2011, ജൂൺ 5, ഞായറാഴ്‌ച

മൈലം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടില്ലെന്ന് സി.പി.എം


Published on Sun, 06/05/2011 - 22:34 ( 9 hours 13 min ago)

കൊട്ടാരക്കര: പഞ്ചായത്തോഫിസിലെ ഡ്രൈവറെ വിവാഹംകഴിച്ചതിന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനോട് സി.പി.എം രാജി ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സി.പി.എം രംഗത്ത്. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബി. മിനിമോളുടെ വിവാഹത്തെ പാര്‍ട്ടി എതിര്‍ത്തതായും പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കൊട്ടാരക്കര ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനിമോളും പഞ്ചായത്തിലെ താല്‍കാലിക ജീപ്പ്‌ഡ്രൈവറുമായുള്ള അടുപ്പം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഇരുവരും പൊതുജനങ്ങള്‍ക്കും സമൂഹത്തിനും ബോധ്യപ്പെടുന്നതരത്തില്‍ വ്യവസ്ഥാപിതമായി വിവാഹിതരാകണമെന്ന്  ആവശ്യപ്പെട്ടു.   വിവാഹത്തെ നിരുല്‍സാഹപ്പെടുത്തുകയോ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. പാര്‍ട്ടി നിശ്ചയിച്ച പ്രസിഡന്റ് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കണമെന്നേ ആവശ്യപ്പെട്ടുള്ളൂ.പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ സമൂഹം അംഗീകരിക്കുന്ന തരത്തില്‍ വിവാഹം നടത്താന്‍ വേണ്ടകാര്യങ്ങള്‍ ചെയ്യണമെന്ന് യുവാവിന്റെ രക്ഷിതാക്കളുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. പാര്‍ട്ടികൂടി മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹത്തില്‍ സഹകരിക്കാമെന്ന് രക്ഷിതാക്കളും സമ്മതിച്ചതാണ്.
വസ്തുത ഇതായിരിക്കെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയഗൂഢലക്ഷ്യവും നിക്ഷിപ്തതാല്‍പര്യങ്ങളുമാണെന്ന് സെക്രട്ടറി സി. മുകേഷ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: