2011, ഫെബ്രുവരി 5, ശനിയാഴ്‌ച

മുസ്‌ലിംലീഗ് നേതൃയോഗം ഇന്ന്; തെളിവുകള്‍ അവതരിപ്പിക്കും


Saturday, February 5,  • മലപ്പുറം: ഞായറാഴ്ച നടക്കുന്ന മുസ്‌ലിംലീഗ് നേതൃയോഗത്തില്‍ ഗൂഢാലോചന സംബന്ധിച്ച് താന്‍ ശേഖരിച്ച തെളിവുകള്‍ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചേക്കും. ശനിയാഴ്ച അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ അസാന്നിധ്യത്തില്‍ പാണക്കാട് നടന്ന നേതൃയോഗത്തില്‍ സെക്രട്ടറി ഡോ. എം.കെ. മുനീര്‍ തന്നെ ഈ ആവശ്യമുന്നയിച്ചതായാണ് സൂചന. കൊച്ചിയും മുഖ്യമന്ത്രിയുടെ ഓഫിസും കേന്ദ്രീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിംലീഗിനും യു.ഡിഎഫിനുമെതിരെ ഗൂഢാലോചനനടന്നു എന്നാണ് ശനിയാഴ്ച ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചചെയ്ത് ഞായറാഴ്ച ഔദ്യോഗിക വിശദീകരണമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൈയിലുള്ള രേഖകള്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ അതുസംബന്ധിച്ച് ലഭ്യമായ വിശദാംശങ്ങളെങ്കിലും ഞായറാഴ്ച യോഗത്തില്‍ കുഞ്ഞാലിക്കുട്ടി അവതരിപ്പിക്കേണ്ടിവരും.
വിവാദ കേന്ദ്രമായ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായ മുനീര്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളോട് ശനിയാഴ്ചയും പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ചേരുന്ന നേതൃയോഗത്തിനുശേഷം പാര്‍ട്ടി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് എം.കെ. മുനീറിന് അറിവുണ്ടായിരുന്നുവെന്നും ഹൈദരലി ശിഹാബ് തങ്ങളും അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും, പരിപാടി കൊടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും മുനീര്‍ തടഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യ ചാനലില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പാണക്കാട്ടെ നേതൃയോഗത്തിനുശേഷവും സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായാണ് സംസാരിച്ചത്. ഇന്ത്യാവിഷന്‍ വെളിപ്പെടുത്തലില്‍ മുനീറിന് പങ്കില്ലെന്നാണ് വിശ്വാസമെന്ന നേരത്തെയുള്ള നിലപാട് ബഷീര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍, ഇതിനുശേഷം ചേളാരിയില്‍ നടന്ന കേരള മോചനയാത്രയുടെ സ്വീകരണ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി സ്വകാര്യ ചാനലില്‍ പറഞ്ഞനിലപാട് ആവര്‍ത്തിച്ചു. എങ്കിലും മുനീറിന്റെ പേര് ഒഴിവാക്കി.
മുനീറിനെയും ഇന്ത്യാവിഷനെയും ഒറ്റപ്പെടുത്തുക എന്ന കുഞ്ഞാലിക്കുട്ടിയുടെ മുന്‍ നിലപാടുകള്‍ മുഖ്യമന്ത്രിയിലേക്ക് മാറിയതുതന്നെ മുസ്‌ലിംലീഗിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കരുതേണ്ടത്. പാര്‍ട്ടി മുനീറിനെ തള്ളിപ്പറയുകയോ മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയോ ചെയ്യുമെന്ന പ്രതീക്ഷ നടന്നില്ല. പകരം മുനീര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
ഇത് തടയാന്‍ പാണക്കാട്ടേക്കുള്ള മുനീറിന്റെ യാത്രക്കിടയില്‍തന്നെ നേതൃത്വം ഇടപെട്ടിരുന്നു. എങ്കിലും, മുനീര്‍ തന്റെ രാജിക്കത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. എന്നാല്‍, മുനീര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത ഇ.ടി. മുഹമ്മദ് ബഷീര്‍ നിഷേധിക്കുകയായിരുന്നു.
മുനീര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയ നിലപാടുകള്‍ മുസ്‌ലിം ലീഗിലെയും സമസ്തയിലെയും ഒരുവിഭാഗം അംഗീകരിക്കുന്നുണ്ട്. ഇവര്‍ പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യം ലീഗ് നേതൃത്വത്തിനും അറിയാം.
മുനീറിന്റെ രാജി ഈ വിഭാഗത്തെ പിണക്കുമെന്ന ഭയമുള്ളതിനാല്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വം അംഗീകരിക്കാനിടയില്ലെന്നാണയറിയുന്നത്. ഇതറിഞ്ഞുതന്നെയാണ് സമസ്ത നേതൃത്വവും മതനേതൃത്വവും ഈ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശനിയാഴ്ച ആവശ്യപ്പെട്ടത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സ്വന്തം നിലപാട് വ്യക്തമാക്കേണ്ടിയും വരും.
ഇലക്കും മുള്ളിനും കേടില്ലാതെ ഒരു പ്രശ്‌നപരിഹാരമാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ഞായറാഴ്ച നടക്കുന്ന നേതൃയോഗത്തില്‍ ഈ പരിഹാരം രൂപപ്പെട്ടില്ലെങ്കിലും പാര്‍ട്ടി ഒരു നിലപാട് പറയേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല: