2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വാണിമേലെ കാക്കകള്‍




  • വാണിമേലെ കാക്കകള്‍




വാണിമേലെ കാക്കകള്‍ ഉറങ്ങാറില്ല. പാതിരാവിലും അവ കാറിക്കരഞ്ഞുകൊണ്ടേയിരിക്കും.
നേരം കെട്ട നേരങ്ങളില്‍ നാട്ടിലാകെ പാറിപ്പറന്ന് ഒച്ചവെക്കുന്ന കാക്കകള്‍ പരേതാത്മാക്കളാണെന്നാണ് രാമന്‍വൈദ്യരുടെ മതം.
കാക്കയുടെ ഓരോ ചലനത്തിനും വൈദ്യര്‍ അര്‍ഥം കണ്ടെത്തിയിരുന്നു. വാലിളക്കാതെ രണ്ടോമൂന്നോ കരഞ്ഞാല്‍ വിരുന്നുകാരുടെ വരവായി. കരയുമ്പോള്‍ വാല്‍ ഏത് ദിശയിലാണോ ആ ദിശയിലെ ആദ്യത്തെ വീട്ടില്‍ വിരുന്നുകാരെത്തും. വിരുന്നുകാര്‍ അര്‍ഥവും ഐശ്വര്യവുമായി വരുമെന്നും തന്റെ പഴകിയ കഷായക്കൂട്ടുകള്‍ വില്‍പന നടക്കുമെന്നും അദ്ദേഹം കരുതി.
കാക്ക, മരക്കൊമ്പിന്റെ തൂഞ്ചാനിക്കൊമ്പിലിരുന്ന് വാലിട്ടടിച്ച് നിര്‍ത്താതെ കരഞ്ഞാല്‍ കാലന്‍ കയര്‍ എറിയും. കാക്കയുടെ കണ്ണുകള്‍ ഏത് ദിശയിലാണോ അതിനെതിര്‍വശത്തെ കുടുംബത്തിലാരെങ്കിലും മരിക്കും. തെക്കേലെ കണാരന്റെ മരണവും ഇമ്പിച്ചാലി മരക്കാന്റെ മരണവും വൈദ്യര്‍ പ്രവചിച്ചിരുന്നു.
കഷായക്കൂട്ടുകള്‍ക്ക് ചെലവില്ലാതായപ്പോള്‍ വൈദ്യര്‍ പ്രവചനങ്ങളുടെ വൈദ്യരായി. വരുന്നത് കാലനോ വിരുന്നുകാരോ എന്ന് വേര്‍തിരിച്ചു. നാട്ടുകാര്‍ക്ക് വൈദ്യരും കാക്കകളും മരണത്തിന്റെ പ്രവാചകരായി.
വൈദ്യര്‍ കാലത്തുണര്‍ന്ന് കുളിജപാദികള്‍ കഴിഞ്ഞാല്‍ സിമന്റുതിണ്ണയില്‍ നുറുക്കിയ അപ്പക്കഷണവുമായി പരേതാത്മാക്കളെ കാത്തിരിക്കും. രണ്ടോ മൂന്നോ കൈമുട്ടിയാല്‍ മതി. അവ എവിടുന്നെല്ലാമോ വിരുത്തിയ ചിറകുമായി മുറ്റത്ത് പറന്നെത്തും. ഒറ്റക്കാലിലും ഇരട്ടക്കാലിലും ചാടി നടക്കും.
വൈദ്യര്‍ അപ്പക്കഷണങ്ങള്‍ ഓരോന്നായി മുറ്റത്തേക്കെറിയുന്നു. അപ്പക്കഷണം കൊക്കിലാക്കാനുള്ള മത്സരത്തിനിടയില്‍ അവ പരസ്പരം ശണ്ഠ കൂടുകയും കൊത്തിപ്പറിക്കുകയും ചെയ്യും. കുഞ്ഞുങ്ങളോടെന്നപോലെ വൈദ്യര്‍ അപ്പോള്‍ ശാസിക്കും. ഓരോ കാക്കയേയും മരിച്ചുപോയ ബന്ധുക്കളുടെ പേരു നല്‍കിയാണ് വൈദ്യര്‍ വിളിച്ചത്.
പിന്നെപ്പിന്നെ ആര്‍ത്തിപൂണ്ട കാക്കകള്‍ മേലോട്ട് പറന്നുയരുകയും നിലത്തുവീഴുംമുമ്പെ അപ്പക്കഷണം കൊക്കിലാക്കുകയും ചെയ്യും. കാക്കപ്പടയുടെ തേര്‍വാഴ്ചയാണ് പിന്നീടവിടെ. അവ മുറ്റത്താകെ പറന്നും ചാടിയും കൂട്ടക്കരച്ചിലാകും. പരേതാത്മാക്കളുടെ അത്യാര്‍ത്തിയും അസൂയയും വൈദ്യര്‍ക്കിഷ്ടമായിരുന്നു.
അപ്പക്കഷണങ്ങള്‍ തീര്‍ന്നാല്‍ വൈദ്യര്‍ പരേതാത്മാക്കളുടെ വാലും തലയും നോക്കി നില്‍ക്കും. ഓരോന്നിന്റേയും പ്രവചനങ്ങള്‍ മനസ്സില്‍ രേഖപ്പെടുത്തി അയല്‍വീട്ടുകാരെ പേടിപ്പിക്കും.
ഇതാ വിരുന്നുകാര്‍ കിഴക്ക്ന്ന് പുറപ്പെട്ടിരിക്കുന്നു.
-തെക്കേപ്പറമ്പത്ത് കാലന്റെ കയറുവീഴും.
-അവ്വക്കറിന്റെ കുട്ടിക്ക് ദീനം വരാന്‍ പോകുന്നു.
പ്രവചനങ്ങളുടെ പൊള്ള വളയങ്ങള്‍ തീര്‍ത്ത് വൈദ്യര്‍ ഏകനായി അവയ്ക്കുള്ളില്‍ സമാധിയിരുന്നു. എങ്കിലും അയല്‍ക്കാര്‍ക്ക് വൈദ്യരേയും പ്രവചനങ്ങളേയും പേടിയായിരുന്നു.
പ്രവചനത്തെത്തുടര്‍ന്ന് അവ്വക്കറിന്റെ ഇളയകുട്ടി തൂറലുപിടിച്ച് മരിച്ചതും കുഞ്ഞിപ്പാറുവിന് അരപ്പിരിലൂസായതുമെല്ലാം അവരുടെ മനസ്സില്‍ ദൃഷ്ടാന്തങ്ങളാണ്.
ദുഃശകുനങ്ങളുടെ പ്രവാചകനായ വൈദ്യരോട് അവരെന്നും പകവെച്ചുകൂടി.
-'മരണം ആരടതായാലും മുന്‍കൂട്ടി പറയരുത്' അവ്വക്കര്‍ പറഞ്ഞു.
''വൈദ്യന് കരിനാക്കാ. കരിനാക്കന്‍ പറഞ്ഞാലൊക്കും'' കുഞ്ഞുട്ടിയമ്മ ശകാരിച്ചു.
ഒരു നാള്‍ വൈദ്യരു കൊടുത്ത അപ്പക്കഷണങ്ങള്‍ ആകെയും തിന്ന് ഒരു കാക്കസുന്ദരന്‍ വൈദ്യരുടെ വരിക്കപ്ലാവിന്റെ തൂഞ്ചാനിക്കൊമ്പത്തിരുന്ന് വാലിട്ടടിച്ച് നിര്‍ത്തലില്ലാതെ കരഞ്ഞു.
വൈദ്യര്‍ ഏറെ നേരം നോക്കിനിന്നു. കാക്കയുടെ കണ്ണുകളുടെയും വാലിന്റെയും ഗതി കാലന്റെ വരവ് സ്വന്തം വീട്ടിലേക്കു തന്നെ എന്ന് വൈദ്യരെ ബോധ്യപ്പെടുത്തി. സംശയം തീര്‍ക്കാന്‍ വൈദ്യര്‍ അവ്വക്കറെയും ദെച്ചുട്ടയെയും വിളിച്ചു കാണിച്ചു.
അവരും അതുതന്നെ പറഞ്ഞു.
- കാലന്റെ കയറ് വൈദ്യര്ടെ വീട്ടിലേക്കന്നെ. സംശല്യ.
അവ്വക്കര് കല്ലെടുത്തെറിഞ്ഞപ്പോള്‍ കാക്ക മറ്റൊരു മരത്തിന്റെ തൂഞ്ചാനക്കൊമ്പത്തിരുന്ന് വൈദ്യരുടെ വീട്ടിലേക്ക് കാലനെ വിളിച്ചുകൊണ്ടിരുന്നു.
നായക്കുരുണ പാറിയ കുട്ടിയുടെ അവസ്ഥയിലായി വൈദ്യര്‍. വൈദ്യര്‍ കുറേനേരം വീടിനു ചുറ്റും മണ്ടിനടന്നു. ഇടയ്ക്ക് തലയ്ക്കു കൈകൊടുത്ത് മണ്ണിലിരുന്നു. ഭാര്യയേയും കുട്ടികളേയും തെറിവിളിച്ചു.
കാലന്‍ കാക്കയ്ക്ക് സഹായമായി ഒരു കാക്കക്കൂട്ടം തന്നെ പറന്നുവന്നു. പരേതാത്മാക്കളൊന്നായി വൈദ്യരുടെ വീടിനുചുറ്റും പറന്ന് കാലനെ കാറിവിളിച്ചു.
കാക്കക്കൂറ്റ് അയല്‍ക്കാരുടെ തലച്ചോറില്‍ മരണവിളിയായി. വൈദ്യരോടുള്ള പക പൊട്ടിയൊലിച്ചപ്പോള്‍ വൈദ്യരുടെ വെപ്രാളം അവര്‍ക്ക് തമാശയായി. അതവര്‍ക്കൊരു ഹരമായി. സ്വന്തം വീടുകളിലൊളിഞ്ഞിരുന്ന് ചിരിക്കുകയും ശകുനം നോക്കി വൈദ്യരുടെ ദുരവസ്ഥയില്‍ ആഹ്ലാദിക്കുകയും ചെയ്തു. നഖം ഉരച്ചു ശാപത്തിന് ശക്തികൂട്ടി.
കാലന്റെ കയറേറില്‍നിന്ന് രക്ഷപ്പെട്ടോടാനുള്ള വ്യഗ്രതയായിരുന്നു വൈദ്യര്‍ക്ക്. ഭാര്യയേയും കുട്ടികളേയും തുണിമാറാന്‍പോലും അനുവദിക്കാതെ വൈദ്യര്‍ വീടുപൂട്ടിയിറങ്ങി. പിന്‍ഭാഗത്തെ മൈലാഞ്ചിവേലിചാടിക്കടന്ന്, പുതുക്കയം പുഴയും മരതാലമലയും താണ്ടി കുന്നായകുന്നുകളെല്ലാം കയറി മറിഞ്ഞ് വൈദ്യരും കുടുംബവും നെട്ടോട്ടമോടി.
വൈദ്യരുപോയിട്ടും കാക്കക്കൂറ്റ് നിലച്ചില്ല. അവ വീടിനുചുറ്റും പാറിനടന്ന് മത്സരിച്ച് നിലവിളികൂട്ടി. അതിലൊരു തടിയന്‍, കഴുത്തില്‍ വെള്ള വട്ടവും നെറ്റിയില്‍ ചാരപ്പൊട്ടുമുള്ളവന്‍, അടയ്ക്കാന്‍ മറന്നുപോയ ജാലക കമ്പിയില്‍ വന്നിരുന്ന് വൈദ്യരെ വിളിച്ചു. വൈദ്യരെ കാണാതായപ്പോള്‍ ജാലകക്കമ്പി നൂണു കടന്ന് തറവാടിന്റെ ഇരുളകങ്ങളാകെയും പരതി, എന്തോ കണ്ട് ഭയന്നിട്ടെന്നപോലെ അത് തറവാടിനുള്ളില്‍ കിടന്ന് നിലവിളി തുടര്‍ന്നു.
ഒരു ജീവനെങ്കിലുമില്ലാതെ കാലന്‍ കയറ് തിരിച്ചെടുക്കില്ല. വൈദ്യരുടെ അഭാവത്തില്‍ കുരുക്ക് സ്വന്തം കഴുത്തിലേക്കുവീഴുമോ എന്നായിരുന്നു അയല്‍ക്കാരുടെ പേടി. അവര്‍ സ്വന്തം പറമ്പുകളിലെത്തുന്ന കാക്കകളെ കല്ലെറിഞ്ഞോടിച്ചു. ചിലര്‍ കണ്ണാടിയില്‍ സൂര്യനെ വാങ്ങി കാക്കക്കണ്ണുകളിലേക്ക് വെളിച്ചമടിച്ച് അവറ്റയെ പേടിപ്പെടുത്തി.
കാക്കകള്‍ വൈദ്യരുടെ പറമ്പിലാകെ ചിതറിപ്പറന്ന് നിലവിളിച്ചു. കരഞ്ഞുതളരുമ്പോള്‍ അവ എന്തോ പരതി തറവാടിന്റെ ഇരുളകങ്ങളിലേക്ക് പറന്നിറങ്ങി.
അതികാലത്ത് അപ്പക്കഷണത്തിനാണെന്ന നിലയില്‍ മുറ്റത്ത് പറന്നെത്തി അവ വൈദ്യരെ വിളിച്ചു. വൈദ്യരെ കണ്ടതുമില്ല.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ കാക്കകള്‍ തറവാടുപേക്ഷിച്ചു. മറുകണ്ടങ്ങളില്‍ പാറിനടന്ന് അന്യരുടെ മരക്കൊമ്പുകളിലും തെങ്ങിന്‍കുരലിലും ചേക്കേറി. രാത്ര ികാലങ്ങളില്‍ അവ ഒന്നായി കാലനേയും വൈദ്യരേയും മാറിമാറി വിളിച്ചു.
അയല്‍ക്കാരുടെ രാത്രികള്‍ ഉല്‍കണ്ഠയുടെയും പരിഭ്രാന്തിയുടെയും കാളരാത്രികളായി. അവര്‍, ഏതു നിമിഷവും തങ്ങളുടെ നേര്‍ക്ക് നീണ്ടുവരുന്ന കാലന്റെ കയറിനെപ്പേടിച്ച് കണ്ണടയ്ക്കാതെ കഴിച്ചുകൂട്ടി.
കാലന്റെ കുരുക്കില്‍ ആരെങ്കിലും കഴുത്തിട്ട് കൊടുക്കാതെ രക്ഷയില്ല. മനുഷ്യന്‍ തോറ്റാലും കാലന്‍ തോല്‍ക്കില്ല.
രാത്രികാലങ്ങളില്‍ ശക്തിയുള്ള ഞെക്കുവിളക്കുകള്‍ ഞെക്കി അവര്‍ സ്വന്തം പറമ്പില്‍നിന്ന് കാക്കകളെ ആട്ടിയകറ്റി. പറന്നിരിക്കാന്‍ കൊമ്പുകളില്ലാതായതോടെ അവ കലപില മുറവിളിയായി.
നാട്ടിലാര്‍ക്കും ഉറങ്ങാന്‍ ധൈര്യം വന്നില്ല. കണ്ണടച്ചാല്‍ അവരറിയാതെ സ്വന്തം കഴുത്തില്‍ കുരുക്ക് വീഴും.
രണ്ടുനാള്‍കൂടി കഴിഞ്ഞപ്പോള്‍ രക്ഷിതാക്കളുടെ എല്ലാ ഭീഷണിയും മറന്ന് കുട്ടികള്‍ അവിടെയും ഇവിടെയും വീണുറങ്ങി. അവര്‍ ഉടനെ കുട്ടികളുടെ തലയിലൂടെ തണുത്ത വെള്ളമൊഴിച്ച് അവരെ ഉറക്കത്തില്‍നിന്നും പിടിച്ചെണീപ്പിച്ചു. ഉറക്കമില്ലാതായകുഞ്ഞുങ്ങള്‍ കാക്കകളോടൊപ്പം നിലവിളിയായി. നാട്ടിലാകെ കുഞ്ഞുങ്ങളും കാക്കകളും നിലവിളിച്ച് അവിടം ഒരു നരകമാക്കി.
കുട്ടികള്‍ പകലുറക്കമായപ്പോള്‍ രക്ഷിതാക്കള്‍ അവരെ പാഠശാലയിലേക്കോടിച്ചു. മടികാണിച്ചവരെ വള്ളിത്തണ്ടെടുത്തടിച്ചോടിച്ചു. കുഞ്ഞുങ്ങളാകട്ടെ ക്ലാസുമുറികളിലും കളിക്കളത്തിലും മരച്ചുവടുകളിലും മതിമറന്നുറങ്ങി. രാത്രിയായിട്ടും ഉണര്‍ന്ന് വീട്ടിലെത്താത്ത കുട്ടികളെത്തേടി അമ്മമാര്‍ രാത്രിയില്‍ നിലവിളിച്ചോട്ടമായി. എവിടെയെങ്കിലും വീണുറങ്ങുന്ന കുട്ടികളുടെ കഴുത്തിലേക്ക് കാലന്‍ കുരുക്കെറിയുമോ എന്നായിരുന്നു രക്ഷിതാക്കളുടെ ആധി.
തന്റെ അയല്‍ക്കാരന്‍ മരിച്ചു കിട്ടണേയെന്ന് ഓരോ രക്ഷിതാവും രാപ്പകല്‍ പ്രാര്‍ത്ഥിച്ചു.
വാണിമേലിലാകെ മരണവെപ്രാളവും നിലവിളിയുമുണ്ടായി. നാട്ടുകാര്‍ ജീവിതത്തിനും കാലനുമിടയില്‍ ശ്വാസംമുട്ടി നില്‍ക്കെ ഒരുനാള്‍ വൈദ്യര്‍ തറവാട്ടില്‍ ആഗതനായി. അയല്‍പക്കത്തെവിടെനിന്നെങ്കിലും ഒരു ജീവനും കൊത്തി കാലന്‍ പറന്നുപോയിട്ടുണ്ടാകുമെന്നായിരുന്നു വൈദ്യരുടെ നിഗമനം.
തറവാട്ടുവാതില്‍ തുറന്നകത്തു കടന്നപ്പോള്‍ വൈദ്യര്‍ വിറച്ചുപോയി. പൂജാമുറിയിലെ വിഗ്രഹം ആരോ തട്ടിമറിച്ചിട്ടിരിക്കുന്നു. ദേവചിത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു. കണ്ണാടികള്‍ പൊട്ടിച്ചിതറി വീണിരിക്കുന്നു. കണ്ണാടിക്കഷണങ്ങളില്‍ അനേകം വൈദ്യമുഖം കണ്ട് അദ്ദേഹം നടുങ്ങി.
വീണ്ടും ദുഃശകുനങ്ങളുടെ ഘോഷയാത്ര. കണ്ണാടിക്കഷണങ്ങളില്‍നിന്ന് കാക്കത്തൂവലുകള്‍ ഒന്നൊന്നായി വൈദ്യര്‍ പെറുക്കിയെടുത്തു.
ഒരാഴ്ചയിലേറെ പരേതാത്മാക്കളെ പട്ടിണിക്കിട്ടതില്‍ വൈദ്യന് പേടിയായി. അവരുടെ ശാപം തറവാട്ടില്‍ ഇടിത്തീ വീഴ്ത്തുമെന്ന് വൈദ്യര്‍ക്കറിയാമായിരുന്നു. വിശന്ന് പൊരിഞ്ഞപ്പോള്‍ അവര്‍ ചെയ്ത വേലയായിരിക്കുമിതെന്ന് വൈദ്യര്‍ക്ക് മനസ്സിലായി.
സിമന്റുതിണ്ണയില്‍ പിടയുന്ന മനസ്സുമായി വൈദ്യര്‍ വന്നിരുന്നു. അദ്ദേഹം മുതുമുത്തച്ഛന്മാരെ കൈകൊട്ടി വിളിച്ചു.
ഒന്ന്....രണ്ട്.... മൂന്ന്
ബലിവിളിയുടെ കൈകൊട്ടു ശബ്ദം ഒരിടിമുഴക്കം പോലെ അയല്‍ക്കാര്‍ ശ്രവിച്ചു. അവരത് മരണവിളിയായി ഉള്‍ക്കൊണ്ടു. മരണ വെപ്രാളത്തിനും ഉറക്കച്ചടവിനുമിടയില്‍നിന്ന് ചാടിയെണീറ്റ് അവര്‍ വീടിനു പുറത്തിറങ്ങി. നിര്‍ത്തലില്ലാതെ കൈകൊട്ടി ബലിവിളിക്കുന്ന വൈദ്യരെയാണവര്‍ കണ്ടത്.
പുറം പറമ്പുകളില്‍ ചേക്കേറാന്‍ പോയ കാക്കകള്‍ ഒന്നൊന്നായി മുറ്റത്തു പറന്നിറങ്ങി. അവ മുറ്റത്താകെ പാറി നടന്ന് ലഹളകൂട്ടി. വൈദ്യരെ അരിശത്തോടെ ചെരിഞ്ഞും മറിഞ്ഞും നോക്കി. അപ്പക്കഷ്ണങ്ങള്‍ വീഴാതായപ്പോള്‍ അവ ഒന്നായി കാറിക്കരഞ്ഞു.
പരേതാത്മാക്കള്‍ക്കു കൊടുക്കാന്‍ തന്റെ കയ്യില്‍ അപ്പക്കഷണമില്ലല്ലോ എന്ന അറിവില്‍ വൈദ്യര്‍ ശരിക്കും നടുങ്ങി.
അപ്പക്കഷണം കിട്ടാതായതോടെ കാക്കകള്‍ ബഹളമായി. അവ പറന്നും ചാടിയും മുറ്റത്ത് യുദ്ധക്കളം തീര്‍ത്തും കൂരമ്പുപോലെ വൈദ്യരുടെ തലയ്ക്കു ചുറ്റും കാറിക്കരഞ്ഞ് പറക്കാന്‍ തുടങ്ങി.
അതിലൊരു തടിയന്‍, കഴുത്തില്‍ വെള്ള വട്ടവും നെറ്റിയില്‍ ചാരപ്പൊട്ടുമുള്ളവന്‍ ഒരമ്പുപോലെ പറന്ന് വൈദ്യരുടെ നെറ്റിയില്‍ കൊത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ അന്തം വിട്ടുപോയ വൈദ്യര്‍ നിലവിളിച്ചു. നെറ്റിയില്‍നിന്ന് ചോര ഒലിച്ചിറങ്ങുന്നത് വൈദ്യരറിഞ്ഞു.
എഴുന്നേറ്റോടാന്‍ തുനിഞ്ഞപ്പോള്‍ കാലുവെക്കാനിടം ഇല്ലാതെ കാക്കകള്‍ നിലത്ത് പറന്നിരുന്ന് നിലവിളിയായി.
പിന്നെ കാക്കക്കൂറ്റുകളില്‍ നിലതെറ്റിയ വൈദ്യര്‍ക്ക് നേരെ അവ ഒന്നൊന്നായി കല്ലേറുപോലെ പറന്നു കൊത്തി. അവ കൂട്ടമായി വൈദ്യരെ ആക്രമിച്ചു. കാക്കകള്‍ തീര്‍ത്ത യുദ്ധക്കളത്തില്‍ വൈദ്യരുടെ മരണനിലവിളി മുങ്ങിപ്പോയി.
കൊടുങ്കാറ്റിന്റെ വേഗതയായിരുന്നു കാക്കകള്‍ക്ക്. കടലിരമ്പത്തിന്റെ മുഴക്കമായിരുന്നു. കല്ലേറിന്റെ ഊക്കും കയ്യൂക്കിന്റെ കരുത്തുമായിരുന്നു.
വെടിയുണ്ടയേക്കാള്‍ വേഗത്തിലും ആഴത്തിലും അവ കൊക്കുകള്‍ കൊത്തിയാഴ്ത്തി. ചോര തെറിക്കുന്ന കൊക്കുമായി അവ വൈദ്യരെ ആക്രമിച്ചുകൊണ്ടിരുന്നു.
നെറ്റിയില്‍ ചാരപ്പൊട്ടുള്ള കാക്ക കല്ലേറുപോലെവന്ന് വൈദ്യരുടെ വലംകണ്ണില്‍ കൊത്തി. മറ്റൊരുവന്‍ ഇടംകണ്ണില്‍ കൊത്തി. അവ വൈദ്യരുടെ കണ്ണുകളും കൊക്കിലാക്കി ഒരമ്പുപോലെ ആകാശത്തിലേക്ക് പറന്നു.
മറ്റ് കാക്കകള്‍ ഏതോ കുടിപ്പക തീര്‍ക്കുംപോലെ കൂട്ടമായി വൈദ്യരെ ആക്രമിച്ചു. കൊക്കിനുള്ളില്‍ ചോര നിറച്ച് അവ കാക്കക്കുളി നടത്തി. കറുത്ത മേനിയില്‍ ചോര തെറിപ്പിച്ച് അവ ഉത്സവമാടി.

3 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

ഇവിടെ വായിച്ചതിലും കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം, കഥയും നന്നായിട്ടുണ്ട്

സലാഹ് പറഞ്ഞു...

വാണിമേലെ കാക്കകളുടെ മാത്രം പ്രത്യേകതയാണെന്നു തോന്നുന്നു.
നന്നായി ഇക്കാ

asrus..ഇരുമ്പുഴി പറഞ്ഞു...

ഇനിയിപ്പോ....മൊയ്തു 'കാക്ക' യെയും പേടിക്കണമല്ലോ...
.
.
.നന്നായിട്ടുണ്ട് ...