2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

പ്രകോപനം ഒളികാമറ അഭിമുഖം


പ്രകോപനം ഒളികാമറ അഭിമുഖം




മലപ്പുറം: തനിക്കെതിരെ ബന്ധുവായ റഊഫ് ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചതാണ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, റഊഫിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ഉണ്ടായ പ്രകോപനമെന്ന് സൂചന. റഊഫ് ഇക്കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഡ്രൈവറെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഒളികാമറയില്‍ കുടുക്കിയതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമായത്. മലപ്പുറത്തെ ഒരു ലോഡ്ജില്‍വെച്ച് ഒളികാമറ ഉപയോഗിച്ച് നടത്തിയ രഹസ്യ അഭിമുഖശ്രമം പുറത്തായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ അഭിമുഖത്തിനിടെ ഒളികാമറ ഉപയോഗിക്കുന്ന വിവരം ഡ്രൈവര്‍ തിരിച്ചറിയുകയുമുണ്ടായി. തുടര്‍ന്ന് തന്നെ മുറിയിലടച്ചിട്ടുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഈ സംഭവമാണ് പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്. മൂന്ന് മാധ്യമങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ കൈമാറിയതായി റഊഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഈ ഒളികാമറ വാര്‍ത്ത വരാതിരിക്കാന്‍ ചാനല്‍ മേധാവികളില്‍ കാര്യമായ സമ്മര്‍ദം നടന്നിട്ടുണ്ട്. ഇതുവരെ ഈ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മറ്റു മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിടുമോ എന്ന ആശങ്ക കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കുണ്ട്. റഊഫ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ശരിവെക്കുന്ന വിവരങ്ങളാണ് ഇന്നലെ റഊഫിന്റെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമായത്. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ തന്റെ കൈയിലുണ്ടെന്നും ഈ രേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. മമ്പാട് റബര്‍ ഫാക്ടറികള്‍ക്ക് തീയിട്ട കേസില്‍ റഊഫിന് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ചതും റഊഫിനെ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചാണെന്ന് വേണം കരുതാന്‍.


അഭിപ്രായങ്ങളൊന്നുമില്ല: