2011, ജൂൺ 9, വ്യാഴാഴ്‌ച

പൊന്നാനിയിലെ തോല്‍വിക്ക് കാരണം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ -ഡി.സി.സി ഉപസമിതി



മലപ്പുറം: കോണ്‍ഗ്രസിലും യു.ഡി.എഫിലും നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പൊന്നാനിയില്‍ പി.ടി. അജയ്‌മോഹന്റെ തോല്‍വിക്ക് കാരണമായതായി ഡി.സി.സി നിയോഗിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ യു. അബൂബക്കറിനെതിരായ പരാതിയില്‍  വസ്തുതയുണ്ടെന്നും കമീഷന്‍ കണ്ടെത്തി. രണ്ട് ദിവസത്തിനകം ഡി.സി.സി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കും. യു. അബൂബക്കറിന്‍േറതായി എതിര്‍പക്ഷം ഹാജരാക്കിയ ഫോണ്‍ സംഭാഷണം അദ്ദേഹത്തിന്‍േറത് തന്നെയാണെന്ന നിഗമനത്തിലാണ് കമീഷന്‍. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍,  പരാജയകാരണം അതുമാത്രമല്ലെന്ന വിലയിരുത്തലിലാണ് കമീഷന്‍ എത്തിയത്. മുസ്‌ലിം ലീഗ് വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. പൊന്നാനി നഗരസഭാ പരിധിയില്‍ ഇത് പ്രകടമാണ്.
ഏഴ് വര്‍ഷം മുമ്പ് പാലപ്പെട്ടിയില്‍ യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.ടി. അജയ്‌മോഹന്‍ പ്രതിചേര്‍ക്കപ്പെട്ടത് സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ലീഗിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല. ഇത് ലീഗ് വോട്ടുകള്‍ കുറയാന്‍ കാരണമായി. അഷ്‌റഫ് കോക്കൂരിന്റെ പ്രചാരണത്തിന് ലീഗ് പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം ഗുരുവായൂരിലേക്ക് പോയതും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് തവനൂരില്‍ പ്രചാരണത്തിന് പോയതും പൊന്നാനിയില്‍ ബാധിച്ചു. പ്രചാരണത്തിന്റെ ചുക്കാന്‍ യുവനേതാക്കളെ ഏല്‍പ്പിച്ചത് മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കി.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി യു.ഡി.എഫ് വോട്ടിന്റെ ഒരു പങ്ക് എസ്.ഡി.പി.ഐ പിടിച്ചതും ജമാഅത്തെ ഇസ്‌ലാമി വോട്ട് എല്‍.ഡി.എഫിന് പോയതും തോല്‍വിക്ക് കാരണമാണ്. മണ്ഡലത്തിെല കെ.പി.സി.സി, ഡി.സി.സി മെമ്പര്‍മാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരില്‍നിന്ന് തെളിവെടുത്താണ് കമീഷന്‍ അന്വേഷണം പൂര്‍ത്തീകരിച്ചത്. ഡി.സി.സി സെക്രട്ടറിമാരായ പറമ്പന്‍ റഷീദ്, വി.എ. കരീം, പി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയതാണ് കമീഷന്‍.  യു. അബൂബക്കര്‍ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം ആയതിനാല്‍ അദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് വിടാനാണ് സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല: