2011, മേയ് 27, വെള്ളിയാഴ്‌ച

പാകിസ്താനെതിരെ ചിദംബരത്തിന്റെ രൂക്ഷവിമര്‍ശം


Published on Fri, 05/27/2011 - 19:42 ( 2 hours 23 min ago)

പാകിസ്താനെതിരെ  ചിദംബരത്തിന്റെ രൂക്ഷവിമര്‍ശം
ന്യൂദല്‍ഹി: ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അയല്‍പക്കമാണെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ പശ്ചിമ അയല്‍പക്കം കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ പൊതുസുരക്ഷക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ ദല്‍ഹിയില്‍ ആരംഭിച്ച ഇന്ത്യ-യു.എസ് ആഭ്യന്തര സംഭാഷണത്തിന്റെ ആമുഖ പ്രഭാഷണത്തിലാണ് പാകിസ്താനെ പേരെടുത്തു പറഞ്ഞും അല്ലാതെയും ചിദംബരം കുറ്റപ്പെടുത്തിയത്.
 തീവ്രവാദത്തിന്റെ മുഴുവന്‍ അടിസ്ഥാന സൂൗകര്യങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് തൊട്ടയല്‍ പക്കത്താണ്. ആ രാജ്യത്തിന്റെ പൊതുനയം തന്നെയായി തീവ്രവാദം എന്നതു മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ രൂപപ്പെടുന്ന ശക്തമായ ബന്ധത്തിലൂടെ തീവ്രവാദം അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.
സുസ്ഥിരവും സമാധാനപൂര്‍ണവും പുരോഗതിയുമുള്ള ഒരു അയല്‍പക്കമാണ് ഇന്ത്യക്കും ജനങ്ങള്‍ക്കും ഗുണകരം. എന്നാല്‍ ലോകത്തെ  ഏറ്റവും പ്രയാസകാരിയായ അയല്‍പക്കമാണ് ഇന്ത്യക്കുള്ളത്.
തീവ്രവാദം എന്നത് അമേരിക്കയും ഇന്ത്യയും നേരിടുന്ന തത്വാധിഷ്ഠിത വെല്ലുവിളി തന്നെയാണ്. ഇതിനു പുറമെ വ്യാജക കറന്‍സി, മയക്കുമരീുന്ന് കടത്ത് എന്നീ വെല്ലുവിളികള്‍ ചെറുക്കാനും കൂട്ടായ നീക്കം ആവശ്യമാണ്.
പാകിസ്താനിലെ സുരക്ഷിത താവളം കേന്ദ്രീകരിച്ച് വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവ പ്രവര്‍ത്തനം നടത്തി വരികയാണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. പാകിസ്താനിലെ സമൂഹം തീവ്ര ചിന്തകള്‍ക്ക് കൂടുതല്‍ അടിമപ്പെടുകയാണ്. പാക് സമ്പദ് ഘടനയാകട്ടെ, വല്ലാതെ ക്ഷയിച്ചു കഴിഞ്ഞു.  സര്‍ക്കാര്‍ ഘടന നന്നെ ദുര്‍ബലമാവുകയും ചെയ്തു-ചിദംബരം വിശദീകരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല: