2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച
പുള്ളിമാന്‍റെ ശലഭജന്മങ്ങള്‍
ഇരുള്‍ വിഴുങ്ങിയ മരത്തില്‍ നക്ഷത്രങ്ങളായി പാറിനടക്കുന്നത് മിന്നാമ്മിന്നികളുടെ ആണ്‍വര്‍ഗം.
പെണ്‍വര്‍ഗം ഞങ്ങളെപ്പോലെ മണ്ണിലും വേലിപ്പടര്‍പ്പിലും പുഴുക്കളായി ഇഴഞ്ഞിഴഞ്ഞ്... ഇണയെ വിളിക്കാന്‍ മിന്നിമിന്നി...
അറിയ്വോ? പെണ്ണുങ്ങള്‍ക്ക് ചിറകുമുളക്കില്ല^ പാറിപ്പറക്കാന്‍. അവക്കെന്നും പുഴുജന്മം. ആര്‍ക്കും ചവുട്ടിയരക്കാം.
കൊടുങ്കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ഗസ്റ്റ്ഹൌസിന്റെ ടെറസില്‍ നിലാവും മഞ്ഞുകാറ്റും സഹിച്ച്, തണുത്തുവിറച്ച്, അവള്‍ 'ഴ' എന്ന എന്റെ കൂട്ടുകാരി, പറഞ്ഞുകൊണ്ടിരുന്നു. (അവള്‍ക്ക് 'പ' എന്നോ 'മ' എന്നോ എന്തു പേരുമിടാം. പക്ഷേ, അവള്‍ 'ഴ'യാണ്. എന്റെ നാവിന് ഒരിക്കലും വഴങ്ങാത്തവള്‍).
വീണുകിട്ടുന്ന സൌഹൃദയാത്രകളാണ് ഞങ്ങളുടെ ജീവിതം. അതുകഴിഞ്ഞാല്‍ അവരവരുടെ ജീവിതം.
നഗരത്തിന്റെ ആര്‍ത്തിവേഗങ്ങളില്‍നിന്ന് വീണ്ടും വീണ്ടും അഭയാര്‍ഥിയെപ്പോലെ എന്റെ പലായനം. രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രം. വീണ്ടും ദിവസങ്ങളുടെ നഗരബലി.^നഗരം തരുന്ന തീരാമുറിവുകളാണ് എന്നെ വീണ്ടും വീണ്ടും ഏതെങ്കിലും കാട്ടിലേക്കോ ഗ്രാമത്തിലേക്കോ ഓടിക്കുന്നത്.
എന്റെ ഉള്ളിന്റെ നോവുകളുടെ ശരി, പക്ഷേ, 'ഴ' അംഗീകരിച്ചില്ല.
നഗരമോ പുറംലോകമോ തരുന്നതല്ല, ആത്മാവില്‍ സ്വയം ഏറ്റുവാങ്ങുന്ന മുറിവുകളാണത്. എത്ര ഓടിയാലും അതില്‍നിന്ന് രക്ഷയില്ല.
വെറുമൊരു വയല്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഇന്നും അതിനകത്തുതന്നെ ജീവിക്കുന്നവള്‍ക്ക് നഗരത്തിന്റെ മുറിവുകളേറ്റുവാങ്ങേണ്ടിവരില്ല.എന്നിട്ടും എന്നെപ്പോലെ അഭയാര്‍ഥിയായി ഇടക്കിടെ അവളും ഒളിച്ചോടുന്നു.
ഈ യാത്രയും അങ്ങനെത്തന്നെ.
ഓരോ യാത്രയും ഞങ്ങള്‍ക്ക് വീണുകിട്ടുന്ന ശലഭജന്മങ്ങള്‍.
ഞങ്ങളുടെ സൌഹൃദ നിമിഷങ്ങള്‍ മാത്രമല്ല ഭാഷയും ഇപ്പോള്‍ ശലഭമയം^ശലഭ ജീവിതം, ശലഭരാത്രി, ശലഭ പൌര്‍ണമി...
ഇതുപോലൊരു കാട്ടുരാത്രിയില്‍ 'ഴ'യാണ് ശലഭങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.
മനുഷ്യായുസ്സ് വെച്ചുനോക്കുമ്പോള്‍ ശലഭങ്ങളുടെ ജീവിതം എത്രനിസ്സാരം! പച്ചിലകളരച്ച് വെറുമൊരു പുഴുവായി ജന്മം. ഒരു നാള്‍ ബോധത്തിന്റെ വല്മീകം തീര്‍ത്ത് അത് തപസ്സു തുടങ്ങുന്നു. പിന്നെ പ്യൂപ്പ.
ആത്മാവിന്റെ പശക്കൂട് പൊട്ടിച്ച് പുറത്തുവരുന്നത് പുഴുവല്ല. ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യങ്ങളുമാവാഹിച്ച് ഒരു പൂമ്പാറ്റ. അപൂര്‍വ നിറങ്ങളില്‍ വലിയ ചിറകുകള്‍. നിറയെ കണ്ണുകള്‍.നേരിയ രണ്ട് തേന്‍കുഴലുകള്‍.
അവക്ക് പറക്കാന്‍ പൂക്കളും പൂങ്കാവനങ്ങളും. കുടിക്കാന്‍ പൂന്തേന്‍. ഭാഗ്യം ചെയ്ത ജന്മം.
മിന്നാമ്മിന്നികളെപ്പോലെ അവയെ ആണും പെണ്ണുമായി വേര്‍തിരിച്ചറിയില്ല. നിയന്ത്രണങ്ങളില്ലാതെ പാറിപ്പറക്കാം. കാണാത്ത ലോകങ്ങള്‍ കാണാം.
പറഞ്ഞ് പറഞ്ഞ് കാടുകയറുന്നതിനിടെ അവള്‍ ചോദിച്ചു:
പൂമ്പാറ്റകളുടെ ദേശാടനം നീ കണ്ടിട്ടുണ്ടോ?എനിക്ക് ആ അറിവും പുതിയൊരു ശലഭവിസ്മയം.
പക്ഷികളുടെ ദേശാടനം പക്ഷെ അറിയാം. കണ്ടിട്ടുമുണ്ട്.
പക്ഷെ , ശലഭങ്ങള്‍...
.ഒരു കുഴപ്പോണ്ട്.... ഒന്നോ രണ്ടോ ആഴ്ച മാത്രമാണ് പരമാവധി ശലഭായുസ്സ്. എന്നാലെന്താ? എത്ര ധന്യമായിരിക്കും ശലഭ ജീവിതം!
പൊതുവെ, മൌനിയായവള്‍ കാട്ടില്‍ വാചാലയാകുന്നു. വാചാലത നഗരത്തിന്റെ രീതിയാണ്. കാട്ടില്‍ എന്റെ ശരി മൌനവും.
പക്ഷേ, 'ഴ' അത് അംഗീകരിച്ചു തരില്ല.
ആത്മാവിന്റെ ഭാഷ പരസ്പരം കേള്‍ക്കാനാണ് ശലഭയാത്രകളെന്ന് അവളുടെ ന്യായം.
അവള്‍ തുടര്‍ന്നു: സൈലന്റ്വാലിയുടെ ഉള്‍ക്കാട്ടില്‍വെച്ചാണ് ഞാന്‍ ശലഭദേശാടനം കണ്ടത്. കാട്ടിനുള്ളില്‍ അധികം ഉയരമില്ലാത്ത ഒരു മരത്തിന് ചുറ്റും ആയിരക്കണക്കിന് മഞ്ഞപ്പൂമ്പാറ്റകള്‍.
വാന്‍ഗോഗ് ചിത്രങ്ങളില്‍ മഞ്ഞപോലെ.
കാട്ടുപച്ചക്കും ഇരുളിനുമിടയില്‍ തിളങ്ങുന്ന മഞ്ഞയുടെ ശലഭലോകം. ചിറകില്‍ കണ്ണുകളില്ലാത്ത മഞ്ഞപ്പൂമ്പാറ്റകള്‍.
ഞാനൊരു ശലഭമരമായിനിന്ന് അവയെല്ലാം എന്നെ പൊതിയുന്നത് സങ്കല്‍പിച്ചുനോക്കി.
പിങ്ക്സാരിയില്‍ മഞ്ഞപ്പൂമ്പാറ്റകളുടെ കാട്. തലമുടിയിലും കഴുത്തിലും കണ്ണുകളിലും...
നാളെ ഇവിടെ വന്നാല്‍ നിറയെ മഞ്ഞച്ചിറക് പെറുക്കാമെന്ന് ഗൈഡ് പറഞ്ഞു.
മരിച്ചശേഷം എന്റെ ചിറകുകള്‍ ആരെടുത്താല്‍ എനിക്കെന്താ?
കുറച്ചു നേരത്തെ ശലഭമൌനത്തിനുശേഷം 'ഴ' വീണ്ടും^
^ഞാനും നീയുമൊക്കെ ഒരു നൂറുവയസ്സുവരെ ജീവിക്കുന്നു എന്ന് കരുതുക. അതെത്ര അസഹനീയം! മടുത്തു മടുത്ത് ഛര്‍ദിക്കാനേ നേരണ്ടാവൂ. സ്വയം നിന്ദിച്ച്, സ്വയം വെറുത്ത്, അരുതായ്കകളുടെ ചിലന്തിവലയില്‍ കുടുങ്ങി...
ആത്മാവിന്റെ ഇഷ്ടങ്ങളാണ് ആര്‍ക്കും വേണ്ടാത്തത്.
പൂമ്പാറ്റകള്‍ക്ക് ശൈശവവും ബാല്യവുമില്ല. പ്യൂപ്പപൊട്ടിച്ച് പുറത്തുകടന്നാല്‍ കിട്ടുന്നത് ഒരു പൂര്‍ണ ജന്മം.
പഠിക്കാന്‍ പോകണ്ട. ജോലി നോക്കണ്ട. കല്യാണം കഴിക്കണ്ട. കുട്ടികളെ പോറ്റണ്ട. ഭാര്യയായി, അമ്മയായി, വീട്ടമ്മയും അമ്മൂമ്മയുമായി എത്ര കൊല്ലാണ് മിന്നാമ്മിന്നി പുഴുവെ പോലെ ഇഴയുക?
പത്തെഴുപതുകൊല്ലം നീളുന്ന നമ്മുടെയൊക്കെ പുഴുജീവിതത്തെക്കാള്‍ എത്ര മനോഹരമായിരിക്കും ശലഭജന്മം!
നമുക്കും ചെറിയ ചെറിയ ശലഭജന്മങ്ങള്‍ മതിയായിരുന്നു.
ഒന്നോ രണ്ടോ ദിവസം ജീവിക്കുക. പിന്നെ മരിക്കുക. പിന്നെയും പിന്നെയും ശലഭജന്മങ്ങള്‍. വീണ്ടും വീണ്ടും കാത്തിരിപ്പ്. അങ്ങനെ കുറെ ശലഭജന്മങ്ങളുടെ തുടര്‍ച്ചയായിരുന്നു ജീവിതമെങ്കില്‍!
'ഴ' തണുത്തു വിറക്കുന്നുണ്ട്. കരിമ്പടമെടുത്ത് മൂടിയിട്ടും മഞ്ഞു കാറ്റില്‍ പുളയുന്നുണ്ട്.
'ഴ' എന്നെ ചേര്‍ന്നിരുന്നു. അവള്‍ പുതച്ച കരിമ്പടം തുറന്ന് എന്നെക്കൂടി അകത്താക്കി.
ഏതു തണുപ്പിലും നിനക്കു നല്ല ചൂട്!
ഇന്ന് ശലഭപൌര്‍ണമി.
കാട്ടിലെ നിലാവെളിച്ചത്തില്‍ മാന്‍കൂട്ടം മേയുന്നതും നോക്കിയിരിപ്പാണ് ഞാന്‍. മാന്‍കൂട്ടം അടുത്തടുത്തുവരുന്നത് ബൈനോക്കുലറിലൂടെ നോക്കിയിരിപ്പാണവള്‍.
കൂട്ടത്തില്‍ തലവനായി വലിയൊരു കൊമ്പന്‍.
അതെന്നെത്തന്നെ നോക്കിനില്‍പാണെന്ന് പറഞ്ഞിട്ടും 'ഴ' ചിരിച്ചില്ല.
സത്യമായും അതെന്റെ കണ്ണുകളില്‍ തന്നെ നോക്കിനില്‍പാണ്^ കരുണയോടെ. ഇടക്കത് തലതിരിച്ച് ചുറ്റും ചെവി വട്ടംപിടിക്കും. മണം പിടിക്കും. ആപത്തൊന്നുമില്ലെന്നുറപ്പിച്ച് വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കിനില്‍ക്കും. മഞ്ഞുകാറ്റിന് പിന്നെയും ശക്തികൂടുന്നു. എന്റെ നെഞ്ഞില്‍ തലചായ്ച്ച് 'ഴ' ചാരിയിരുന്നു.
നിന്റെ ഹൃദയമെന്താ ഇങ്ങനെ പടപടാന്ന്... കുഴപ്പം വല്ലതുംണ്ടോ?
ഞാന്‍ പുള്ളിമാന്റെ കണ്ണുകളിലൂടെ എന്റെ ബാല്യത്തിന്റെ പുളപ്പുകളിലേക്ക് യാത്രതുടങ്ങിയിരുന്നു.
ഉമ്മാമ്മയോടൊപ്പം കടവത്തൂരിലേക്ക് നടന്നുപോകുമ്പോള്‍ നാദാപുരത്തങ്ങാടിയില്‍ റോഡിലൂടെ അലഞ്ഞുനടന്ന ആ വലിയ പുള്ളിമാന്‍. മരങ്ങളുടെ ഉയരത്തില്‍ കൊമ്പുകള്‍.
ഞാന്‍ കാര്യായിട്ടു ചോദിച്ചതാ... എന്നെങ്കിലും ചെക്കപ്പ് നടത്തീട്ടുണ്ടോ?
ഇല്ല.
ഒന്ന് നടത്തണം. മനുഷ്യ ഹൃദയം ഇങ്ങനെയല്ല മിടിക്കേണ്ടത്.
അത് പുതിയൊരറിവാണ്.
തമാശയാക്കണ്ട.
ചെക്കപ്പ് നടത്തി വല്ല കുഴപ്പോം കണ്ടെത്തിയാല്‍ പിന്നെ ജീവിതം എന്തിന് കൊള്ളും?
അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. നെഞ്ഞിലെ ചൂട് സഹിക്കാഞ്ഞിട്ടാവണം കരിമ്പടം എന്നെ പുതപ്പിച്ച് 'ഴ' പുറത്തുകടന്ന് മാറി ഇരുന്നു. ഞാന്‍ പുള്ളിമാന്‍ കണ്ണുകളിലൂടെ എന്റെ ഉള്ളിലേക്ക് പടവുകളിറങ്ങി. നാദാപുരത്തങ്ങാടിയില്‍ ഉമ്മാമ്മയുടെ കോന്തലയും പിടിച്ച് നടന്ന എട്ടു വയസ്സുകാരനായി ഞാന്‍.
കടയില്‍നിന്ന് വാങ്ങിയ ചെറുപഴങ്ങള്‍ നീട്ടുമ്പോള്‍ തലതാഴ്ത്തി, കൊമ്പുകള്‍കൊണ്ട് ഉമ്മാമ്മയെ തൊട്ടുരുമ്മി പുള്ളിമാന്‍ അത് ചവച്ചരച്ചു തിന്നുന്നത് ദൂരെ ഞാന്‍ നോക്കിനിന്നു. അതിന്റെ കൊമ്പില്‍ ഒന്ന് തൊടണമെന്ന് വല്യ പൂതിയുണ്ടായിരുന്നു.
നാദാപുരം പള്ളിയിലെ വിശുദ്ധനായ തങ്ങളുപ്പാപ്പയുടെ ഖബറു കാണാനാണ് പുള്ളിമാന്‍ ഒരു നാള്‍ കാടിറങ്ങിവന്നത്. പിന്നെ തിരിച്ചുപോയില്ല. അങ്ങാടിയാടിനെപ്പോലെ, നേര്‍ച്ചക്കൊറ്റനെപ്പോലെ, അതും അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞ് ജീവിച്ചു. പള്ളിക്കുള്ളിലെ പട്ടുകൊണ്ടു മൂടിയ വിശുദ്ധ ഖബറുകാണാന്‍ അതിനൊരിക്കലും ഭാഗ്യമുണ്ടായില്ല.
ആരും അതിനെ ഉപദ്രവിച്ചില്ല. സ്നേഹത്തോടെ പഴങ്ങളും പുല്ലും, കുടിക്കാന്‍ കല്‍ത്തൊട്ടിയില്‍ വെള്ളവും നല്‍കി അങ്ങാടി അതിനെ പോറ്റി.
നാടിറങ്ങിയ പുള്ളിമാന്റെ ശലഭജന്മം.
ഇന്നാണെങ്കില്‍ നാട്ടിലൊരിടത്തും ഒരു പുള്ളിമാനും അലഞ്ഞുനടക്കില്ല. പൊരിച്ച മാനിറച്ചിയുടെ മണം ആരൊക്കെ എത്രനാള്‍ സഹിച്ചിരിക്കും!
ഇപ്പോള്‍ നിലാവില്‍ മേയുന്ന മാന്‍കൂട്ടമില്ല. അവര്‍ക്ക് കാവല്‍നിന്ന് എന്റെ കണ്ണുകളിലേക്ക് കരുണയോടെ നോക്കിനിന്ന കൊമ്പനുമില്ല.
നിലാവെളിച്ചത്തില്‍ ഇരുട്ട് പടര്‍ത്തി ഒരു വലിയ മേഘക്കൂട്ടം നീങ്ങിപ്പോകുന്നു.
'ഴ'യെ ടെറസിലെങ്ങും കാണാനില്ല. മഞ്ഞുകാറ്റ് സഹിക്കാനാകാതെ മുറിയിലേക്ക് തിരിച്ചുകാണും. മേഘങ്ങളില്‍നിന്ന് വിടുതി നേടുന്ന നിലാവിനെ കാത്ത് ഞാനവിടെത്തന്നെയിരുന്നു.
ഓര്‍മയില്‍ മായാതെ, മറയാതെ പുള്ളിമാന്റെ കരുണയുള്ള കണ്ണുകള്‍.
അന്ന് ലൈലത്തുല്‍ ഖദ്ര്‍. ആയിരം രാവുകളെക്കാള്‍ പുണ്യം നിറഞ്ഞ ദിനം. ഇബ്ലീസിനെയും ജിന്നുകളെയും ചങ്ങലക്കിടുന്ന ദിവസം. നോമ്പുതുറന്ന ക്ഷീണവുമായി ഉറങ്ങുകയായിരുന്നു ഞാന്‍. ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്ത് കാന്തവിളക്കും നാട്ടുകാരും. ഒച്ചയും ബഹളവും.
ഉറക്കച്ചടവുമായി എഴുന്നേറ്റുചെന്നപ്പോള്‍ വരാന്തയിലുണ്ട് ആ വലിയ പുള്ളിമാന്‍!
അതിന്റെ വലിയ കൊമ്പുകള്‍ മോന്തായത്തില്‍ തട്ടി ഓടുകള്‍ നുറുങ്ങി വീണിരുന്നു. കൊമ്പുകള്‍ കഴുക്കോലുകള്‍ക്കിടയില്‍ കുരുങ്ങി ഇളകാനാകാതെ നില്‍പാണവന്‍.
കണ്ണുകളില്‍ കരുണക്കു പകരം പേടിയുടെ ഇരുള്.
അതിന്റെ തലയറുത്തില്ലെങ്കില്‍ മോന്തായം പൊളിഞ്ഞുവീഴുമെന്ന് ഒണക്കച്ചന്‍ ഉറപ്പുപറഞ്ഞു.
ഇബ്ലീസും ജിന്നുകളുമില്ലാത്ത രാവില്‍ ഇതേതോ പുണ്യാത്മാവെന്ന് കുഞ്ഞാലി മുസ്ലിയാര്‍.നാദാപുരത്തങ്ങാടിയില്‍ ഖബറുകാണാന്‍ വന്നവന്‍ തന്നെ ഇവനെന്ന് ഉമ്മാമ്മ.
ഒന്നും ചെയ്യാതിരുന്നാല്‍ താനേ കൊമ്പുകളൂരി ഇറങ്ങിപ്പോകുമെന്ന് കുഞ്ഞ്യേറ്റിക്കാക്ക.
ചിരുത എവിടന്നോ ഒരു പടല മൈസൂര്‍പഴവുമായി മാനിനടുത്തെത്തി. പഴം വായിലേക്കു നീട്ടിയെങ്കിലും വായ തുറക്കാനാകാത്ത വെപ്രാളത്തിലായിരുന്നു മാന്‍.
പിറ്റെന്നാള്‍ ഉണര്‍ന്നെണീറ്റുവന്ന് വീടും തൊടിയും മുഴുവന്‍ തെരഞ്ഞിട്ടും പുള്ളിമാനിനെ കണ്ടില്ല. അതിന്റെ കൊമ്പു തട്ടി വീണുടഞ്ഞ ഓടുകള്‍ മുറ്റമടിക്കുമ്പോള്‍ ഉമ്മ പെറുക്കിക്കൂട്ടിയത് കാണാനുണ്ട്. ഓടിളകിയ മോന്തായത്തിലൂടെ ആകാശക്കഷണങ്ങളും കാണാം.
ഉമ്മയോടും ഉപ്പയോടും മാറിമാറി ചോദിച്ചിട്ടും അവരൊന്നും പറഞ്ഞില്ല. എന്തുമാന്‍? ഏതു മാന്‍ എന്ന് ഇത്താത്ത.
ഇപ്പോള്‍ ടെറസിലും പുറത്തും നിലാവെളിച്ചം. മഞ്ഞുകാറ്റ് ശമിച്ചിട്ടുണ്ട്. പുകമഞ്ഞുമാത്രം കാടുകള്‍ക്ക് മേലെ...
തണുപ്പ് ഒട്ടും സഹിക്കാനാവാത്തവളാണ് 'ഴ'. തണുത്തുവിറച്ച് 'ഭ' എന്നെഴുതിയപോലെ അവള്‍ ചുരുണ്ടുകിടന്നുറങ്ങിക്കാണും.ചാരിവെച്ച വാതില്‍ തുറന്ന് മുറിയിലെത്തിയിട്ടും, പക്ഷേ, അവളെ കണ്ടില്ല. ബാത്ത്റൂമില്‍നിന്ന് ഷവറിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്.ദൈവമേ, കാലത്ത് ചൂടുവെള്ളത്തില്‍ പോലും കുളിക്കാന്‍ ധൈര്യമില്ലാത്തവള്‍ അര്‍ധരാത്രി, തണുത്തു വിറക്കുമ്പോള്‍, ഐസുവെള്ളത്തില്‍ കുളിക്കുന്നതെങ്ങനെ?
എന്താണവള്‍ക്ക് സംഭവിച്ചിരിക്കുക?
ബാത്ത്റൂമിന്റെ വാതിലില്‍ കുറേനേരം മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തള്ളിയപ്പോള്‍ വാതില്‍ വെറുതെ തുറന്നുപോയി.
സാരിയഴിക്കാതെ ഷവറില്‍നിന്ന് വീഴുന്ന ഐസ് വെള്ളത്തിന് കീഴെ അവള്‍ നില്‍ക്കുന്നു. ഇരു കൈകള്‍ കുരിശുപോലെ ചുമലുകളില്‍ ചാരി, കിടുകിടാ വിറച്ച്, കണ്ണുകളടച്ച്...
ഷവര്‍ ഓഫ് ചെയ്തപ്പോള്‍ അവള്‍ നനഞ്ഞ കണ്ണുകള്‍ തുറന്നു. എന്തോ പറയാനോങ്ങിയെങ്കിലും പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു. വലിച്ചു മുറിയിലെത്തിച്ച് തല അമര്‍ത്തി തുവര്‍ത്തിയിട്ടും മുടിയില്‍നിന്ന് ഐസ്വെള്ളം ചോര്‍ന്ന് തീരുന്നില്ല. നനഞ്ഞൊട്ടിയ സാരി മാറ്റാന്‍ പറഞ്ഞിട്ടും അവള്‍ നിന്നുവിറച്ചുകൊണ്ടിരുന്നു.
അവള്‍ ശരിക്കും മരവിച്ചു നില്‍പാണെന്നുറപ്പ്. തണുത്ത് മരവിച്ച് അവളുടെ ഹൃദയം തന്നെ നിലച്ചുപോയേക്കുമെന്ന് എനിക്കുതോന്നി. ഈ അവസ്ഥയില്‍നിന്ന് അവളെ രക്ഷിക്കാന്‍ നനഞ്ഞ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ദേഹം തുവര്‍ത്തിയാറ്റി, കരിമ്പടത്തില്‍ പൊതിഞ്ഞ് കിടക്കയില്‍ കിടത്തുകയാണ് സത്യത്തില്‍ ഞാന്‍ ചെയ്യേണ്ടത്. രാത്രിയുടെ ഈ ഏകാന്തതയില്‍ ഞാനെങ്ങനെ... ഒരന്യ സ്ത്രീയെ വിവസ്ത്രയാക്കും?
അവള്‍ ഒരു മരക്കുറ്റിപോലെ നിന്നു വിറച്ചുകൊണ്ടിരുന്നു.
ഇനിയും കാത്തുനിന്നാല്‍ മരവിച്ച് ബോധം നശിച്ച് അവള്‍ വീണുപോകും. നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ മാറ്റാതെ അതിന് മേലെ കരിമ്പടം പൊതിഞ്ഞ് ഞാനവളെ കിടക്കയില്‍ കിടത്തി. ഒരു കുഞ്ഞിനെപ്പോലെ അവളെന്നെ അനുസരിച്ചു.
കിടക്കയില്‍ കിടന്ന് 'ഴ' വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ചില വാക്കുകള്‍ മാത്രം പുറത്തുവീണു.
ഇങ്ങനെയല്ല... ഇങ്ങനെയല്ല, മിടിക്കേണ്ടത്...
എന്റെ കരിമ്പടം കൂടി അവള്‍ക്കുമേലെ പൊതിഞ്ഞ് വിറയല്‍ മാറുന്നതും കാത്ത് ഞാനിരുന്നു. അവള്‍ മരിച്ചതുപോലെ മരവിച്ച്, ചുണ്ടുകളിലെ വിറയല്‍പോലും നിലച്ച്, കണ്ണുകളടച്ച്....
അവള്‍ 'ഴ'. എന്റെ ആത്മമിത്രം.
ഇപ്പോള്‍ നഷ്ടപ്പെട്ട തുമ്പപ്പൂക്കള്‍ അന്വേഷിച്ച് പൊടിമണ്ണില്‍ ഇഴയുകയാവും.
Posted by മൊയ്തു വാണിമേല്‍ at 5:02 AM
7 comments:
ഉഷാകുമാരി.ജി. said...
സര്‍, ബ്ലോഗ് വായിച്ചു... എല്ലാ പോസ്റ്റുകളും നല്ല റീഡബിള്‍ ആയതു തന്നെ, ആശംസകള്‍!
February 19, 2010 8:05 PM
asmo said...
oru sarriyalistic katha.
ashmsakal.
February 20, 2010 3:01 AM
റോസാപ്പൂക്കള്‍ said...
ഈ നല്ല കഥക്ക് നന്ദി
February 20, 2010 4:26 AM
Sureshkumar Punjhayil said...
Niravum manavumulla Pulliman...!
Manoharam, Ashamsakal...!!!
February 21, 2010 1:28 AM
മുരളി I Murali Nair said...
വളരെയധികം ആസ്വദിച്ചു വായിച്ചു ഈ കഥ..
മനസ്സിനും നാവിനും പിടിതരാത്ത 'ഴ' യുടെ കൂടെ ഒരു യാത്ര..
വെല്‍ ഡണ്‍ സര്‍...
February 22, 2010 1:47 AM
kozhikkodan said...
എഴുപത് കൊല്ലം ശലഭങ്ങളെപ്പോലെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍....
February 24, 2010 2:29 AM
സലാഹ് said...
കഥയില് ഫാന്റസിയും റിയാലിറ്റിയും പിണഞ്ഞുകിടക്കുകയാണോ. നന്നായിവായിച്ചു
April 19, 2010 6:16 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ