2011, മേയ് 26, വ്യാഴാഴ്‌ച

ബഷീറും കുഞ്ഞാലിക്കുട്ടിയും ഇടയുന്നു. കെ.പി.എ. മജീദ് ലീഗ് ജനറല്‍ സെക്രട്ടറിയായേക്കുംബഷീറും കുഞ്ഞാലിക്കുട്ടിയും ഇടയുന്നു

കോഴിക്കോട്:  മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.പി.എ. മജീദിന് സാധ്യത. ഇതുസംബന്ധിച്ച് ലീഗ് നേതൃത്വത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിയായി പോവുന്നതിനാല്‍ പകരം മുതിര്‍ന്ന നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറിയാവുമെന്നാണ് ധരിച്ചിരുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാറില്‍ ലീഗിന് ലഭിച്ച വകുപ്പുകളുടെ വിഭജനവുമായും മന്ത്രിമാരുടെ എണ്ണവുമായും ബന്ധപ്പെട്ട് ബഷീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് കെ.പി.എ. മജീദിന് മുന്നില്‍ വഴിതുറക്കുന്നത്.
പുതിയ മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാരും കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കും മതിയെന്ന നിലപാടിലായിരുന്നുവത്രെ കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും തുടക്കത്തില്‍. പാര്‍ട്ടി സെക്രട്ടേറിയറ്റിലോ പാര്‍ലമെന്ററി ബോര്‍ഡിലോ ചര്‍ച്ച ചെയ്യാതെയും പ്രസിഡന്റ് ഹൈദരലി തങ്ങളെപ്പോലും അറിയിക്കാതെയും രണ്ടുപേരും ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ ബഷീര്‍  രംഗത്തുവന്നു.  പാര്‍ട്ടി നേതാക്കളില്‍നിന്നും എം.എല്‍.എമാരില്‍നിന്നുമുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നാലും പിന്നീട് അഞ്ചും മന്ത്രിമാരെ ചോദിക്കുന്നിടത്തേക്ക് ലീഗ് എത്തിയത്. തുടക്കത്തിലായിരുന്നെങ്കില്‍ അന്തസ്സോടെ ലഭിക്കുമായിരുന്നത് ലീഗ് നേതൃത്വത്തിലെ ഉന്നതരുടെ നിക്ഷിപ്ത താല്‍പര്യം കാരണം ഇരന്നുവാങ്ങേണ്ട അവസ്ഥയിലേക്കാണ് ലീഗ് എത്തിയത്. പാണക്കാട്ടേക്ക് കൊണ്ടുവന്ന്തരുമായിരുന്ന മന്ത്രിസ്ഥാനം ചോദിച്ച് ലീഗധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുഖ്യമന്ത്രിയെ തേടി കോട്ടയത്തേക്ക് പോകേണ്ടി വന്നു. എന്നിട്ടും കാര്യങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെത്തിയിട്ടില്ല. ലീഗ് പ്രഖ്യാപിച്ച അഞ്ച് മന്ത്രിമാരില്‍ മഞ്ഞളാംകുഴി അലി ഇപ്പോഴും പുറത്തുനില്‍ക്കുകയാണ്. നിര്‍ബന്ധമാണെങ്കില്‍ അലിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസുമെന്നാണറിയുന്നത്. മന്ത്രിസ്ഥാനം ചോദിക്കാന്‍ ഹൈദരലി തങ്ങളെ കോട്ടയത്തേക്ക് കൊണ്ടുപോയതിനെതിരെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത്  ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ടി.എ. അഹമ്മദ് കബീര്‍ ശക്തമായി രംഗത്തുവന്നിരുന്നു. ലീഗിന് ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സിംഹഭാഗവും കുഞ്ഞാലിക്കുട്ടി പിടിച്ചുവെച്ചത് ശരിയായില്ലെന്ന നിലപാടാണ് ബഷീര്‍  സ്വീകരിച്ചത്. ഇതദ്ദേഹം നേതൃയോഗത്തില്‍ തുറന്നുപറയുകയും ചെയ്തു. ഈ നിലപാട് അകല്‍ച്ചക്ക് ആക്കംകൂട്ടി. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പഞ്ചായത്ത് മാത്രമാണ് മുനീറിന് നല്‍കിയത്. കോര്‍പറേഷനും മുനിസിപ്പാലിറ്റിയും ടൗണ്‍പ്ലാനിങ്ങും കുഞ്ഞാലിക്കുട്ടി തന്റെ കീഴിലാക്കി.  ഈ വകുപ്പുകള്‍ കൊടുത്താന്‍ മുനീര്‍ അഴിമതി നടത്തുമെന്നാണത്രെ ഇതിന് പറഞ്ഞ കാരണം. കോണ്‍ഗ്രസില്‍നിന്നും  പൊതുസമൂഹത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നുപോലും സമ്മര്‍ദമുയര്‍ന്നിട്ടും നിലപാട് മാറ്റാന്‍ കുഞ്ഞാലിക്കുട്ടി തയാറായിട്ടില്ല. തദ്ദേശഭരണ വകുപ്പിനു കീഴില്‍ വരേണ്ട ഗ്രാമവികസനം കോണ്‍ഗ്രസിലെ കെ.സി. ജോസഫിനാണ് നല്‍കിയിട്ടുള്ളത്. ഒരു മന്ത്രിയുടെ കീഴില്‍ വരേണ്ട വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കിയത് സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന്  മുഖ്യമന്ത്രിക്കു തന്നെ ബോധ്യമായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉപസമിതി രൂപവത്കരിച്ചിരിക്കുകയാണ്. ജനക്ഷേമം ലക്ഷ്യമാക്കിയല്ല വകുപ്പ്  വിഭജിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍ ഇപ്പോള്‍ രംഗത്തില്ല. മന്ത്രിസഭാ രൂപവത്കരണവും വകുപ്പ് വിഭജന ചര്‍ച്ചയിലുമൊക്കെ നിറഞ്ഞുനിന്നത് മജീദായിരുന്നു. ഇപ്പോള്‍ മന്ത്രിമാരുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതലയും മജീദിനെയാണ് ഏല്‍പിച്ചിരിക്കുന്നത്്. എന്നാല്‍, എം.പിയായതിനാല്‍ ഏറെ സമയം ദല്‍ഹിയില്‍ ചെലവഴിക്കേണ്ടിവരുമെന്നതുകൊണ്ട് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മുഴുവന്‍ സമയം ബഷീറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
madhyamam daily

അഭിപ്രായങ്ങളൊന്നുമില്ല: