുട്ടികള്‍ രാവിലെ മുതല്‍ അണ്ടി പെറുക്കിയും അടക്ക പെറുക്കിയും ടിക്കറ്റിനുള്ള വകയൊപ്പിക്കും. അതിനും കഴിയാത്തവര്‍ക്കുള്ളതാണ് സൌജന്യമായി കാണാവുന്ന റിക്കാര്‍ഡ് ഡാന്‍സ്.
ഇത് ആ സര്‍ക്കസ് കാലമല്ല. മൊയ്തീനാജി ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല. വെള്ളിയോട്ടെ തങ്ങളും പരിവാരങ്ങളും ഏഴു കുതിരകളുമായി സവാരിക്കിറങ്ങുന്നത് പാതിരാക്കുശേഷം. അവ പുറകോട്ടാണ് പായുക. പറഞ്ഞുകേട്ടതല്ലാതെ അവയെ ആരും കണ്ടിട്ടില്ല. കണ്ടവരാരും ജീവിച്ചിരുന്നിട്ടുമില്ല.
പിന്നെ ഇതെവിടന്ന്? അങ്ങാടിയുടെ കുപ്പിക്കഴുത്തുപോലുള്ള ചങ്കിലേക്ക് ഒരു കുതിരക്കുളമ്പടി!മീഞ്ചാപ്പക്കു മുന്നില്‍ കുഞ്ഞ്യേറ്റിഹാജി കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി. അതൃപ്പം കാണാന്‍ ആളുകള്‍ ഓടിക്കൂടി. കൊളപ്പറമ്പിന്റെ ഇറക്കമിറങ്ങി കുട്ടികള്‍ നിരനിരയായി ഓടിവന്നു. അങ്ങാടിക്കു നടുവിലെ ആള്‍ത്തിരക്കിനു പിറകില്‍ വിലങ്ങാട് ബസ് ഏറെ നേരം ഹോണടിച്ചിട്ടും ആളുകള്‍ മാറിയില്ല. കുതിര തല ഉയര്‍ത്തി സുജാത ബസിനെ നോക്കി. ബോര്‍ഡ് വായിച്ചെടുത്തു. കണ്ണൂര്‍-തലശേãരി-നാദാപുരം-വിലങ്ങാട്.
ചിലര്‍ കുതിരയെ തൊട്ടു. ചിലര്‍ തൊട്ടുഴിഞ്ഞു. കഴുത്തിലെ കുടമണി കിലുക്കിക്കളിച്ചു. തിക്കിത്തിരക്കിനിടയില്‍ ആരോ കുതിരവാലിലെ രോമം പിടിച്ചുവലിച്ചിരിക്കണം. ഒരമറലും കുടയലും. കുഞ്ഞാമന്റെ പിന്‍കാല്‍ തൊഴിയേറ്റ് രണ്ടു പേര്‍ മലര്‍ന്നു. ആളുകള്‍ ചിതറിയോടി.കുട്ടികള്‍ നിലവിളിച്ചു. ഓടുന്നതിനിടയില്‍ ചിലര്‍ തടഞ്ഞുവീണു.മീന്‍ചാപ്പയില്‍നിന്ന് ജാതിച്ചപ്പില്‍ പൊതിഞ്ഞ അയക്കൂറയുമായി കുഞ്ഞ്യേറ്റിഹാജി റോഡിലിറങ്ങുമ്പോള്‍ മുട്ടുപൊട്ടി ചോരയൊലിച്ച് കുഞ്ഞിക്കണാരന്‍ പിടയ്ക്കുന്നു.ആരോ പറഞ്ഞു^
 ''ഓനെ കുതിര ചബ്ട്ടി''.
ഹാജിയാര്‍ കുതിരപ്പുറത്തു തൂക്കിയ ചാക്കുകീശയില്‍ അയക്കൂറ നിക്ഷേപിച്ച് കുഞ്ഞിക്കണാരനെ വാരിയെടുത്ത് കുതിരപ്പുറത്ത് കിടത്തി. കുതിരപ്പുറത്തു ചാടിക്കയറി. മുന്നിലുള്ളവര്‍ പേടിച്ച് പിറകോട്ടു മാറിയപ്പോള്‍ തുറന്നുവന്ന വഴിയിലൂടെ കുതിരയും കുഞ്ഞിക്കണാരനും ഹാജിയാരും പറന്നു. പിറകെ കുട്ടികളും
.കുഞ്ഞ്യേറ്റിഹാജി എപ്പോഴും ഇങ്ങനെയാണ്. എല്ലാരും ചിന്തിക്കുന്നതിനുമപ്പുറത്താകും ഹാജിയാരുടെ ചിന്ത. ആരും വിചാരിക്കാത്തതാകും ചെയ്യുക.എല്ലാരും രണ്ടു കണ്ണാലെ കാണുമ്പോള്‍ ഹാജിയാര്‍ മൂന്നു കണ്ണാലെ കാണുന്നു. മൂന്നാമത്തെ കണ്ണെവിടെയെന്ന് ആര്‍ക്കുമറിയില്ല. ഹാജിയാര്‍ ഉറങ്ങുമ്പോള്‍ രഹസ്യമായി പലരും പിറകിലെ മുടി പതുക്കെ നീക്കി മൂന്നാംകണ്ണു തിരയും. പുരികംപോലും കാണുകയുമില്ല. ഹാജിയാരുറങ്ങുമ്പോള്‍ മൂന്നാംകണ്ണും ഉറക്കത്തിലാകും. അതാണ് കാണാത്തത്. ഉണര്‍ന്നിരിക്കുന്ന ഹാജിയാരുടെ തല പരതാന്‍ അവരാരും ധൈര്യപ്പെട്ടില്ല. ആരും കാണാത്ത ഒരു കണ്ണ് ഹാജിയാര്‍ക്കുണ്ടെന്ന് എങ്കിലും അവര്‍ വിശ്വസിച്ചു.
വിസക്കും പാസ്പോര്‍ട്ടിനുമായി നാട്ടുകാര്‍ ഓടിനടക്കുമ്പോള്‍ കുഞ്ഞ്യേറ്റിഹാജി പരിഹസിച്ചു:
''^അറബീന്റടുക്കളപ്പണിക്ക് ഇന്നെക്കിട്ടൂല്ല''.
എല്ലാവരും ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ഹാജിയാര്‍ അങ്ങാടിയിലെ പീടികമുറികള്‍ പൊളിച്ചുമാറ്റി മരക്കച്ചവടം തുടങ്ങി. ഈര്‍ച്ചയും ചിപ്പിയിടലും വെട്ടലും മുറിക്കലും. ദിവസങ്ങള്‍ക്കകം കൊല്ലത്തുകാരായ ആശാരിമാരെത്തി. തെങ്ങിന്‍ തടിയില്‍ നിന്ന് സുന്ദരമായ കസേരയും മേശയും മാത്രമല്ല, വാതില്‍പാളിയുമുണ്ടാക്കാമെന്ന് നാട്ടുകാരറിഞ്ഞു.നാട്ടുമൂപ്പന്മാരെല്ലാം പെണ്‍മക്കളെ കെട്ടിക്കാന്‍ ഗള്‍ഫുപണക്കാരെ തിരഞ്ഞു വിയര്‍ക്കുമ്പോള്‍ ഹാജിയാര്‍ ഏകമകള്‍ക്ക് കണ്ടെത്തിയത് ഒരു എല്‍.പി സ്കൂള്‍ മാഷിനെ.ആളുകള്‍ മൂക്കത്തു വിരല്‍വെച്ചു. മൊയ്തീനാജി ചാരുകസേരയിലെ മയക്കം ഞെട്ടി അനുയായികളോട് പറഞ്ഞു:'
'കുഞ്ഞ്യേറ്റ്യാജീന്റെ മോള്‍ടെ കെട്ട്യോന്‍ ആരാ?... അല്ല.... ആരാ....?''
ആരും മറുപടി പറയാതായപ്പോള്‍ മൊയ്തീനാജിതന്നെ മറുപടിയും പറഞ്ഞു:
''^പൂസ്ലാന്റെ മോന്‍!''
അനുയായികള്‍ മൂക്കത്തു വിരല്‍വെച്ചു. മൊയ്തീനാജി വായ നിറയെ ചിരിച്ചു^ ചിരട്ടകള്‍ കൂട്ടിയുരയ്ക്കുന്ന ശബ്ദത്തില്‍.
മതം മാറിവന്ന ഏതോ തിയ്യന്റെ മോനാണ് പുതിയാപ്ല എന്നത് പുതിയ അറിവാണ്. അയ്യാള്‍ക്കെന്താ? പണമില്ലേ.... തറവാടില്ലേ..... എന്നിട്ടും ഒരു പുസ്ലാന്‍കുട്ടി.....ഇതറിഞ്ഞ് കുഞ്ഞ്യേറ്റിഹാജി പരസ്യമായി വെല്ലുവിളിച്ചു
^''മൊയ്തീനാജിന്റെ മോളെ കെട്ട്യോനെന്താ പണി? അറബിക്കുട്ട്യോള്‍ടെ തീട്ടം കോരല്!''
ഫോറിന്‍ കാറുമായി വന്ന ഇസ്മാലൂട്ടിയും കുഞ്ഞിക്കാദറും ബാവഹാജിയുമെല്ലാം കുഞ്ഞ്യേറ്റിഹാജിക്കു മുന്നില്‍ നെയ്യുറുമ്പിനോളം ചെറുതായി.
അങ്ങാടിയില്‍ നിറുത്തിയിട്ട മായിനാജിയുടെ ഷെവര്‍ലെ കാറിന്റെ കറുത്ത ചില്ലില്‍ പുഴു തിന്നു തീര്‍ത്ത പല്ലിന്റെ ചന്തം നോക്കി രസിക്കുകയാണ് കുട്ടികള്‍. ചായപ്പീടികയിലിരുന്നു മായിനാജി അതുകണ്ട് കോരിത്തരിച്ചു. ആരും നോക്കിപ്പോകുന്ന ചോരനിറമാണ് കാറിന്. കൂളിംഗ് ഗ്ലാസ് വെച്ച് കാറിലിരുന്ന് സ്റ്റിയറിംഗില്‍ പിടിക്കുമ്പോള്‍ ആനപ്പുറത്തിരിക്കുന്ന രാജാവിനോളം മായിനാജി പൊങ്ങും. നാട്ടുകാര്‍ അതൃപ്പത്തോടെ തന്നെയും തന്റെ ഷെവര്‍ലെയെയും നോക്കിനില്‍ക്കുന്നത് കണ്ടാല്‍ ഒന്നുകൂടി പൊങ്ങും. പൊങ്ങിപ്പൊങ്ങി സ്റ്റിയറിംഗില്‍ പിടിച്ച് കണ്ണാടിയില്‍ സ്വന്തം മുഖത്തിന്റെ ചന്തം നോക്കുമ്പോഴാണ് കുഞ്ഞ്യേറ്റിഹാജിയും കുതിരയും പറന്നുവന്നത്.
കുട്ടികള്‍ കുതിരയെ കണ്ടപ്പോള്‍ ഷെവര്‍ലെ മറന്നു. അവര്‍ കുതിരയെ നോക്കി വാപിളര്‍ന്നു. മായിനാജിക്ക് അരിശം അടക്കാനായില്ല. കാറ് തൊട്ട് അഴുക്കാക്കിയതിന് കുട്ടികളെ നോക്കി അയാള്‍ കയര്‍ത്തു:'
'^പോയിനെടാ പന്നികളേ....''
മീഞ്ചാപ്പക്കു മുന്നില്‍ കുതിരയിറങ്ങി കുഞ്ഞ്യേറ്റിഹാജി കുഞ്ഞാമന്റെ കുഞ്ചി മൂന്നു തവണ തലോടി. കുതിരച്ചന്തം നോക്കി വട്ടം കൂടിയ നാട്ടുകാരോട് പറഞ്ഞു:'
^ഓന്റോരി കാറ്! ഒരു യുദ്ധം ബരട്ടെ, ഒരുതുള്ളി പെട്രോള്‍ കിട്ടൂല്ല. അപ്പോ കാണാം, ഇബനെല്ലാം കുമ്പേം കുലുക്കി നടക്കും.''
ഏതു കാടും മലയും കയറി പറക്കുന്നവന്‍ കുതിര. മായിനാജിയും മൊയ്തീനാജിയും സ്വന്തം കാറുകളിലാണ് മരുതാല മലയിലേക്ക് പോവുക. കുന്നു കയറുംമുമ്പ് റോഡ് തീരും. പിന്നെ സ്വന്തം പറമ്പിലെത്താന്‍ കുന്ന് നടന്നുകയറി കിതയ്ക്കണം. വിയര്‍ത്തും കിതച്ചും കുന്നു കയറുമ്പോഴാകും കുഞ്ഞ്യേറ്റിഹാജിയും കുഞ്ഞാമനും പറന്നുപോവുക. അപ്പോള്‍ അസൂയയുടെയും വെറുപ്പിന്റെയും ഇരുട്ടുവന്നു മൂടി അവര്‍ അന്ധരാകും.
ഭൂമിവാതുക്കല്‍ രണ്ടാമതൊരു കുതിരയുമായി രംഗത്തിറങ്ങാന്‍ കുഞ്ഞിക്കോരനെ നിര്‍ബന്ധിച്ചത് മലകയറ്റമാണ്. പകുതി കയറും മുമ്പ് അയാള്‍ ശ്വാസംമുട്ടി ഇരുന്നുപോകും. ഭാരിച്ച തടിയും പേറി പറമ്പിലെത്താനാകാതെ എത്രയോ തവണ തിരിച്ചുപോരേണ്ടിവന്നിട്ടുണ്ട്.
മൈസൂരില്‍പോയി കുഞ്ഞിക്കോരന് ചെമ്പന്‍ കുതിരയെ വാങ്ങിക്കൊടുത്തത് ഹാജിയാര്‍. അതും രാജരക്തം. വൊടയാര്‍ രാജാവിന്റെ കുതിരകളുടെ ചെറുമക്കളുടെ മകള്‍. കുതിരക്ക് 'കുഞ്ഞുലച്മി' എന്നു പേരുവിളിച്ചതും കുഞ്ഞിക്കോരനെ കുതിരപ്പുറത്തു പറക്കാന്‍ പരിശീലിപ്പിച്ചതും ഹാജിയാര്‍.
കുഞ്ഞുലച്മി ഇണചേരാന്‍ ഇടക്കിടെ ഹാജിയാരുടെ ബംഗ്ലാവിലെത്തും. കുതിരകളുടെ ഇണചേരല്‍ കണ്ടുനില്‍ക്കുന്നതില്‍ കുഞ്ഞിക്കോരനാണ് ഏറെ ആവേശം. താന്‍ തന്നെ ഇണചേരുന്നതുപോലെയാകും അപ്പോള്‍ അയാളുടെ മുഖഭാവം. ഒരു പുതിയാപ്ലയുടെ നെഞ്ഞുരുക്കത്തോടെ കുഞ്ഞാമന്‍ ചിനച്ചുതുടങ്ങും. ഹാജിയാരും കുഞ്ഞിക്കോരനും മട്ടുപ്പാവിലിരുന്ന് കുഞ്ഞുലച്മിയുടെയും കുഞ്ഞാമന്റെയും കാമാസക്തികള്‍ കണ്ടുരസിക്കും. ബീബിയോടും മക്കളോടും വേലക്കാരോടും നേരത്തേ കിടന്നുറങ്ങിക്കോളാന്‍ കല്‍പന നല്‍കിയ ശേഷമാണ് പാതിരാക്ക് ഈ നീലക്കാഴ്ചകള്‍.
അത് പെണ്ണുങ്ങള്‍ കാണരുതെന്നാണ് നിയമം. അത് ഹറാമാണ്.
കുതിരകളുടെ ലോഹം മുറിക്കുന്ന കരച്ചിലും മണത്തുനടപ്പും കണ്ട് ഇരുവരും ഞരമ്പു വലിഞ്ഞുമുറുകി..... ജീവിതത്തിലന്നോളം കേട്ട അശ്ലീലകഥകളുടെ കെട്ടഴിക്കുന്നത് അന്നേരമാകും.
ലഹള തുടങ്ങിയതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. ആളുകള്‍ പലേടത്തും കൂട്ടംകൂടി നില്‍ക്കുന്നതല്ലാതെ പഴയ ഒഴുക്കില്ല. കുളിച്ച് കുറിതൊട്ട്, കണ്ണെഴുതി പൂചൂടി, മീന്‍ വാങ്ങാനെത്തുന്ന പെണ്ണുങ്ങളാരും അങ്ങാടിയിലെത്തിയില്ല. അവര്‍ക്കു പിറകേ കുറുകി നടന്ന് ചായപ്പീടികകളുടെ പിന്നാമ്പുറങ്ങളില്‍ നേരം പോക്കിയ വാല്യേക്കാരും എത്തിയില്ല.
ലഹള തുടങ്ങിയതിന്റെ മൂന്നാം നാള്‍ കുഞ്ഞ്യേറ്റിഹാജിയുടെ മരപ്പീടികക്ക് ആരോ പെട്രോള്‍ ഒഴിച്ച് തീകൊടുത്തു. നാട്ടുകാര്‍ പാഞ്ഞെത്തി രാവും പകലും അധ്വാനിച്ചാണ് അങ്ങാടിയിലെ മറ്റു കടകള്‍ രക്ഷിച്ചെടുത്തത്.
മട്ടുപ്പാവിലിരുന്ന് കുതിരകളുടെ കാമലീലകള്‍ കണ്ട് ആസ്വദിച്ച കുഞ്ഞ്യേറ്റിഹാജിയും കുഞ്ഞിക്കോരനും ഇന്നു ശത്രുക്കള്‍. കുഞ്ഞിക്കോരന്‍ പെട്ടെന്നാണ് എതിര്‍ സൈന്യത്തിന്റെ കമാന്ററായത്. സജീവനെ കൊന്നതിന് ഇബ്രാഹിമിനെ കൊന്ന് അവര്‍ പകരംവീട്ടി. ഇപ്പോള്‍ സമാസമം.
ലഹളക്കാലം പാപങ്ങളുടെയും പകയുടേതുമാണ്. അതിന് സാമാന്യയുക്തികളോ നീതികളോ ഇല്ല. മൂന്നു കണ്ണാലെ ലോകത്തെ കണ്ട കുഞ്ഞ്യേറ്റിഹാജി ഇന്നു വെറും ഒറ്റക്കണ്ണന്‍.
പൊലീസുകാര്‍ നോക്കിനില്‍ക്കെ എവിടുന്നെല്ലാമോ ബോംബുകള്‍ വന്നുവീഴുന്നു. പൊട്ടിത്തെറിക്കുന്നു. പൊലീസുകാര്‍ ജീവന്‍ ലാത്തിയില്‍ തൂക്കി ഓടിരക്ഷപ്പെടുന്നു.
കുഞ്ഞിക്കോരന്‍ മലയോരത്താണ് തമ്പടിച്ചത്. ഹാജിയാരുടെ തോട്ടത്തില്‍ ഒറ്റത്തെങ്ങിനും തല ബാക്കിവെച്ചില്ല. വാഴകള്‍ വെട്ടിനുറുക്കി അവര്‍ രാത്രികാലങ്ങളില്‍ തീകാഞ്ഞു.
വൃശ്ചികത്തിലെ തണുത്ത കാറ്റിലും ഹാജിയാര്‍ വിയര്‍ത്തു. ദൂരെ എവിടുന്നോ കേട്ട സ്ഫോടനം ഉള്‍ക്കിടലമുണ്ടാക്കി. നിലാവത്തിറങ്ങിയ കുറുക്കന്മാര്‍ നിറുത്താതെ ഓരിയിട്ടുകൊണ്ടിരുന്നു. ദൂരെ എവിടെയോ ഒരു പട്ടി ദീനമായി നീട്ടിക്കരയുന്നു.
 തന്റെ സൈനികരെല്ലാം സായുധരായി നിലയുറപ്പിച്ചിരിക്കുകയാണ്. ഓരോ വീടിനും അവരുടെ അദൃശ്യമായ കാവലുണ്ട്. എങ്കിലും സ്വന്തം വീടിന് ഇന്ന് ഒരാളും കാവലില്ലെന്ന സത്യം അയാളെ നടുക്കി. അരയില്‍ തിരുകിയ കൈത്തോക്ക് അവിടെത്തന്നെയുണ്ടെന്ന് ഇടക്കിടെ ഉറപ്പുവരുത്തി.
ശത്രുവിനെ ആദ്യം വെടിവെക്കുന്നവനാണ് ജേതാവ്. അല്ലെങ്കില്‍ അവന്‍ തന്നെ കൊല്ലും.
കാര്‍ഷെഡില്‍ തന്റെ ഇണയുടെ ചൂരിനായി കുഞ്ഞാമന്‍ ദിവസങ്ങളായി ചിനയ്ക്കുന്നു. അതിന്റെ അമറലും അനുസരണക്കേടും കാലിട്ടടിയുമെല്ലാം അറിയുന്നുണ്ട്. ഈ ലഹളക്കാലത്ത് പക്ഷെ, എന്തുചെയ്യാന്‍? ലഹള ഒടുങ്ങിയാല്‍ മൈസൂരില്‍ പോയി കുഞ്ഞുലച്മിയേക്കാള്‍ മൊഞ്ചുള്ള ഒരുത്തിയെ കാഴ്ചവെക്കാമെന്ന് പലതവണ പറഞ്ഞെങ്കിലും കുഞ്ഞാമനത് തലയില്‍ കേറിയ മട്ടില്ല. കുഞ്ഞാമന്‍ നിലാവുള്ള ആ രാത്രിയില്‍ ഏറെനേരം ചിനച്ചു. ലോഹം കീറുന്ന ഒച്ചയില്‍ കരഞ്ഞു. കാര്‍ഷെഡിന്റെ വാതില്‍ കരകരാ ഞെരങ്ങുന്നത് കേട്ട് ഹാജിയാര്‍ പാഞ്ഞെണീറ്റു. ഗ്രില്‍സിനെ മറച്ച തൂക്കുവിരിയുടെ മറവില്‍ പതുങ്ങിനോക്കുമ്പോള്‍ കുഞ്ഞാമനതാ തല ഉയര്‍ത്തി ഗേറ്റിലേക്കു നടന്നുപോകുന്നു. ഗേറ്റ് അടച്ചുപൂട്ടിയതാണല്ലോ എന്നു സമാധാനിച്ച് ഹാജിയാര്‍ ബീബിയുടെ അടുത്തേക്കു മടങ്ങി.
കാലത്ത് ആരോ ഗേറ്റ് തുറക്കുന്ന ഒച്ചകേട്ടാണ് ഞെട്ടിയുണര്‍ന്നത്. നേരം വെളുത്ത് വെയില്‍ ഉദിച്ചിട്ടും ഉണരാത്തതില്‍ ഹാജിയാര്‍ ആശ്ചര്യപ്പെട്ടു.രാത്രി കാവല്‍ കഴിഞ്ഞെത്തിയ മമ്മൂട്ടിയും ഹമീദുമാണ്. അവര്‍ ഗേറ്റ് കൊളുത്തിട്ട് വീട്ടിലേക്ക് നടന്നുവരുന്നു.
ഇന്നെന്തായിരിക്കും വാര്‍ത്തകള്‍!വരാന്തയിലേക്ക് കോണിയിറങ്ങുമ്പോഴാണ് ഹാജിയാര്‍ കുഞ്ഞാമനെ ഓര്‍ത്തത്. കാര്‍ഷെഡിന്റെ വാതില്‍ തുറന്നുകിടക്കുന്നു. മുറ്റത്തും തൊടിയിലും കുഞ്ഞാമനില്ല.
''എവിടെ? കുഞ്ഞാമനെവിടെ?''
മമ്മൂട്ടിയാണ് ഹാജിയാരെ വിവരമറിയിച്ചത്. കൊളപ്പറമ്പത്തെ മൈതാനത്ത് കുഞ്ഞാമനും കുഞ്ഞുലച്മിയും ചിനച്ചും മണത്തും....സ്വന്തം നെഞ്ഞിലേക്ക് ആരോ കാസായിക്കത്തി എറിഞ്ഞപോലെ ഹാജിയാര്‍ ഞെട്ടിപ്പോയി. കുഞ്ഞാമന്‍ മതില്‍ചാടിപ്പോയതിലല്ല, ഒരിസ്ലാമായ കുഞ്ഞാമന്‍, കുഞ്ഞുലച്മിയുമൊത്ത്... അതും പരസ്പരം കൊന്നൊടുക്കുന്ന ലഹളക്കാലത്ത്.....കാലിന്റെ പെരുവിരലില്‍നിന്ന് ചോര തലച്ചോറിലേക്ക് ഇരച്ചുകയറുന്നു. പല്ലുകള്‍ കൂട്ടിയുരഞ്ഞ് കരകര ഞെരുങ്ങുന്നു. ഹാജിയാര്‍ മുകളിലേക്ക് പാഞ്ഞുകയറി.... തലയിണക്കടിയില്‍നിന്ന് കൈത്തോക്ക് വലിച്ചെടുത്ത് അതിലും വേഗത്തില്‍ പാഞ്ഞിറങ്ങി.
''^ആയ്യാറെന്താ കാട്ട്ന്ന്?''
മമ്മൂട്ടിയുടെ ചോദ്യം ഹാജിയാര്‍ കേട്ടില്ല. കള്ളിമുണ്ട് മടക്കിക്കുത്തി മുറ്റത്തേക്ക് ചാടിയിറങ്ങുമ്പോള്‍ ഹാജിയാര്‍ നിലവിളിച്ചു.
''^ഓന്‍ ഇസ്ലാമല്ല. ഓനെ ഞാന്‍ കൊല്ലും.''l

4 അഭിപ്രായങ്ങൾ:

സലാഹ് പറഞ്ഞു...

കുതിരക്കുളന്പടികള് നിലച്ചിട്ടില്ല.
നടന്ന കഥയാണോ മൊയ്തുക്കാ

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

വര്‍ത്തമാകാല യാഥാര്‍ത്ഥ്യങ്ങളെ തീഷ്ണവും രസകരവുമായി അവതരിപ്പിച്ച ആക്ഷേപഹാസ്യം.

Abdul Hameed പറഞ്ഞു...

സത്യം പറയട്ടെ , മോഇദീന്‍ ഹാജിയും കസേരയും ഇന്നും എന്റെ കണ്മുമ്പില്‍ കാണുന്നത് പോലെ

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

കുഞ്ഞാമനും കുഞ്ഞുലച്മിയും...
ഈ ലഹളക്കിടയിലും................
കൊള്ളാം ഈ എഴുത്ത് .....രസകരം
ഉള്‍കൊണ്ടിരിക്കുന്ന കുറെ നല്ല ചിന്തകളും